18 വയസ് പൂർത്തിയായോ; ISROയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കാത്തിരിക്കുന്നു
ഡ്രൈവർ,ഡ്രാഫ്റ്റ്സ്മാൻ, സയന്റിസ്റ്റ്,എഞ്ചിനീയർ,നഴ്സ് തുടങ്ങി നൂറ് കണക്കിന് ഒഴിവുകളിലോക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
Photo| REUTERS/Dado Ruvic
ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം അഥവ ISRO യിൽ ജോലി ചെയ്യണം എന്നാണോ നിങ്ങളുടെ ആഗ്രഹം. സയന്റിസ്റ്റ്/എഞ്ചിനീയർ, റേഡിയോഗ്രാഫർ, അന്തരീക്ഷ ശാസ്ത്രം/കാലാവസ്ഥാ ശാസ്ത്രം, ടെക്നീഷ്യൻ തുടങ്ങി 100-ലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ISRO ഇപ്പോൾ. അപേക്ഷകർക്ക് isro.gov.in അല്ലെങ്കിൽ shar.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി 2025 നവംബർ 14 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ജോലി ലഭിക്കും.
2025 ഒക്ടോബർ 16 ന് പുറത്തിറങ്ങിയ പുതിയ വിജ്ഞാപനം, സമീപ വർഷങ്ങളിലെ ISRO യുടെ ഏറ്റവും സമഗ്രമായ റിക്രൂട്ട്‌മെന്റ് റൗണ്ടുകളിലൊന്നാണ്. സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകൾക്ക് 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം. ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, നഴ്സ്, ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകളിൽ 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും. വിവിധ സംവരണങ്ങൾ കൂടി പരിഗണിച്ചാണ് നിയമനം. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്, കൂടിയതാകട്ടെ 35 വയസ്സും. അപേക്ഷകർ 750 രൂപ പ്രോസസ്സിംഗ് ഫീസ് അടയ്ക്കേണ്ടതുണ്ട്. സ്ത്രീകൾ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾ, മുൻ സൈനികർ എന്നിവർക്ക് ഈ ഫീസ് പൂർണ്ണമായും തിരികെ നൽകും.മറ്റ് അപേക്ഷകർക്ക് 500 രൂപയും പരീക്ഷയ്ക്ക് ശേഷം തിരികെ നൽകും.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിലേക്കുള്ള നിയമനം. ടെക്നിക്കൽ അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ്/ലൈബ്രറി അസിസ്റ്റന്റ് 'എ'/ടെക്നീഷ്യൻ-ബി/ഡ്രാഫ്റ്റ്സ്മാൻ-ബി തസ്തികകളിലേക്കുള്ള അഭിമുഖത്തിന് പകരമായി സ്കിൽ ടെസ്റ്റ് നടത്തും. സയന്റിസ്റ്റ്/എഞ്ചിനീയർമാരുടെ 'എസ്‌സി' തസ്തികയിൽ 23 ഒഴിവുകളും, ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 28 ഒഴിവുകളും, സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ 3 ഒഴിവുകളുമുണ്ട്. ടെക്നീഷ്യൻ 'ബി' 70 തസ്തികകളും, ഫയർമാൻമാരുടെ 6 തസ്തികകളും, പാചകക്കാരുടെ 3 തസ്തികകളും, ഡ്രൈവർമാരുടെ 3 തസ്തികകളും, റേഡിയോഗ്രാഫറുടെ 1 തസ്തികയും ഇതിൽ ഉൾപ്പെടുന്നു.
ഐടിഐ ട്രേഡുകൾ, നഴ്‌സിംഗ്, അല്ലെങ്കിൽ സപ്പോർട്ട് സർവീസുകൾ എന്നിവയിൽ പരിശീലനം നേടിയവർക്ക്, ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ ഭാഗമാകാവുന്ന വിധത്തിലാണ് പുതിയ വിജ്ഞാപനം. BE/B.Tech, എഞ്ചിനീയറിംഗ് , നഴ്സിംഗിൽ ഡിപ്ലോമ, BSc, SSLC/SSC ഉള്ള ITI, 10-ാം ക്ലാസ് എന്നിവയാണ് വിവിധ തസ്തികയിലേക്കുള്ള യോഗ്യതകൾ.