വിൽക്കാനുണ്ട്, 400 റെയിൽവേ സ്റ്റേഷൻ, 31 തുറമുഖം, 25 വിമാനത്താവളം, 150 തീവണ്ടി റൂട്ട്...

നാലു വർഷത്തിനുള്ളിൽ ആറു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്‌

Update: 2021-08-24 13:32 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: നാലു വർഷത്തിനുള്ളിൽ ആറു ലക്ഷം കോടി രൂപ സമാഹരിക്കാൻ പൊതുമേഖലാ ആസ്തികൾ സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. ദേശീയ ധനസമ്പാദന പദ്ധതി (നാഷണൽ മോണറ്റൈസേഷൻ പൈപ്‌ലൈൻ) എന്ന് പേരിട്ട പദ്ധതി ധനമന്ത്രി നിർമല സീതാരാമനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വിമാനത്താവളം, റെയിൽവേ റൂട്ട്, തുറമുഖങ്ങൾ, സ്റ്റേഡിയങ്ങൾ, ഹൈവേകൾ തുടങ്ങി കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള വൻകിട ആസ്തികളാണ് വിൽപ്പനയ്ക്കു വച്ചിട്ടുള്ളത്. നീതി ആയോഗിനാണ് പദ്ധതിയുടെ മേല്‍നോട്ടച്ചുമതല. 

കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും സാമ്പത്തിക വിദഗ്ധരും രംഗത്തെത്തി. കഴിഞ്ഞ 70 വർഷമായി പടുത്തുയർത്തിയ സമ്പത്താണ് ബിജെപി വിറ്റഴിക്കുന്നത് എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. സംഘടിത കൊള്ള എന്നാണ് പാർട്ടി സർക്കാർ തീരുമാനത്തെ വിശേഷിപ്പിച്ചത്. പൊതുമേഖല സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്നത് സാധാരണക്കാര്‍ക്ക് താങ്ങാനാകില്ല എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. 

എന്തൊക്കെയാണ് സർക്കാർ വിൽക്കാൻ തീരുമാനിച്ചത്? വിശദാംശങ്ങൾ;

റെയിൽവേ

റെയിൽവേയിലാണ് കൂടുതൽ വിറ്റഴിക്കൽ. 400 റെയിൽവേ സ്റ്റേഷനുകളും 150 ട്രയിൻ റൂട്ടുകളുമാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്. 90 പാസഞ്ചർ ട്രയിനുകൾ, 15 റെയിൽവേ സ്റ്റേഡിയം, 265 റെയിൽവേ ഗുഡ് ഷെഡുകൾ, നാല് ഹിൽ റെയിൽവേ, കൊങ്കൺ റെയിൽവേയിലെ 741 കിലോമീറ്റർ, റെയിൽവേ കോളനികൾ എന്നിവയും വിറ്റഴിക്കും. 1.52 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 

ദേശീയപാത

26,700 കിലോമീറ്റർ നാഷണൽ ഹൈവേയാണ് വിൽക്കുന്നത്. ഇതുവഴി പ്രതീക്ഷിക്കുന്നത് 1.6 ലക്ഷം കോടി. മൊത്തം ദേശീയ പാതകളുടെ 22 ശതമാനം വരുമിത്. ടോൾ ഓപറേറ്റ് ട്രാൻസ്ഫർ (ടിഒടി), ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ് ഫണ്ട് (ഇൻവിറ്റ്) എന്നീ രണ്ട് മാർഗങ്ങൾ വഴിയാകും സ്വകാര്യമേഖലയ്ക്ക് കൈമാറുക. 

ബിഎസ്എൻഎൽ

2.86 ലക്ഷം കിലോമീറ്റർ ബിഎസ്എൻഎൽ/ബിബിഎൻഎൽ ഫൈബറും സ്വകാര്യമേഖലയ്ക്ക് കൈമാറും. ഇതിൽ നിന്ന് 35,100 കോടി രൂപയാണ് നീതി ആയോഗ് പ്രതീക്ഷിക്കുന്നത്. 



തുറമുഖങ്ങൾ

31 തുറമുഖങ്ങളാണ് സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കുന്നത്. ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത് 12828 കോടി രൂപ. കണ്ഡ്‌ല, മുംബൈ, ഹൽദിയ, തൂത്തുക്കുടി, മംഗലാപുരം തുറമുഖങ്ങളിൽ സ്വകാര്യനിക്ഷേപകർ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിമാനത്താവളങ്ങൾ

25 വിമാനത്താവളങ്ങളിൽ നിന്ന് 20,782 കോടി രൂപയാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. വാരാണസി, ചെന്നൈ, നാഗ്പൂർ, ഭുവനേശ്വർ, കരിപ്പൂർ, ഇൻഡോർ, റായ്പൂർ, ട്രിച്ചി, കോയമ്പത്തൂർ, മധുരൈ, ജോധ്പൂർ വിമാനത്താവളങ്ങൾ പട്ടികയിലുണ്ട്. 2022-23 സാമ്പത്തിക വർഷത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിന്റെ വിൽപ്പന നടക്കുക. നിലവിൽ മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ സ്വകാര്യ നിക്ഷേപമുണ്ട്.

സ്റ്റേഡിയം

ഡൽഹിയിലെ വിഖ്യാതമായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ബംഗളൂരുവിലെയും സിറക്പൂരിലെയും സായി സ്റ്റേഡിയങ്ങൾ തുടങ്ങിയവയാണ് വിൽക്കുന്ന മൈതാനങ്ങൾ. 11,450 കോടി രൂപയാണ് ഇവയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ഊർജം

പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റേത് അടക്കമുള്ള ആസ്തികളാണ് ഊർജമേഖലയിൽ വിൽപ്പനയ്ക്കുള്ളത്. 45,200 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. വിൽപ്പന നടന്നുകഴിയുന്നതോടെ ഊർജമേഖലയുടെ വലിയൊരു ഭാഗം സ്വകാര്യ മേഖലയ്ക്ക് കീഴിലാകും. ഊർജോൽപ്പാദന ആസ്തികൾ വിറ്റ് 39,832 കോടി രൂപയും കണ്ടെത്താൻ ശ്രമമുണ്ട്.

നാചുറൽ ഗ്യാസ് പൈപ്പ് ലൈൻ സ്വകാര്യവൽക്കരണത്തിലൂടെ 24,462 കോടിയും ഖനനമേഖലയിൽ നിന്ന് 28,747 കോടിയും വ്യോമയാന മേഖലയിൽ നിന്ന് 20,782 കോടി രൂപയും കണ്ടെത്തും.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News