യുക്രൈൻ വിദ്യാർഥികളുടെ വായ്പ എഴുതിത്തള്ളൽ; ബാങ്കുകൾ ചർച്ച നടത്തും

ഭൂരിഭാഗം പേരും പഠനത്തിനായി ലക്ഷക്കണക്കിന് രൂപയുടെ വായ്പയാണ് എടുത്തത്

Update: 2022-04-29 10:15 GMT
Advertising

ഇന്ത്യയിൽ തിരിച്ചെത്തിയ യുക്രൈൻ വിദ്യാർഥികളുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നത് സംബന്ധിച്ച് ബാങ്കുകൾ ചർച്ച നടത്തും. ഇതിനെ കുറിച്ച് ചർച്ച നടത്താൻ സർക്കാർ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനോട് ആവശ്യപ്പെട്ടു.

യുക്രൈനിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ പഠനമാണ് റഷ്യൻ അധിനിവേശത്തിന് ശേഷം മുടങ്ങിയിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും പഠനത്തിനായി ലക്ഷക്കണക്കിന് രൂപയുടെ വായ്പയാണ് എടുത്തത്. അതിനാൽ അവരുടെ പ്രാഥമിക പരിഗണന ബാങ്കുകളിൽ നിന്ന് എടുത്ത വായ്പ കുടിശ്ശിക കൈകാര്യം ചെയ്യുക എന്നതാണ്.

പൊതുമേഖലാ ബാങ്കുകളിൽ നിന്നും 21 സ്വകാര്യ ബാങ്കുകളിൽ നിന്നും 1319 വിദ്യാർഥികൾ വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 2021 ഡിസംബർ 31 വരെ ലഭ്യമായ ഡാറ്റ പ്രകാരം മൊത്തം ബാലൻസ് കുടിശ്ശികയുള്ള വിദ്യാഭ്യാസ വായ്പ തുക 121 കോടി രൂപയാണ്.

യുക്രൈനിലെ നിലവിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വായ്പകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് ബാങ്കുകളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2022 ഫെബ്രുവരി 1 മുതൽ ഏകദേശം 22,500 ഇന്ത്യൻ പൗരന്മാരാണ് യുക്രൈനിൽ നിന്ന് സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News