ഹൈദരാബാദ്: സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള 'തെലങ്കാന വിദ്വേഷ പ്രസംഗം - വിദ്വേഷ കുറ്റകൃത്യങ്ങൾ (പ്രതിരോധ) ബിൽ, 2026' തെലങ്കാന നിയമസഭ സെലക്ട് കമ്മിറ്റിക്ക് വിട്ടു.
പ്രതിപക്ഷ പാർട്ടികളായ ബിജെപി, ബിആർഎസ് എന്നിവരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍, സെലക്ട് കമ്മിറ്റിക്ക് വിട്ടത്. ഏതാനും നിര്‍ദേശങ്ങളുമായി അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം രംഗത്ത് എത്തിയിരുന്നു.
ഗതാഗത മന്ത്രി പൊന്നം പ്രഭാകർ സഭയിൽ അവതരിപ്പിച്ച ബില്ലിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷയാണ് വിഭാവനം ചെയ്യുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ബിൽ ശുപാർശ ചെയ്യുന്നു. കൂടാതെ, ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ജാമ്യമില്ലാത്തതും പൊലീസിന് നേരിട്ട് കേസെടുക്കാവുന്നതും ആയിരിക്കും. എഴുത്തിലൂടെയോ വാക്കുകളിലൂടെയോ ആംഗ്യങ്ങളിലൂടെയോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ എതിരായി വിദ്വേഷം, ശത്രുത, അപകീർത്തി എന്നിവ പരത്തുന്നത് കുറ്റകരമാണ്.
കുറ്റത്തിന്റെ തീവ്രത അനുസരിച്ച് ജയിൽ ശിക്ഷയും കനത്ത പിഴയും. സഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസ്, ബിജെപി, എഐഎംഐഎം, സിപിഐ തുടങ്ങിയ പാർട്ടികളിൽ നിന്നുള്ള 14 അംഗങ്ങൾ പങ്കെടുത്തു. ബില്ലിലെ വ്യവസ്ഥകൾ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ചേക്കാമെന്ന ആശങ്ക ബിജെപി പ്രകടിപ്പിക്കുകയും ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വരും തലമുറയെയും സമൂഹത്തെയും വിദ്വേഷ പ്രചാരണങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
കൂടുതൽ വ്യക്തതയ്ക്കായി ബിൽ വിശദമായി പരിശോധിക്കാൻ സെലക്ട് കമ്മിറ്റിക്ക് വിടാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു.