മോദിയുടെ മുന്‍ ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തിയെ ഐഎംഎഫില്‍നിന്നു പുറത്താക്കിയതെന്തിന്? യൂനിയന്‍ ബാങ്കുമായി ചേര്‍ന്നുള്ള കൂട്ടുകച്ചവടത്തിനു പിന്നിലെന്ത്?

മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സ്തുതിഗീതങ്ങള്‍ പാടിനടന്നാണ് കൃഷ്ണമൂര്‍ത്തി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പദവിയിലും ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സ്ഥാനത്തും എത്തിയതെന്നാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആരോപിക്കുന്നത്

Update: 2025-05-17 13:58 GMT
Editor : Shaheer | By : Web Desk

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തോളം മോദി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നയാളാണ് കൃഷ്ണമൂര്‍ത്തി സുബ്രമണ്യന്‍. ദീര്‍ഘകാലം മോദിക്കും ബി.ജെ.പി ഭരണകൂടത്തിനും സാമ്പത്തിക ഉപദേശം നല്‍കിക്കൊണ്ടിരുന്നയാള്‍. അന്താരാഷ്ട്ര നാണയനിധി, അഥവാ ഐഎംഎഫില്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയരക്ടറായും അദ്ദേഹത്തെ കേന്ദ്രം നിയമിച്ചു. എന്നാല്‍, കഴിഞ്ഞ ഏപ്രില്‍ 30നാണ് കൃഷ്ണമൂര്‍ത്തിയെ പദവിയില്‍നിന്നു നീക്കം ചെയ്തതായി കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഉത്തരവ് വരുന്നത്. ലോക ബാങ്കിലും ഐഎംഎഫിലുമുള്ള ഇന്ത്യയുടെ 80 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു ആ നടപടി. തീര്‍ത്തും അപ്രതീക്ഷിതമായ നീക്കം. മോദിക്കും ബി.ജെ.പിക്കും അത്രയും പ്രിയപ്പെട്ടയാളെ, കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് തന്നെ എന്തുകൊണ്ട് കേന്ദ്രം ഇത്ര തിരക്കുപിടിച്ചു സ്ഥാനത്തുനിന്നു മാറ്റി എന്ന ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

Advertising
Advertising

2018 മുതല്‍ 2021 വരെയാണ് കൃഷ്ണമൂര്‍ത്തി സുബ്രമണ്യന്‍ മോദി സര്‍ക്കാരില്‍ മുഖ്യ സാമ്പത്തിക ഉപേദഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നത്. 2021ല്‍ സ്ഥാനത്തുനിന്നു മാറ്റിയ കേന്ദ്രം 2022ല്‍ അദ്ദേഹത്തെ ഐ.എം.എഫിലെ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയരക്ടറായി നിയമിക്കുകയായിരുന്നു. മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമനം. ഇന്ത്യയ്ക്കു പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളെ കൂടി പ്രതിനിധീകരിച്ചിരുന്നത് കൃഷ്ണമൂര്‍ത്തിയായിരുന്നു. എന്നാല്‍, കാലാവധി പൂര്‍ത്തിയാക്കുന്നതിന് ആറു മാസം മുന്‍പ് തന്നെ അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയിരിക്കുകയാണിപ്പോള്‍.

ഭരണകൂടത്തെയും രാഷ്ട്രീയ നേതൃത്വത്തെയും സുഖിപ്പിച്ചും പ്രകീര്‍ത്തിച്ചും അധികാരസ്ഥാനങ്ങള്‍ സ്വന്തമാക്കുന്നതായിരുന്നു കൃഷ്ണമൂര്‍ത്തിക്ക് എന്നും ശീലമെന്നു പറയുന്നത് മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ്. ആ വാദം ശരിവയ്ക്കാന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആയതു മുതലുള്ള ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്‍രെ മുന്നിലുണ്ട്. 2018ല്‍ ചീഫ് എക്‌ണോമിക് അഡൈ്വസറെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു ഗാര്‍ഗ്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലന്‍, ഡിപാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് സെക്രട്ടറി സി. ചന്ദ്രമൗലി എന്നിവരായിരുന്നു അദ്ദേഹത്തിനു പുറമെ സമിതിയിലുണ്ടായിരുന്നത്.

Full View

നടപടിക്രമങ്ങളുടെ ഭാഗമായി സെലക്ഷന്‍ സമിതി കൃഷ്ണമൂര്‍ത്തിയെ അഭിമുഖം നടത്തിയിരുന്നു. അയാള്‍ ആ സ്ഥാനത്തിനു യോഗ്യനല്ലെന്നാണ് അഭിമുഖത്തില്‍നിന്നു സമിതിക്കു ബോധ്യപ്പെട്ടതെന്നാണ് 'ദി ക്വിന്റി'ല്‍ എഴുതിയ ലേഖനത്തില്‍ സുഭാഷ് ചന്ദ്ര ഗാര്‍ഗ് വെളിപ്പെടുത്തിയിരിക്കുന്നത്. ഉപദേഷ്ടാവിന്റെ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മറ്റു ചില സാമ്പത്തിക വിദഗ്ധരെയും അന്ന് അഭിമുഖം നടത്തിയിരുന്നു. നിലവിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനും അക്കൂട്ടത്തിലുണ്ടായിരുന്നു. അന്ന് സിംഗപ്പൂര്‍ പൗരനായിരുന്നു നാഗേശ്വരന്‍. സര്‍വീസ് ചട്ടങ്ങള്‍ പരിശോധിച്ച് വിദേശിക്ക് സി.ഇ.എ ആകുന്നതില്‍ തടസമില്ലെന്നു വ്യക്തമാക്കിയ ശേഷം നാഗേശ്വരനെയായിരുന്നു സെലക്ഷന്‍ സമിതി സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. എന്തെങ്കിലും അടിയന്തര ഘട്ടത്തില്‍ വേണമെങ്കില്‍ പരിഗണിക്കാമെന്ന നിലയില്‍ കൃഷ്ണമൂര്‍ത്തിയുടെ പേരും രണ്ടാമതായി നിര്‍ദേശിച്ചു.

എന്നാല്‍, സെലക്ഷന്‍ സമിതിയെ ഞെട്ടിച്ചുകൊണ്ട് കൃഷ്ണമൂര്‍ത്തിയുടെ നിയമന വാര്‍ത്തയാണു പിന്നീട് പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനെയും കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയെയും സ്വാധീനിച്ചായിരുന്നു ആ നിയമനമെന്നാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആരോപിക്കുന്നത്. താനാണ് നാഗേശ്വരനെക്കാള്‍ യോഗ്യനെന്ന് ഓരോരുത്തരെയും കണ്ടു ധരിപ്പിക്കുകയായിരുന്നുവത്രെ അയാള്‍ ചെയ്തത്. ഒടുവില്‍ ബജറ്റിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് കൃഷ്ണമൂര്‍ത്തിയെ പരിചയപ്പെടുത്തുന്നതും അവതരിപ്പിക്കുന്നതും.

എപ്പോഴും സ്ഥാനമാനങ്ങള്‍ക്കു വേണ്ടി നടക്കുന്നയാളും അവസരവാദിയുമാണ് കൃഷ്ണമൂര്‍ത്തി എന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായതിനു ശേഷം കൂടെ പ്രവര്‍ത്തിച്ച ആറു മാസം കൊണ്ട് തനിക്കു ബോധ്യമായതെന്നും ഗാര്‍ഗ് വെളിപ്പെടുത്തുന്നുണ്ട്. എപ്പോഴും അധികാരികളുടെ കണ്ണിലുണ്ണിയാകാനായിരുന്നു അദ്ദേഹത്തിന്റെ തീവ്രശ്രമങ്ങള്‍. എന്നാല്‍, സാമ്പത്തിക നയങ്ങളാണെങ്കില്‍ തീര്‍ത്തും ഉപരിപ്ലവവുമായിരുന്നു. സുചിന്തിതമായി ആലോചിച്ചെടുത്ത ആശയങ്ങളായിരുന്നില്ല ഒന്നും. അതുകൊണ്ടുതന്നെ സാമ്പത്തിക നയരൂപീകരണത്തില്‍ കൃഷ്ണമൂര്‍ത്തിയുടെ പാതി വെന്ത ആശയങ്ങള്‍ക്കു വലിയ പരിഗണന നല്‍കിയില്ല. സ്വാഭാവികമായും കൃഷ്ണമൂര്‍ത്തിക്ക് തന്നോട് ശത്രുത വളരാന്‍ ഒട്ടും സമയം വേണ്ടിവന്നില്ലെന്നും വെളിപ്പെടുത്തുന്നുണ്ട് സുഭാഷ് ചന്ദ്ര ഗാര്‍ഗ്.

മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സ്തുതിഗീതങ്ങള്‍ പാടിയാണ് കൃഷ്ണമൂര്‍ത്തി ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ പദവിയിലും എത്തിയതെന്നാണ് ഗാര്‍ഗ് ആരോപിക്കുന്നത്. 2021ല്‍ അവ്യക്തമായ കാരണങ്ങള്‍ കൊണ്ട് മുഖ്യ ഉപദേഷ്ടാവിന്റെ പദവിയില്‍നിന്ന് കൃഷ്ണമൂര്‍ത്തിയെ മാറ്റുന്നുണ്ട്. പകരം നേരത്തെ സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ച നാഗേശ്വരനെയായിരുന്നു നിയമിച്ചത്. എന്നാല്‍, ഒരു വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാരുമായി ബന്ധം മെച്ചപ്പെടുത്തി ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയരക്ടറായി. ഐഎംഎഫ് പദവിയിലിരുന്ന കാലത്ത് മാധ്യമങ്ങളിലും ചര്‍ച്ചകളിലുമെല്ലാം മോദി സര്‍ക്കാരിനെയും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും വാഴ്ത്തിപ്പാടുകയായിരുന്നു പ്രധാന പരിപാടി.

മോദി നയങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുതന്നെയാണ് India @100: Envisioning Tomorrow’s Economic Powerhouse എന്ന പേരില്‍ ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുന്നതും. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ കരുത്തില്‍ 2047 ആകുമ്പോഴേക്കും ഇന്ത്യ 55 ട്രില്യന്‍ ഡോളര്‍ എക്കോണമി ആകുമെന്നാണു പുസ്തകത്തിലെ പ്രധാന വാദം. സൂക്ഷ്മമായി വായിച്ചാല്‍ വെറും പൊള്ളയായ വാദങ്ങളും വാചാടോപങ്ങളും മാത്രമാണു പുസ്തകത്തിലുള്ളതെന്നു വ്യക്തമാകുമെന്നാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറയുന്നത്.

കിട്ടിയ വേദികളിലെല്ലാം പുസ്തകത്തിന്റെ പ്രമോഷനുമായി നടക്കുകയായിരുന്നു കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. അധികാരസ്ഥാനങ്ങളിലും വ്യവസായ-വാണിജ്യ മേഖലകളിലുള്ളവരെയുമെല്ലാം നേരില്‍ കണ്ടു പുസ്തക വിതരണം നടത്തി. ഇപ്പോഴിതാ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയെയും സ്വന്തം ആവശ്യത്തിനു വേണ്ടി അദ്ദേഹം ദുരുപയോഗം ചെയ്‌തെന്ന റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. പുസ്തകം പുറത്തിറങ്ങും മുന്‍പ് വന്‍ ഹൈപ്പ് സൃഷ്ടിക്കാന്‍ വേണ്ടി യൂനിയന്‍ ബാങ്കിനെ കൊണ്ട് രണ്ടു ലക്ഷം കോപ്പികളാണ് ഓര്‍ഡര്‍ ചെയ്യിച്ചത്. ഇതിനായി ചെലവിട്ടത് 7.5 കോടി രൂപയും.

2024 ഡിസംബറിലാണ് അന്നത്തെ യൂനിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ പുസ്തകങ്ങള്‍ കൂട്ടത്തോടെ ഓര്‍ഡര്‍ ചെയ്യുന്നത്. 50 ശതമാനം മുന്‍കൂര്‍ തുക നല്‍കിയായിരുന്നു ഓര്‍ഡര്‍ ചെയ്തത്. ബാങ്കിന്റെ 18 സോണല്‍ ഓഫിസുകള്‍ വഴി 10,000 വീതം പുസ്തകങ്ങള്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി. ബാങ്ക് ഇടപാടുകാര്‍ക്കു പുറമെ കോര്‍പറേറ്റുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളിലെല്ലാം എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഒരു സ്വകാര്യ വ്യക്തിയുടെ പുസ്തകത്തിന് ഒരു പൊതുമേഖലാ സ്ഥാപനം ഇങ്ങനെ പ്രമോഷന്‍ ഏറ്റെടുക്കുന്നതും പുസ്തകം കൂട്ടത്തോടെ വാങ്ങി വിതരണം ചെയ്യാന്‍ തീരുമാനിക്കുന്നതുമെല്ലാം അസാധാരണ സംഭവമായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം.

നിയമവിരുദ്ധമായ ഇടപാട് നടത്തിയ ജനറല്‍ മാനേജറെ കഴിഞ്ഞ ജനുവരിയില്‍ തന്നെ യൂനിയന്‍ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഇതിനുശേഷവും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ പദവിയില്‍ തുടരുകയും പതിവു പരിപാടികളുമായി കറങ്ങുകയുമായിരുന്നു കൃഷ്ണമൂര്‍ത്തി. എന്നാല്‍, ഐഎംഎഫിന്റെ ഫണ്ടും കൃഷ്ണമൂര്‍ത്തി ദുരുപയോഗം ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെയാണു പിടിവീണത്. മോണിറ്ററി ഫണ്ടിന്റെ പണം ഉപയോഗിച്ചായിരുന്നത്രെ സ്വന്തം പുസ്തകത്തിന്റെ പ്രമോഷനു വേണ്ടി ഇന്ത്യയിലേക്ക് പലതവണ യാത്ര ചെയ്തത്. ഇതേ പുസ്തകം വാങ്ങിക്കൂട്ടാനും ഫണ്ടിന്റെ പണം ഉപയോഗിച്ചു. പുസ്തകത്തിന്റെ പ്രചാരണത്തിനായും മറ്റും ഐഎംഎഫിന്റെ രഹസ്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ ഈ കൃമക്കേടുകളെല്ലാം ഐഎംഎഫ് നേരിട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവത്രെ. അതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തിരക്കുപിടിച്ച് കൃഷ്ണമൂര്‍ത്തിയെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്നാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറയുന്നത്.

Summary: Why was Narendra Modi's former economic advisor Krishnamurthy Subramanian removed from the IMF? What's behind his book deal with Union Bank?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News