പ്രിയങ്ക ചോപ്രക്ക് ഓസ്‍കര്‍ അവതാരകയാവാന്‍ ക്ഷണം
ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 88 ാമത് ഓസ്‍കര്‍ പുരസ്‍കാരദാന ചടങ്ങില്‍ ബോളിവുഡിന്റെ സ്വന്തം പ്രിയങ്ക ചോപ്രയും എത്തും.
ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 88 ാമത് ഓസ്‍കര്‍ പുരസ്‍കാരദാന ചടങ്ങില്‍ ബോളിവുഡിന്റെ സ്വന്തം പ്രിയങ്ക ചോപ്രയും എത്തും. അവാര്‍ഡ് വാങ്ങാനല്ല, ഓസ്‍കറിന്റെ ഏറ്റവും ആകര്‍ഷകമായ അവതരണത്തില്‍ പങ്കെടുക്കാന്‍. ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങില്‍ അവതാരകരില്‍ ഒരാളാവാന്‍ പ്രിയങ്ക ചോപ്രക്ക് ക്ഷണം ലഭിച്ചു. ഫെബ്രുവരി 29 നാണ് പുരസ്‌കാര വിതരണം. പ്രിയങ്ക റെഡ് കാര്‍പ്പറ്റിലുണ്ടാവുമെന്ന കാര്യം അക്കാദമി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
കൊമേഡിയന്‍ ക്രിസ് റോക് ആയിരിക്കും പ്രധാന അവതാരകന്‍. സ്റ്റീവ് കാരല്‍, ക്വിന്‍സി ജോണ്‍സ്, ബയങ് ഹന്‍ ലീ, ജൂലിയന്‍ മൂര്‍, ഒലീവിയ മന്‍, ജേര്‍ഡ് ലെറ്റോ, ജേസന്‍ സെഗല്‍, റയാന്‍ ഗോസ്‌ലിങ്, കെറി വാഷിങ്ടണ്‍, റെസി വിതര്‍സ്‍പൂണ്‍, ജെകെ സിമ്മണ്‍സ് എന്നീ ഹോളിവുഡ് താരങ്ങളും പ്രിയങ്കയോടൊപ്പമുണ്ടാവും. അമേരിക്കന്‍ ഷോ ആയ ക്വാണ്ടിക്കോയില്‍ അരങ്ങേറ്റം ഗംഭീരമാക്കിയതിനു പിന്നാലെയാണ് അക്കാദമിയിലേക്ക് പ്രിയങ്കക്ക് സ്വപ്‍നതുല്യമായ ക്ഷണം ലഭിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ ഭാഗ്യത്തെ അവിശ്വസനീയതയോടെ ഉള്‍ക്കൊള്ളുകയാണ് പ്രിയങ്ക.