ബിഹാർ ആവർത്തിക്കുമെന്ന ഭയം; തമിഴ്‌നാട്ടിൽ കോൺഗ്രസിനെ 25 സീറ്റിൽ 'ഒതുക്കി' ഡിഎംകെ

മത്സരിക്കാൻ കൂടുതൽ മണ്ഡലങ്ങൾ വാങ്ങുന്നതിന് പകരം കിട്ടുന്ന സീറ്റിൽ ജയമുറപ്പിക്കണമെന്ന നിർദേശമാണ് ഹൈക്കമാൻഡ് നൽകിയത്

Update: 2021-03-07 03:40 GMT

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സീറ്റു ധാരണ പൂർത്തിയായി. 25 സീറ്റാണ് ഡിഎംകെ സഖ്യകക്ഷിക്കായി വിട്ടു കൊടുത്തത്. 30 സീറ്റു വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ചോദിച്ച സീറ്റുകൾ കിട്ടിയില്ലെങ്കിൽ സഖ്യം വിടുമെന്ന ഭീഷണികൾക്കിടെയാണ് ഇരുകക്ഷികളും തമ്മിൽ ശനിയാഴ്ച രാത്രി ധാരണയിലെത്തിയത്. പ്രഖ്യാപനം ഉടനുണ്ടാകും.

അസംബ്ലി സീറ്റുകൾക്ക് പുറമേ, കന്യാകുമാരി ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തും. എച്ച് വസന്ത്കുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഒരു രാജ്യസഭാ സീറ്റും കോൺഗ്രസിന് ലഭിക്കും.

Advertising
Advertising

ഡിഎംകെ അധ്യക്ഷൻ സ്റ്റാലിന്റെ വീട്ടിൽ നടന്ന ചർച്ചയിൽ കോൺഗ്രസ് നേതാക്കളായ ദിനേശ് ഗുണ്ടു, കെഎസ് അഴഗിരി, കെആർ രാമസ്വാമി തുടങ്ങിയവർ പങ്കെടുത്തു.

കോൺഗ്രസ് ചോദിച്ച സീറ്റുകൾ ഡിഎംകെ വിട്ടുകൊടുത്തില്ല എന്നാണ് ശ്രദ്ധേയം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സഖ്യം വിടണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടതും ആശങ്കയുണ്ടാക്കി. കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി സഹകരിക്കണമെന്ന നിലപാടിലായിരുന്നു ഇവർ. എന്നാൽ പിന്നീട് നേതാക്കൾ വഴങ്ങുകയായിരുന്നു.

ഹൈക്കമാൻഡിന്റെ നിലപാടും ധാരണയിൽ പ്രതിഫലിച്ചു. മത്സരിക്കാൻ കൂടുതൽ മണ്ഡലങ്ങൾ വാങ്ങുന്നതിന് പകരം കിട്ടുന്ന സീറ്റിൽ ജയമുറപ്പിക്കണമെന്ന നിർദേശമാണ് ഹൈക്കമാൻഡ് നൽകിയത്. ബിഹാർ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുമ്പിലുള്ള സാഹചര്യത്തിലാണ് ദേശീയ നേതൃത്വം ഇത്തരത്തിലുള്ള നിലപാടിലേക്ക് എത്തിയത് എന്ന് കരുതപ്പെടുന്നു.

2016ൽ 41 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ ഏഴു സീറ്റിൽ മാത്രമാണ് പാർട്ടിക്ക് ജയിക്കാനായത്. പത്തു വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്താൻ ലക്ഷ്യമിടുന്ന ഡിഎംകെ പരമാവധി സീറ്റുകളിൽ മത്സരിക്കാനാണ് താത്പര്യമെടുത്തത്. ബിഹാർ മോഡലിൽ കൂടുതൽ സീറ്റ് കോൺഗ്രസിന് വിട്ടു നൽകിയാൽ അത് തിരിച്ചടിയുണ്ടാക്കുമെന്നും പാർട്ടി ഭയന്നു.

മുസ്‌ലിംലീഗിന് മൂന്നു സീറ്റും മനിതേയ മക്കൾകച്ചിക്ക് രണ്ടു സീറ്റും നൽകാൻ നേരത്തെ ധാരണയായിരുന്നു. സിപിഐ, എംഡിഎംകെ, വികെസി കക്ഷികൾ ആറു വീതം സീറ്റിൽ മത്സരിക്കും. ഏപ്രിൽ ആറിന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

ബിഹാറിൽ സംഭവിച്ചത്

ബിഹാറിൽ കഴിഞ്ഞ വർഷം അവസാനം നടന്ന തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. 243 അംഗ സഭയിൽ എഴുപതിടത്ത് മത്സരിച്ച കോൺഗ്രസിന് 19 സീറ്റിൽ മാത്രമാണ് ജയിക്കാനായിരുന്നത്. രാഷ്ട്രീയ ജനതാദൾ 75 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എങ്കിലും കോൺഗ്രസിന് സീറ്റു കുറഞ്ഞത് മൂലം സഖ്യത്തിന് അധികാരത്തിൽ എത്താൻ കഴിയാതെ പോയി.

തമിഴ്‌നാട്ടിൽ ഇത്തരമൊരു സാഹചര്യമുണ്ടാകരുത് എന്ന നിർബന്ധത്തിലായിരുന്നു ഡിഎംകെ. പാർട്ടി അധ്യക്ഷൻ സ്റ്റാലിൻ ഇക്കാര്യത്തിൽ കടുംപിടുത്തം തുടർന്നതോടെ കോൺഗ്രസ് വഴങ്ങാൻ നിർബന്ധിതമാകുകയായിരുന്നു.

Tags:    

Similar News