36 ട്രില്യന്‍ ഡോളര്‍ കടം; അമേരിക്ക വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കോ?
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി വരവിനെക്കാള്‍ 1.8 ട്രില്യന്‍ ഡോളര്‍ അധികമാണ് യു.എസ് ഭരണകൂടത്തിന്‍റെ ചെലവ്. തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷമാണ് വരവും ചെലവും തമ്മില്‍ ഒരുനിലയ്ക്കും ഒത്തുപോകാതെ, ഒരു ട്രില്യന്‍ ഡോളറിനു മീതെ ധനക്കമ്മി റിപ്പോര്‍ട്ട് ചെയ്യുന്നത്
വാഷിങ്ടണ്‍: ഇറക്കുമതിച്ചുങ്കം കൂട്ടി ലോകരാഷ്ട്രങ്ങളെ മുഴുവന്‍ വിരട്ടിനിര്‍ത്താന്‍ നോക്കുകയാണ് ട്രംപ് ഭരണകൂടം. ചൈന ഒഴിച്ചുള്ള മിക്ക രാജ്യങ്ങളും അമേരിക്കയുടെ ഭീഷണിക്കു മുന്നില്‍ കീഴടങ്ങുകയും ചെയ്തു. പുറത്ത് ഭീഷണികളും വീരസ്യവും തുടരുമ്പോഴും, അകത്ത് അത്ര കരുത്തരല്ല അമേരിക്ക എന്ന റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. കൊടും കടക്കെണിയില്‍ പെട്ടുകിടിക്കുകയാണിപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തി.
വമ്പന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് അമേരിക്ക പോകുന്നതെന്ന സൂചനകളാണു പുറത്തുവരുന്നത്. 36 ട്രില്യന്‍ ഡോളര്‍ ആണ് അമേരിക്കയുടെ കടബാധ്യത. ഏകദേശം 3,080 ലക്ഷം കോടി രൂപ വരുമിത്. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും തിരിച്ചടയ്ക്കാനുള്ളതാണ് അത്രയും ഭീമമായ തുക.
വലിയൊരു പങ്കും അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കു തന്നെയാണു നല്‍കാനുള്ളത്. ഏകദേശം 27.2 ട്രില്യന്‍ ഡോളറോളം വരുമത്. അതില്‍ 42 ശതമാനം, അഥവാ 15.16 ട്രില്യന്‍ ഡോളര്‍, സ്വകാര്യ നിക്ഷേപകരും നിക്ഷേപ സ്ഥാപനങ്ങളും മ്യൂച്ചല്‍ ഫണ്ടും പെന്‍ഷന്‍ ഫണ്ടും സേവിങ് ബോണ്ട്‌സുമെല്ലാമായി നല്‍കിയതാണ്. 7.36 ട്രില്യന്‍ ഡോളര്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും ട്രസ്റ്റുകള്‍ക്കുമാണു നല്‍കാനുള്ളത്. 4.63 ട്രില്യന്‍ ഡോളര്‍ യു.എസ് സെന്‍ട്രല്‍ ബാങ്കിനും നല്‍കാനുണ്ട്. ബാക്കിയുള്ള 9.05 ട്രില്യന്‍ ഡോളര്‍ വിദേശ നിക്ഷേപകര്‍ക്കുള്ള കടമായി കിടക്കുകയാണ്. ശതകോടീശ്വരനായ വാറന്‍ ബഫറ്റ് ആണ് സ്വകാര്യ വ്യക്തികളില്‍ സര്‍ക്കാരിനു കടബാധ്യതയുള്ളവരില്‍ മുന്നിലുള്ളത്. അദ്ദേഹത്തിന്റെ ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേയ്ക്ക് 314 ബില്യന്‍ ഡോളറാണ് യു.എസ് ട്രഷറി തിരിച്ചടയ്ക്കാനുള്ളത്.
അമേരിക്കയുടെ സാമ്പത്തികസ്ഥിതിയെ കുറിച്ച് ആഗോളതലത്തില്‍ വന്‍ ആശങ്കകള്‍ ഉയരുകയാണ്. യു.എസിലെ മുന്‍നിര ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനികളിലൊന്നും ആഗോളപ്രശസ്ത സാമ്പത്തിക ഗവേഷണ സ്ഥാപനവുമായ മൂഡീസ് ഇക്കഴിഞ്ഞ മെയ് 16നു നടത്തിയ ഒരു സുപ്രധാന നീക്കമാണു പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ്ങിനെ, അഥവാ കടമെടുക്കല്‍ ശേഷിയെ നിര്‍ണയിക്കുന്ന സ്‌കോര്‍നില താഴ്ത്തിയിരിക്കുകയാണ് കമ്പനി. ഒരു നൂറ്റാണ്ടിലേറെക്കാലമായി, കൃത്യമായി പറഞ്ഞാല്‍ 1919 മുതല്‍ 'ട്രിപ്പില്‍ എ' എന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറില്‍നിന്ന് ഒരിക്കല്‍ പോലും അമേരിക്ക താഴോട്ടിറങ്ങിയിട്ടില്ല. ഇപ്പോഴിതാ, അതും സംഭവിച്ചിരിക്കുന്നു. 'എഎ1' എന്ന സ്‌കോറിലേക്കാണ് അവരെ തരംതാഴ്ത്തിയിരിക്കുന്നത്. അമേരിക്ക എന്ന ലോക സാമ്പത്തിക-സൈനിക-രാഷ്ട്രീയ ശക്തിയെ പിടിച്ചുകുലുക്കാന്‍ പോകുന്ന സുപ്രധാനമായൊരു നടപടിയാണിതെന്നാണ് സാമ്പത്തിക വിദഗ്ധരെല്ലാം വിലയിരുത്തുന്നത്.
പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍, പ്രത്യേകിച്ചും വാങ്ങിയ വായ്പകളും കടങ്ങളും കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നതിലുള്ള കണിശതയും കൃത്യതയും നോക്കിയാണ് ക്രെഡിറ്റ് റേറ്റിങ് നിര്‍ണയിക്കുന്നത്. വ്യക്തികള്‍ മുതല്‍ സ്ഥാപനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കു വരെ സാമ്പത്തികസ്ഥിതിയും അച്ചടക്കവും പരിശോധിച്ച് റേറ്റിങ് ഇടുന്നുണ്ട്. ട്രിപ്പിള്‍ 'എ' ആണ് ഏറ്റവും മികച്ച സ്‌കോര്‍. പരിതാപകരമായ സ്ഥിതിയുള്ളവര്‍ക്കും പാപ്പരായവര്‍ക്കും നല്‍കുന്ന ഏറ്റവും മോശം സ്‌കോര്‍ 'ഡി'യുമാണ്. സാമ്പത്തിക ഇടപാടില്‍ എത്ര കണിശതയും കൃത്യതയും പുലര്‍ത്തുന്നോ അത്രയും പണം തരാന്‍ മാര്‍ക്കറ്റില്‍ ആളുകള്‍ വരിനില്‍ക്കും. റേറ്റിങ് അല്‍പമൊന്ന് കുറഞ്ഞാല്‍ മതി, അങ്ങോട്ട് പോയി കടം ചോദിച്ചാലും കിട്ടാന്‍ ഇത്തിരി വിയര്‍ക്കും. ചിലപ്പോള്‍ ഒന്നും ലഭിക്കുകയുമില്ല. അമേരിക്കയും നേരിടാന്‍ പോകുന്നത് ഈ സ്ഥിതിയാണ്. പണ്ടത്തെപ്പോലെ വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങളെ കിട്ടില്ല. നിക്ഷേപകര്‍ കൂട്ടത്തോടെ യു.എസ് മാര്‍ക്കറ്റ് വിടുന്ന സ്ഥിതിയിലേക്കും കാര്യങ്ങള്‍ എത്തിയേക്കാം. അമേരിക്കന്‍ സമ്പദ്ഘടനയെ തന്നെ ഒരുപക്ഷേ തകര്‍ത്തുകളയാന്‍ പോകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോയേക്കാം.
അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറയ്ക്കുന്ന ആദ്യത്തെ കമ്പനിയല്ല മൂഡീസ്. 2011ല്‍ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവേഴ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വിസസിനു കീഴിലുള്ള എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിങ്‌സ് ആണ് ആദ്യമായി റേറ്റിങ് കുറച്ചത്. 2023ല്‍ ഫിച്ച് റേറ്റിങ്‌സും എസ് ആന്‍ഡ് പിയുടെ പാത പിന്തുടര്‍ന്ന് സ്‌കോര്‍ കുറച്ചു. ഈ സമയത്തൊന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് പരിഹാര നടപടികളുണ്ടായില്ല. ഒടുവില്‍, അന്താരാഷ്ട്രപ്രശസ്ത റേറ്റിങ് ഏജന്‍സിയായ മൂഡീസിന്റെ പ്രഖ്യാപനം കൂടി വന്നതോടെ അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തില്‍ കത്തുന്ന വാര്‍ത്തയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ധനക്കമ്മി കുതിച്ചുയരാന്‍ തുടങ്ങിയിട്ട്. അത്രയും കാലത്തിനിടയില്‍ മാറിവന്ന ഭരണകൂടങ്ങളും കോണ്‍ഗ്രസുകളും ഈ പ്രതിസന്ധി തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് മൂഡീസ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡിനുപിന്നാലെ പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതോടെ സര്‍ക്കാരിന്റെ കടബാധ്യത കാരണമുള്ള പലിശഭാരവും പിടിവിട്ട് ഉയരുകയാണ്. ഈ വര്‍ഷം ഒരു ട്രില്യണ്‍ ഡോളറാകും പലിശബാധ്യത. 2017ല്‍ 263 ബില്യന്‍ ആയിരുന്നിടത്തുനിന്നാണ് ഈ കുതിച്ചുകയറ്റം.
ട്രംപിന്റെ പുതിയ ടാക്‌സ് കട്ടുകള്‍ കൂടി വരുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും. 36 ട്രില്യനും കടന്ന് കടബാധ്യത കുതിച്ചുയരും. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വരവിന്റെ, അല്ലെങ്കില്‍ ജി.ഡി.പിയുടെ 122 ശതമാനമാണ് ഇപ്പോഴത്തെ ബാധ്യത. ഓരോ യു.എസ് പൗരന്റെയും കടബാധ്യത 1.06 ലക്ഷം ഡോളര്‍ ആണെന്നും വേണമെങ്കില്‍ പറയാം. ഓരോ മൂന്നു മാസം കൂടുമ്പോഴും ഒരു ട്രില്യന്‍ ഡോളറാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ വലിയ തിരിച്ചടിയുണ്ടാക്കിയ തീരുവ നയങ്ങളും രാജ്യത്തെ സാമ്പത്തിക നയങ്ങളുമെല്ലാമാകുന്നതോടെ അതു കോടികള്‍ കടക്കാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് ബിസിനസ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി, സര്‍ക്കാര്‍ ചെലവും ആദായ നികുതി വരുമാനവും തമ്മിലുള്ള വ്യത്യാസം കൂടിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണം പറഞ്ഞാല്‍, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി വരവിനെക്കാള്‍ 1.8 ട്രില്യന്‍ ഡോളര്‍ അധികമാണ് യു.എസ് ഭരണകൂടത്തിന്‍റെ ചെലവ്. തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷമാണ് വരവും ചെലവും തമ്മില്‍ ഒരുനിലയ്ക്കും ഒത്തുപോകാതെ, ഒരു ട്രില്യന്‍ ഡോളറിനു മീതെ ധനക്കമ്മി വരുന്നത്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷം 2019ല്‍ പൊട്ടിപ്പുറപ്പെട്ട കൊറോണാ വൈറസ് പ്രതിസന്ധി കൂടി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
ധനക്കമ്മി മറികടക്കാന്‍ സാധാരണ കൂടുതല്‍ പണം കടം വാങ്ങിക്കൂട്ടുകയാണു ചെയ്യാറുള്ളത്. സാമൂഹിക സുരക്ഷ, ആരോഗ്യ പരിരക്ഷ, പ്രതിരോധം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കടമെടുക്കാന്‍ യു.എസ് കോണ്‍ഗ്രസ് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ആ പരിധിയും കടന്നാല്‍ പിന്നീട് കടം വാങ്ങാന്‍ കഴിയില്ല. അത്തരമൊരു ഘട്ടത്തില്‍ ഒന്നുകില്‍ കോണ്‍ഗ്രസ് കടപരിധി ഉയര്‍ത്തുകയോ ഒഴിവാക്കുകയോ ചെയ്യണം.
ലോകത്തെ മിക്ക രാജ്യങ്ങളും കരുതല്‍ കറന്‍സിയായി ഡോളറിനെയാണ് ആശ്രയിക്കുന്നത്. ആഗോള വ്യാപാര ഇടപാടുകളുടെ വലിയൊരു പങ്കും നടക്കുന്നതും ഡോളറിലാണ്. ഭരണതലത്തില്‍ ധനക്കമ്മി കുതിച്ചുയരുമ്പോഴും ഈയൊരു ആനുകൂല്യത്തിലാണ് ഇത്രയും കാലം അമേരിക്ക കൂടുതല്‍ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകുന്നത്. എന്നാല്‍, ദിനംപ്രതി കടം പതിന്മടങ്ങ് ഇരട്ടിയായി കുതിച്ചുകയറുമ്പോള്‍ എത്രകാലം ഇങ്ങനെ അതിജീവിക്കാനാകുമെന്നതാണു പ്രസക്തമായ ചോദ്യം.
Summary: Will $36 trillion in debt push the United States into a major financial crisis?