കേന്ദ്രസേനകളിൽ 25,487 ഒഴിവുകൾ; ശമ്പളം 69,100 രൂപ വരെ
ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം, സ്ത്രീകൾക്കും അപേക്ഷിക്കാം
ന്യുഡൽഹി: വിവിധ കേന്ദ്രസേനകളിൽ അവസരവുമായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം. കോൺസ്റ്റബിൾ, റൈഫിൾമാൻ തസ്തികകളിലെ 25,487 ഒഴിവിലേക്ക് ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. നിലവിലെ ഒഴിവുകളിൽ വർധനവ് ഉണ്ടാവും. സ്ത്രീകൾക്കും അപേക്ഷിക്കാം.
ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലാണ് (സിഐഎസ്എഫ്) - 14,595 (പുരുഷന്മാർ 13, 135, സ്ത്രീകൾ 1,460). സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ( പുരുഷന്മാർ 5,366, സ്ത്രീകൾ 124) സശസ്ത്ര സീമാ ബൽ (SSB) (പുരുഷന്മാർ 1,764 , സ്ത്രീകൾ ഇപ്പോൾ ഒഴിവില്ല ), അസം റൈഫിൾസ് (പുരുഷന്മാർ 1,566 , സ്ത്രീകൾ 150 ), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (പുരുഷന്മാർ 1,099, സ്ത്രീകൾ 194), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ( പുരുഷന്മാർ 524 , സ്ത്രീകൾ 92), സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് ( പുരുഷന്മാർ 23 സ്ത്രീകൾ ഇപ്പോൾ ഒഴിവില്ല ) എന്നിങ്ങനെയാണ് വിവിധ സായുധ സേനാ വിഭാഗങ്ങളിലെ ഒഴിവുകൾ.
കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയാണ് തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി - ഏപ്രിൽ മാസങ്ങളിൽ പ്രതീക്ഷിക്കാം. പരീക്ഷയ്ക്ക് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ സെന്ററുകൾ ഉണ്ട്. മംഗളൂരു, ഉഡുപ്പി, കോയമ്പത്തൂർ, സേലം, തിരുനെൽവേലി തുടങ്ങിയയിടങ്ങളിലും പരീക്ഷ എഴുതാം.
ശമ്പള സ്‌കെയിൽ- 21,700 - 6 9,100 രൂപ. കേന്ദ്ര നിരക്കിലുള്ള മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും വേറെയും ലഭിക്കും. ഏത് സായുധ സേനയിലാണ് ചേരാൻ താൽപര്യം എന്നത് മുൻഗണനയായി അപേക്ഷയിൽ നൽകണം. അപേക്ഷകന്റെ ഫോട്ടോഗ്രാഫ്, ഒപ്പ് തുടങ്ങിയവ അപ്ലോഡ് ചെയ്യുന്നതിൽ ശ്രദ്ധ വേണം. ഇവയെല്ലാം സംബന്ധിച്ച നിർദ്ദേശങ്ങൾ ജോലി വിജ്ഞാപനത്തിൽ ഉണ്ട്. ഫിസിക്കൽ ടെസ്റ്റുകളുടെ മാനദണ്ഡങ്ങളും പറയുന്നുണ്ട്. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ/ പട്ടിക വിഭാഗം/ വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ഇല്ല. അപേക്ഷയിൽ തിരുത്തലുകൾ വേണ്ടതുണ്ടെങ്കിൽ ജനുവരി 8 മുതൽ 10 വരെ നടത്താവുന്നതാണ്. വിവരങ്ങൾക്ക്: https://rect.crpf.gov.in/ , https://ssc.gov.in