രാജ്യം ന്യൂനപക്ഷവിരുദ്ധമായാൽ വിദേശവിപണിയിൽ ഇന്ത്യൻ കമ്പനികൾ തിരിച്ചടി നേരിടും: രഘുറാം രാജൻ

'അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് മുൻഗണന ലഭിച്ചിരുന്ന ഒരു മേഖലയാണിത്. പക്ഷേ, ഇപ്പോഴത് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.'

Update: 2022-04-22 08:33 GMT
Editor : André | By : André
Advertising

രാജ്യം ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന പ്രതിച്ഛായ ഉണ്ടായാൽ ഇന്ത്യൻ കമ്പനികളും ഉൽപ്പന്നങ്ങളും അന്താരാഷ്ട്ര മാർക്കറ്റിൽ തിരിച്ചടി നേരിടുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള 'ബുൾഡോസർ' പ്രയോഗങ്ങൾ വിവാദമായിരിക്കെയാണ് ചിക്കാഗോയിലെ ബൂത്ത് സ്‌കോൾ ഓഫ് ബിസിനസിൽ പ്രൊഫസറായ രഘുറാമിന്റെ പ്രസ്താവന.

'നിങ്ങൾ ന്യൂനപക്ഷങ്ങളോട് മോശമായി പെരുമാറുമ്പോൾ നിങ്ങളെക്കുറിച്ച് മോശം ചിത്രമാണ് ലോകമെങ്ങുമുള്ള ഉപഭോക്താക്കൾക്കും ഗവൺമെന്റുകൾക്കും ലഭിക്കുക. നിങ്ങളെ അവർ വിശ്വസിക്കാവുന്ന പങ്കാളിയാക്കുന്നതിലും (Reliable partner) സഹായിക്കുന്നതിലും അത് നിർണായകമാവും.'

'എന്തുകൊണ്ടാണ് യുക്രൈന് ഇത്രയധികം പിന്തുണ ലഭിക്കുന്നത്? ജനാധിപത്യത്തിനു വേണ്ടി പോരാടുന്ന ധീരനായ പോരാളി എന്ന പ്രതിച്ഛായയാണ് സെലൻസ്‌കി സൃഷ്ടിച്ചത്. ഇതിനുമുമ്പ് യുക്രൈൻ എങ്ങനെ ആയിരുന്നു എന്നതൊക്കെ മറക്കുക. അഴിമതി, ആധിപത്യമനോഭാവം ഒക്കെ അവിടെയുണ്ടായിരുന്നു. പക്ഷേ, ഇന്ന് പാശ്ചാത്യർ മാത്രമല്ല ജപ്പാൻ, കൊറിയ തുടങ്ങി ലോകത്തുള്ള എല്ലാ ജനാധിപത്യ രാജ്യങ്ങളും യുക്രൈനെ എങ്ങനെ പരിഗണിക്കുന്നു എന്ന് നോക്കുക. പൊതു പ്രതിച്ഛായ വളരെ പ്രധാനമാണ് എന്നതാണ് അത് കാണിക്കുന്നത്.'

'ഇന്ത്യക്ക് മുൻഗണന ലഭിച്ചിരുന്ന ഒരു മേഖലയാണിത്. പക്ഷേ, ഇപ്പോഴത് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. വലിയൊരളവോളം നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണത്.'

'ഒരു ജനാധിപത്യരാജ്യം അതിന്റെ എല്ലാ പൗരന്മാരോടും ബഹുമാനത്തോടെ പെരുമാറുന്നതായാണ് നമ്മൾ കാണുന്നതെങ്കിൽ, ആ രാജ്യം ദരിദ്രമാണെങ്കിൽ പോലും ഉപഭോക്താക്കൾക്ക് അതിനോടൊരു അനുതാപം ഉണ്ടാകും. ശരിയായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന ഈ രാജ്യത്തുനിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങാം എന്നാവും അവർ ചിന്തിക്കുക. അങ്ങനെയാണ് നമ്മുടെ വിപണി വളരുന്നത്...'

'അതേസമയം, ഒരു രാജ്യം ആധിപത്യമനോഭാവത്തോടെയാണ് പെരുമാറുന്നതെങ്കിൽ, ന്യൂനപക്ഷങ്ങളോടുള്ള അതിന്റെ പെരുമാറ്റം മോശമാണെങ്കിൽ അതേപ്പറ്റി എന്നും വാർത്തകളുണ്ടാകും. ന്യൂയോർക്ക് ടൈംസിലും ഇക്കണോമിസ്റ്റിലും മാത്രമല്ല അത് വായിക്കാനാവുക. നമ്മെ ദേഷ്യപ്പെടുത്തുന്ന പ്രതിച്ഛായയാണ് നമുക്കുണ്ടാവുക. പക്ഷേ, ലോകത്തിന്റെ യാഥാർത്ഥ്യം അതാണ്...' - രഘുറാം രാജൻ പറഞ്ഞു. ഉയ്ഗൂറുകളെ അടിച്ചമർത്തിയതിന്റെ പേരിൽ ചൈന അന്താരാഷ്ട്ര വിപണിയിൽ പ്രതിച്ഛായാ പ്രശ്‌നം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News