യുപിയില്‍ മകളെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി നല്‍കി; പിന്നാലെ പിതാവ് ട്രക്ക് ഇടിച്ച് മരിച്ചു
പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് പിതാവിന് ഭീഷണിയുണ്ടായിരുന്നുവെന്ന് പരാതി
ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. മകള്‍ ബലാത്സംഗത്തിനിരയായെന്ന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പിതാവ് വാഹനാപകടത്തില്‍ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. മകളെ ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി കൊണ്ടുപോയതായിരുന്നു പിതാവ്. ചായ കുടിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ട്രക്ക് ഇടിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളുടെ ആളുകളില്‍ നിന്ന് പിതാവിന് ഭീഷണിയുണ്ടായിരുന്നു. പ്രതികളായ ദീപു യാദവിന്‍റെയും സൌരഭ് യാദവിന്‍റെയും പിതാവ് യുപി പൊലീസിലെ എസ്ഐയാണ്. ബലാത്സംഗ കേസിലെ മൂന്നാം പ്രതി ഗോലു യാദവ് അറസ്റ്റിലായി.
'എന്‍റെ അച്ഛന്‍ എസ്ഐയാണ്' എന്ന് പറഞ്ഞാണ് മുഖ്യപ്രതികളുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. വാഹനാപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷണം നടത്തുമെന്നും കാന്‍പൂരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു.
എല്ലാവരും പെണ്‍കുട്ടിക്കൊപ്പമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് ഡോ.അലോക് തിവാരി പറഞ്ഞു. മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ട് കേസുകളും അന്വേഷിക്കുമെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.