പ്ലാൻ കൃത്യമായാല്‍ മതി; വിദേശപഠനത്തിന് സാമ്പത്തികം പ്രശ്നമാവില്ല
യൂ കാൻ ഫ്ലൈ 2.0യ്ക്ക് തുടക്കം കുറിച്ച് മീഡിയവണും ആര്‍ക്കൈസ് സ്റ്റഡി അബ്രോഡും
വർഷങ്ങൾക്ക് മുമ്പ് കാനഡയിലേക്കായിരുന്നു മലയാളി വിദ്യാർഥികളുടെ ഒഴുക്ക്. ആ സമയത്ത് തന്നെ വിദേശവിദ്യാഭ്യാസരംഗത്ത് യൂറോപ്പിന്റെ സാധ്യതകൾ തുറന്നു കാട്ടുകയായിരുന്നു ഈ രംഗത്തെ മാസ്റ്റര്‍ കണ്‍സള്‍ട്ടന്‍റ് ആയ ദിലീപ് രാധാകൃഷ്ണന്‍ 'യൂ കാൻ ഫ്ലൈ' എന്ന പ്രോഗ്രാമിലൂടെ. ഇപ്പോഴിതാ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും വിദേശ വിദ്യാഭ്യാസം മറ്റുള്ളവരെ പോലെ തന്നെ സാധിക്കുമെന്ന ലക്ഷ്യത്തോടെ 'യൂ കാൻ ഫ്ലൈയുടെ പുതിയ എഡിഷന് തുടക്കം കുറിക്കുകയാണ് മീഡിയവണും ആര്‍ക്കൈസ് സ്റ്റഡി അബ്രോഡും.
അവസരങ്ങൾ ആഗോളതലത്തിൽ, വർക്ക്-ലൈഫ് ബാലൻസ്, ഉയർന്ന വേതനം, സ്ഥിരതയുള്ള കരിയർ.. മില്ലേനിയൽസ് മുതലിങ്ങോട്ടുള്ള തലമുറ സ്റ്റഡി അബ്രോഡ് അഥവാ വിദേശ വിദ്യാഭ്യാസത്തിന് പിന്നാലെ പോകാനുള്ള കാരണങ്ങൾ എണ്ണിയാൽ തീരില്ല. ഇപ്പോഴും സ്റ്റഡി അബ്രോഡ് എന്നാൽ മലയാളിക്ക് ജീവിത വിജയത്തിലേക്കുള്ള പാതയാണ്. എന്നാൽ അവസ്ഥ മാറിയോ, കാറ്റ് മാറി വീശാൻ തുടങ്ങിയോ? എന്താണ് ഇപ്പോൾ സ്റ്റഡി അബ്രോഡിന്റെ ശരിക്കുമുള്ള അവസ്ഥ - ഉത്തരങ്ങൾ പറയുന്നു ആർക്കൈസ് സ്റ്റഡി അബ്രോഡ് സിഇഒയും സ്റ്റഡി അബ്രോഡ് കൺസൾട്ടന്റുമായി ദിലീപ് രാധാകൃഷ്ണൻ.
ഹൈപ്പിലല്ല കാര്യം
ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക വലിപ്പം വെച്ചാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. കാനഡ 10 ലക്ഷം വിദ്യാർഥികൾക്കാണ് ഓരോ വർഷവും സ്റ്റഡി പെർമിറ്റ് നൽകിയിരുന്നത്. യുഎസുമായി തട്ടിച്ച് നോക്കുമ്പോൾ സാമ്പത്തിക വലുപ്പം തീരെ കുറഞ്ഞ കാനഡയ്ക്ക് പക്ഷേ, ഇത്രയധികം വിദേശ വിദ്യാർഥികൾക്ക് തൊഴിൽ നൽകുക എളുപ്പമല്ല. മാത്രമല്ല കാനഡയിലെ യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുന്നതിന് പകരം വിദ്യാർഥികൾ എത്തിപ്പെട്ടത് ഇൻസ്റ്റിറ്റ്യൂഷനുകൾ പോലുള്ള സംവിധാനങ്ങളിലാണ്. കാനഡയിൽ ഏത് കോഴ്സ് പഠിച്ചാലും ജോലി സാധ്യതയുണ്ടെന്ന ധാരണയിൽ വിദ്യാർഥികൾ എടുത്തത് യാതൊരു ജോലി സാധ്യതയും ഇല്ലാത്ത കോഴ്സുകളും. പക്ഷേ, കാനഡയിലെ വിദേശ പഠനത്തിന് ലഭിച്ചിരുന്ന ഹൈപ്പ് കാരണം നിജസ്ഥിതി പറഞ്ഞാലും ആളുകൾ വിശ്വസിച്ചിരുന്നില്ല.
അപ്പോഴാണ് ഇനി യൂറോപ്പിൽ പോകുമ്പോൾ നേരിട്ട് യൂണിവേഴ്സിറ്റികൾ സന്ദർശിച്ച് പ്രേക്ഷകരിലേക്ക് യാഥാർഥ്യം എത്തിക്കാമെന്ന് ചിന്തിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ കൂടുതൽ അവസരങ്ങളുണ്ടെന്ന് കാണിച്ചു കൊടുക്കുക എന്ന ലക്ഷ്യമാണ് പ്രോഗ്രാമിന്റെ തുടക്കം. യൂറോപ്പിലെ മികച്ച സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ ഗ്ലോബൽ റാങ്കിൽ പഠിക്കാൻ വർഷം രണ്ട്, മൂന്ന് ലക്ഷം രൂപ ചെലവ് വരുമ്പോൾ 10-15 ലക്ഷം രൂപയാണ് യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളിലെ ചെലവ്. ഈ ഒരു ട്രെൻഡിന് മാറ്റം കൊണ്ടുവരാൻ യൂ കാൻ ഫ്ലൈയ്ക്ക് കഴിഞ്ഞിരുന്നു.
കാറ്റ് മാറി വീശിയോ, വിദേശം ട്രെൻഡിലില്ലേ?
142 കോടിയോളം ജനങ്ങൾ താമസിക്കുന്ന, ജിഡിപി 4 ട്രില്യൺ യുഎസ്ഡിയുള്ള ഇന്ത്യയെ പോലുള്ള വികസ്വര രാജ്യത്ത് ഏത് കോഴ്സ് പഠിച്ചാലും അതിൽ ഏറ്റവും മികച്ചവരാകാതെ നല്ല കരിയർ കെട്ടിപ്പടുക്കുക എളുപ്പമല്ല.
പലകാലങ്ങളിൽ ഇന്ത്യയിൽ പല കരിയറുകളാണ് ട്രെൻഡിങ്ങിൽ ഉണ്ടായിരുന്നത്. എൻജിനിയറിങ് പോലുള്ള കരിയറുകൾക്ക് പഴയ പ്രതാപം ഇല്ലെന്ന ആശങ്ക മിക്കവർക്കുമുണ്ട്. കോഴ്സുകൾ പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ എണ്ണത്തിന് അനുസൃതമായി ജോലി നൽകാൻ ഇന്ത്യയിലെ തൊഴിൽ മാർക്കറ്റിന് സാധിക്കാത്തതാണ് പ്രധാന കാരണം. എന്നാൽ ഇപ്പോഴും ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ എൻജിനിയർമാർക്ക് മുൻഗണന ലഭിക്കുന്നുണ്ട്. യുവ എൻജിനിയർമാർക്കായി യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയുമായി കരാറിലെത്തിയത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
വിദേശത്ത് പഠിച്ചിട്ടും കരിയർ മോശമോ?
ട്രെൻഡുകൾക്ക് പിന്നാലെയുള്ള ഓട്ടമാണ് വിദേശപഠനം തെരഞ്ഞെടുത്തിട്ടും വിദ്യാർഥികൾക്ക് കരിയറിൽ പരാജയം നേരിടേണ്ടി വരുന്നതിന് കാരണം. ഓരോ രാജ്യവും ഊന്നൽ നൽകുന്നത് പല തൊഴിൽ മേഖലകൾക്ക് ആയിരിക്കും. നിർമാണം, സർവീസ് മേഖല, സാങ്കേതിക വിദ്യ, വിനോദസഞ്ചാരം എന്നിങ്ങനെയുള്ള മേഖലകളിൽ ഏതിലാണ് ഓരോ രാജ്യവും പ്രാധാന്യം നൽകുന്നത് എന്ന് തിരിച്ചറിയുക പ്രധാനമാണ്. ഏത് കോഴ്സാണ് പഠിക്കാൻ ആഗ്രഹമെന്നുവെച്ചാൽ എവിടെയാണ് ആ കോഴ്സിന് ഏറ്റവും മികച്ച സാധ്യത എന്ന് മനസിലാക്കി പഠിക്കുക. പഠിക്കാൻ തെരഞ്ഞെടുക്കുന്ന രാജ്യം വികസിത രാജ്യമാണെന്ന് ഉറപ്പുവരുത്തണം. വികസ്വര രാജ്യങ്ങളിൽ പോയാൽ തൊഴിൽ സാധ്യതകൾ കുറയുമെന്ന് ഓർക്കണം. പുതിയ കാലത്ത് എഐ കോഴ്സുകൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. എഐ കോഴ്സുകൾ പഠിക്കാനായി ആസ്ട്രിയയിലേക്ക് ആയിരുന്നു വിദ്യാർഥികളുടെ ഒഴുക്ക്. എന്നാൽ നിലവിലെ സാഹചര്യത്തിൽ റൊമാനിയ തെരഞ്ഞെടുക്കുന്നതാണ് വിദ്യാർഥികൾക്ക് ഗുണം ചെയ്യുക.
ചാൻസ് കളഞ്ഞു, അതുകൊണ്ട് വിട്ടുവീഴ്ച വേണോ?
വിദേശ വിദ്യാഭ്യാസത്തിന് അപേക്ഷ നൽകി ലഭിച്ചില്ലെങ്കിൽ അത് വേണ്ട എന്നു തീരുമാനിക്കുന്നവരുടെ എണ്ണം മുമ്പത്തേക്കാൾ കൂടിയിട്ടുണ്ട്. വിദേശ യൂണിവേഴ്സിറ്റികൾ ഒരു തവണ അപേക്ഷ തള്ളി കളയുമ്പോൾ തന്നെ ഇനി വേണ്ട എന്ന് തീരുമാനിക്കുകയാണ് നല്ലൊരു വിഭാഗവും. വിദേശ വിദ്യാഭ്യാസം ഗൗരവമായി കാണുന്നവർ മുമ്പ് ജിആർഇ, ജിമാറ്റ് പോലുള്ള പരീക്ഷകളിൽ തോറ്റാലും വീണ്ടും പരിശ്രമിക്കാൻ തയ്യാറായിരുന്നു. 4-6 മാസം കാത്തിരിക്കേണ്ടി വരുന്നത് വലിയൊരു കാലയളവായിട്ടാണ് ഇന്ന് ആളുകൾ കണക്കാക്കുന്നത്. ഒടുവിൽ അഡ്മിഷൻ ലഭിക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങളിൽ കുട്ടികളെ ചേർക്കും. ആ ചിന്താഗതി മാറ്റണം. നല്ല അവസരങ്ങൾ അവിടെയും മിടുക്കരായ കുട്ടികൾ ഇവിടെയുമുണ്ട്. വിദേശ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിക്കുന്നതിൽ അക്കാദമിക് മാർക്ക് എന്നത് ഒരു മാനദണ്ഡം മാത്രമാണ്. ഭാഷ വൈദഗ്ധ്യം, ആത്മവിശ്വാസമുണ്ടാക്കിയെടുക്കുക അടക്കം ചില കാര്യങ്ങളിൽ കുട്ടികൾക്ക് കൃത്യമായ പരിശീലനം നൽകിയാൽ മികച്ച അവസരങ്ങൾ അവരെ തേടിയെത്തും. രക്ഷിതാക്കളും മെന്റർമാരും ഇക്കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വളരെ പെട്ടന്ന് തന്നെ മികച്ച കരിയറിലേക്ക് കുട്ടികൾക്ക് എത്തിപ്പെടാൻ പറ്റും.
സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദേശ വിദ്യാഭ്യാസം ബാലികേറാ മലയല്ല
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമായിരുന്നു വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അവസരം. എന്നാൽ കുറച്ച് വർഷങ്ങൾ മുൻക്കൂട്ടി തയ്യാറെടുപ്പുകൾ നടത്തിയാൽ സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദേശ വിദ്യാഭ്യാസം ബാലികേറാ മലയല്ല എന്ന് പറയുകയാണ് ദിലീപ് രാധാകൃഷ്ണൻ. യൂണിവേഴ്സിറ്റികളിൽ അടയ്ക്കുന്ന ഫീസ് മാത്രമാണ് വിദ്യാർഥികൾക്ക് ചെലവായി വരുന്നത്. അതേസമയം വിസ ഫണ്ടുകൾ നഷ്ടമാകുന്നില്ല. മാത്രമല്ല മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് ഗ്ലോബൽ റാങ്കിലുള്ള യൂണിവേഴ്സിറ്റികളിൽ സീറ്റ് കിട്ടുകയാണെങ്കിൽ ബാങ്ക് ലോൺ ലഭിക്കാനുള്ള സാധ്യതയും കൂടും. ജർമനിയിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നതും ആസ്ട്രിയ, റൊമാനിയ പോലുള്ള രാജ്യങ്ങളിൽ വിദ്യാഭ്യാസ ചെലവ് കുറവാണെന്നതും വിദ്യാർഥികൾക്ക് അനുകൂലമായ സാഹചര്യമാണ്. സാധാരണ കുടുംബങ്ങളിലെ കുട്ടികളുടെയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള സാഹചര്യങ്ങൾ ഇപ്പോൾ ഉണ്ട്.