സിബിഎസ്ഇ ചോദ്യപേപ്പറിൽ അടിമുടി മാറ്റം; പുതിയ ചോദ്യപേപ്പറിന്റെ മാതൃക എവിടെ കിട്ടും ?
ഇനിമുതൽ സയൻസ്, സോഷ്യൽ സയൻസ് ചോദ്യക്കടലാസുകളിൽ വിവിധ ഭാഗങ്ങളായി തിരിച്ചായിരിക്കും ചോദ്യങ്ങളുണ്ടാവുക
ന്യുഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പറിൽ അടിമുടി മാറ്റങ്ങൾ. 2026 ലെ പരീക്ഷയുടെ ചോദ്യ പേപ്പറിലായിരിക്കും മാറ്റങ്ങൾ ഉണ്ടാവുക. സയൻസ്, സോഷ്യൽ സയൻസ് ചോദ്യക്കടലാസുകൾ വിവിധ ഭാഗങ്ങളായി തിരിച്ചായിരിക്കും ചോദ്യങ്ങളുണ്ടാവുക. മൂല്യ നിർണയം മെച്ചപ്പെടുത്താനും എളുപ്പമാക്കാനുമാണ് പരിഷ്‌ക്കാരമെന്നാണ് അധികൃതർ പറയുന്നുണ്ട്.
സയൻസ് ചോദ്യക്കടലാസ് സെക്ഷൻ എ-ബയോളജി, സെക്ഷൻ ബി-കെമിസ്ട്രി, സെക്ഷൻ സി- ഫിസിക്‌സ് എന്നിങ്ങനെ തിരിക്കും. സോഷ്യൽ സയൻസിനെ നാലായിട്ടാണ് തിരിക്കുക. സെക്ഷൻ എ-ഹിസ്റ്ററി, ബി-ജോഗ്രഫി, സി-പൊളിറ്റിക്കൽ സയൻസ്, ഡി-ഇക്കണോമിക്‌സ്. ഓരോ സെക്ഷന്റേയും ഉത്തരങ്ങൾ അതിനുള്ള സ്ഥലത്ത് മാത്രമേ എഴുതാനാവൂ. ഒരു ഭാഗത്തെ ഉത്തരം മറുഭാഗത്ത് എഴുതുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താൽ മൂല്യനിർണയം നടത്തില്ല. പുനർമൂല്യ നിർണയത്തിന്റെ ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കില്ല.
വിദ്യാർഥികൾക്ക് ചോദ്യക്കടലാസ് പരിചയപ്പെടുത്തുന്നതിനായി മാതൃകയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. cbseacademic.nic.in വെബ്‌സൈറ്റ് പരിശോധിച്ചാൽ പുതിയ ചോദ്യക്കടലാസിന്റെ മാതൃക ലഭ്യമാവും. കഴിഞ്ഞ ബോർഡ് പരീക്ഷവരെ ഓരോ വിഷയങ്ങളിലേയും ചോദ്യങ്ങൾ വേർതിരിക്കാതെയാണ് നൽകിയിരുന്നത്. ഒറ്റമാർക്കിന്റെ ചോദ്യങ്ങൾക്ക് ശേഷം 2 മാർക്കിന്റെ ചോദ്യങ്ങൾ, പിന്നീട് 3,5 മാർക്കിന്റെ ചോദ്യങ്ങൾ എന്നതായിരുന്നു രീതി. ഈ വർഷം മുതൽ ഒരു സെക്ഷനിൽ വിവിധ മാർക്കിന്റെ ചോദ്യങ്ങൾ കഴിഞ്ഞാകും അടുത്ത സെക്ഷൻ ആരംഭിക്കുക.