ഇന്ധന നികുതി; 2020-21ൽ കേന്ദ്രം ഊറ്റിയെടുത്തത് 3.44 ലക്ഷം കോടി രൂപ

ഒരു വർഷത്തിനിടെ പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് കേന്ദ്രം നികുതിയിനത്തിൽ വർധിപ്പിച്ചത്

Update: 2021-07-20 11:38 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയായി കേന്ദ്രസർക്കാർ ഊറ്റിയെടുത്തത് മൂന്നര ലക്ഷം കോടി (3, 44,746) രൂപ. മുൻ വർഷം 1.97 ലക്ഷം കോടിയായിരുന്ന നികുതിയാണ് 88 ശതമാനം വർധിച്ച് 3.44 ലക്ഷം കോടിയിലെത്തിയത്.

ഒരു വർഷത്തിനിടെ പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് കേന്ദ്രം നികുതിയിനത്തിൽ വർധിപ്പിച്ചത്. കോവിഡ് മഹാമാരി മൂലം ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന ഘട്ടത്തിലാണ് രാജ്യത്ത് നികുതി വർധിപ്പിച്ചത്. ഇതോടെ പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്റർ ഒന്നിന് 19.98ൽ നിന്ന് 32.98 രൂപയായി, 65 ശതമാനം വർധന. ഡീസൽ നികുതി 79 ശതമാനം വർധിച്ച് 15.83ൽ നിന്ന് 31.83 രൂപയായി.

ഡീസലിന്റെ എക്‌സൈസ് നികുതി വരുമാനം മുൻ വർഷത്തേതിൽ നിന്ന് ഒരു ലക്ഷം കോടിയിലേറെയാണ് വർധിച്ചത്. 2019-20ൽ വരുമാനം 1,12,032 കോടി ആയിരുന്നെങ്കിൽ ഇപ്പോഴത് 2.3 ലക്ഷം കോടിയായി. പെട്രോൾ 66,279 കോടിയിൽ നിന്ന് 1.01 ലക്ഷം കോടിയായി വർധിച്ചു. രേഖാമൂലം നൽകിയ മറുപടിയിൽ പാർലമെന്റലിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

ജറ്റ് ഫ്യുവൽ, പ്രകൃതി വാതകം, ക്രൂഡ് ഓയിൽ സെസ്സ് എന്നിവയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം താരതമ്യേന കുറവാണ്. 7877 കോടി രൂപ മാത്രമാണ് സെസ് ഇനത്തിൽ ലഭിച്ചത്. മുൻ വർഷം അത് 16,500 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ-ജൂൺ പാദത്തിൽ ഒരു ലക്ഷം കോടി രൂപയിലേറെ നികുതിയിനത്തിൽ ലഭിച്ചതായും പെട്രോളിയം മന്ത്രി രാമേശ്വർ തെലി സഭയെ അറിയിച്ചു.

കഴിഞ്ഞ വർഷം പെട്രോളിന് 39 തവണയും ഡീസലിന് 36 തവണയുമാണ് വില വർധിപ്പിച്ചത്. രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ഇപ്പോൾ ഡീസലിനും പെട്രോളിനും. പെട്രോൾ വില നൂറു കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിൽ ഡീസലിനും നൂറു രൂപ കടന്നിട്ടുണ്ട്. 

ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തുന്ന വേളയിൽ പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപ മാത്രമായിരുന്നു. ഇതാണ് ഇപ്പോൾ 32.98 രൂപയിലെത്തി നിൽക്കുന്നത്. 3.56 രൂപ മാത്രമുണ്ടായിരുന്ന ഡീസൽ നികുതി 31.83 രൂപയായി. രാജ്യത്തുടനീളമുള്ള കനത്ത പ്രതിഷേധങ്ങൾക്കിടയിലും ഇന്ധന വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News