'ദീദി എന്നെ രാവണന്‍, ചെകുത്താന്‍, ഗുണ്ട എന്നൊക്കെ വിളിക്കുന്നു; എന്തിനിത്ര ദേഷ്യം?' മോദി
ബംഗാളിനെ വികസനത്തിലേക്കല്ല ഭിന്നതയിലേക്കാണ് മമത ബാനര്‍ജി നയിച്ചതെന്ന് മോദി കുറ്റപ്പെടുത്തി
തന്നോട് ഇത്രയും ദേഷ്യമെന്തിനെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെക്കുറിച്ച് എന്തൊക്കെ പറയുന്നു? ചിലപ്പോള്‍ രാവണനെന്ന് വിളിക്കുന്നു, ചിലപ്പോള്‍ ചെകുത്താൻ എന്ന്, മറ്റു ചിലപ്പോള്‍ ഗുണ്ടയെന്നും.. എന്താ ദീദി ഇത്ര ദേഷ്യം?നരേന്ദ്ര മോദി
#WATCH: "...a lot has been said about me.. sometimes Ravan, sometimes devil, sometimes goon.. Didi, why so angry?" says Prime Minister Narendra Modi at Kolkata's Brigade Parade Ground pic.twitter.com/tx7JqqzZ6T
— ANI (@ANI) March 7, 2021
ബംഗാളിനെ വികസനത്തിലേക്കല്ല ഭിന്നതയിലേക്കാണ് മമത ബാനര്‍ജി നയിച്ചതെന്ന് മോദി കുറ്റപ്പെടുത്തി. അതുകൊണ്ടാണ് ബംഗാളില്‍ താമര വിടരുന്നത്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മമത. തനിക്ക് വര്‍ഷങ്ങളായി ദീദിയെ അറിയാം. പണ്ട് ഇടതുപക്ഷത്തിനെതിരെ ശബ്ദം ഉയര്‍ത്തിയ ദീദിയല്ല ഇപ്പോഴുള്ളത്. മറ്റാരുടേയോ ഭാഷയിലാണ് അവര്‍ സംസാരിക്കുന്നത്. മറ്റാരോ ആണ് അവരെ നിയന്ത്രിക്കുന്നതെന്നും മോദി ആരോപിച്ചു.
പെട്രോള്‍, ഡീസല്‍ വര്‍ധനക്കെതിരെ മമത ബാനർജി സ്കൂട്ടർ ഓടിച്ചു പ്രതിഷേധിച്ചതിനെയും മോദി പരിഹസിച്ചു. സ്കൂട്ടറിൽ നിന്നു വീഴാതിരുന്നത് നന്നായി. സ്കൂട്ടർ ഭവാനിപുരിന് പകരം നന്ദിഗ്രാമിലേക്കാണ് തിരിഞ്ഞത്. ആർക്കും പരിക്കു പറ്റാതിരിക്കട്ടെ. പക്ഷേ സ്കൂട്ടർ നന്ദിഗ്രാമിൽ വീഴാൻ തീരുമാനിച്ചാൽ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നും മമത നന്ദിഗ്രാമില്‍ മത്സരിക്കുന്നതിനെ കുറിച്ച് മോദി പറഞ്ഞു.
മമത ബാനർജി ഭരിക്കുന്നത് മരുമകന് വേണ്ടിയാണെന്നും ബ്രിഗേഡ് മൈതാനിയിലെ ജനക്കൂട്ടം തൃണമൂൽ കോൺഗ്രസിന്റെ പതനത്തിന്റെ സൂചനയാണെന്നും മോദി പറഞ്ഞു. ബിജെപിയെ അനുഗ്രഹിക്കാൻ ബംഗാളിലെ ജനങ്ങൾ തയ്യാറായി കഴിഞ്ഞു. ഈ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത 25 വർഷത്തേക്കുള്ള ബംഗാളിന്റെ തറക്കല്ല് ഇടലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിൽ തന്നെ കാണുമെന്നും ബംഗാളിലല്ല, ഡൽഹിയിലാണ് മാറ്റം ഉണ്ടാവാൻ പോകുന്നതെന്നും മമത തിരിച്ചടിച്ചു.