മണ്ഡലം സിപിഎമ്മിന് വിട്ടുനൽകി; ബിജെപിയിൽ ചേര്‍ന്ന് ഡിഎംകെ എംഎൽഎ
"പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബിജെപിയിൽ വീണ്ടും ചേരുകയാണ്. ഏറെ സന്തോഷവാനാണ്"
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഡിഎംകെ എംഎൽഎ പി ശരവണൻ ബിജെപിയിൽ ചേർന്നു. തിരുപ്പരംകുണ്ട്രം എംഎൽഎയാണ് ശരവണൻ. മണ്ഡലം ഇത്തവണ സിപിഎമ്മിന് വിട്ടു നൽകിയതിനെ തുടർന്നാണ് ഇദ്ദേഹത്തിന് മത്സരിക്കാൻ അവസരമില്ലാതായത്.
2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മണ്ഡലത്തിൽ നിന്ന് ശരവണൻ സഭയിലെത്തിയത്. 'ആറ് വർഷം മുമ്പ് ഞാൻ ബിജെപി അംഗമായിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബിജെപിയിൽ വീണ്ടും ചേരുകയാണ്. ഏറെ സന്തോഷവാനാണ്. രാജ്യത്തിന് മാത്രമല്ല മോദി കോവിഡ് വാക്‌സിൻ നൽകിയത്. ലോകത്തുടനീളം നൽകി. നമ്മുടെ നേതൃത്വത്തിന്റെ കഴിവാണിത്. ആർക്കും നിഷേധിക്കാനാകില്ല' - വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
234 അംഗ സഭയിൽ 174 മണ്ഡലത്തിലാണ് ഡിഎംകെ മത്സരിക്കുന്നത്. 25 മണ്ഡലങ്ങളിൽ സഖ്യകക്ഷിയായ കോൺഗ്രസ് മത്സരിക്കുന്നു. ആറു സീറ്റിലാണ് സിപിഎം മത്സരരംഗത്തുള്ളത്.
ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.