ഹണീബീ സെക്കന്‍ഡ് ആദ്യ കഥയുടെ തുടര്‍ച്ച അല്ല!
പതിവു ശൈലിയില്‍ നിന്ന് മാറി കഥ പറഞ്ഞ ഹണിബീ, രണ്ടാം ഭാഗത്തിലും വ്യത്യസ്ഥത തീര്‍ക്കുകയാണ്
രണ്ട് വര്‍ഷത്തെ തിരക്കഥയെഴുത്തിന് ശേഷമാണ് ലാല്‍ ജൂനിയര്‍ ഹണീബീ സെക്കന്‍ഡുമായി വരുന്നത്. കൊച്ചിയുടെ ന്യൂജെന്‍ ജീവിതവും ആഘോഷവും കുറുമ്പുകളും ആവിഷ്‌കരിച്ച ഹണിബീ തിയറ്ററുകള്‍ ഏറ്റെടുത്തിരുന്നു. കൊച്ചിയിലും ബംഗ്‌ളൂരുവിലുമാണ് ഹണിബീ സെക്കന്‍ഡ് ചിത്രീകരണം നടക്കുന്നത്. ഹണിബീ ആദ്യഭാഗത്തിന്റെ കഥാതുടര്‍ച്ചയല്ല രണ്ടാം ഭാഗം എന്നതാണ് ഈ സിനിമയെ സംബന്ധിച്ചുള്ള കൌതുകം.
പതിവു ശൈലിയില്‍ നിന്ന് മാറി കഥ പറഞ്ഞ ഹണിബീ, രണ്ടാം ഭാഗത്തിലും വ്യത്യസ്ഥത തീര്‍ക്കുകയാണ്. ഹണിബീ ആദ്യഭാഗത്തിന്റെ ടെയില്‍ എന്‍ഡിന് തൊട്ടുമുമ്പുളള കഥയാണ് രണ്ടാം ഭാഗത്തിന് പ്രമേയമാകുന്നത്. സെബാനും ഏയ്ഞ്ചലും വിവാഹത്തിന് ശേഷം ഏയ്ഞ്ചലിന്റെ മാതാപിതാക്കളുടെ സെമിത്തേരിയില്‍ സഹോദരങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുന്നിടത്താണ് ഹണിബീ അവസാനിച്ചത്. ഇതിന് തൊട്ടുമുമ്പുള്ള രംഗം ഏയ്ഞ്ചലിന്റെ സഹോദരങ്ങളില്‍ നിന്നും ഗുണ്ടകളില്‍ നിന്നും രക്ഷതേടി ഇരുവരും കടലില്‍ ചാടുന്നതാണ്. കടലില്‍ ചാടുന്നതിന് ശേഷം എന്ത് സംഭവിച്ചു എന്നതും വിവാഹത്തിലേക്ക് എത്തിയതെങ്ങനെ എന്നതുമാണ് ഹണിബീ സെക്കന്‍ഡിന്റെ പ്രമേയം.
ആസിഫലിയും ഭാവനയും സെബാനും ഏയ്ഞ്ചലുമാകുമ്പോള്‍ ലാല്‍,സുരേഷ് കൃഷ്ണ, വസിം ജമാല്‍, അമിത് എന്നിവരാണ് പുണ്യാളന്‍ ഗ്രൂപ്പില്‍. ശ്രീനിവാസന്‍, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തിലുണ്ട്. പുണ്യാളന്‍ ഗ്രൂപ്പും ഹണി ബീ മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.ദീപക് ദേവാണ് സംഗീതം. ആല്‍ബിയാണ് ക്യാമറ. പ്രശാന്ത് മാധവ് കലാസംവിധാനവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
ഹണി ബീ ആദ്യഭാഗം ഫ്രണ്ട്സിനെ ചുറ്റിപ്പറ്റി കഥ പറയുകയായിരുന്നു. രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ ഇവരുടെ കുടുംബത്തിലൂടെയാണ് കഥ. പുറത്തു കാണുന്നവരല്ല വീട്ടുകാര്‍ക്ക് മുന്നിലെത്തുമ്പോള്‍ ഇവര്‍. ഹണി ബീ രണ്ടാം ഭാഗം കുടുംബചിത്രമാണ്. എന്നാല്‍ ആദ്യഭാഗത്തിന്റെ ആഘോഷവും രസവുമൊന്നും രണ്ടാം ഭാഗത്തിലും നഷ്ടപ്പെടില്ലെന്ന് ലാലും ഹ്യൂമര്‍ ട്രാക്കിലാണ് ചിത്രമെന്ന് ഭാവനയും പറയുന്നു.
ഹണിബീ രണ്ടാം ഭാഗമായ ഹണിബീ 2 സെലിബ്രേഷന്‍സിലൂടെ ലാല്‍ ക്രിയേഷന്‍സ് നിര്‍മ്മാണരംഗത്തേക്ക് മടങ്ങിവരികയാണ്. ആറ് വര്‍ഷത്തിന് ശേഷമാണ് ലാലിന്റെ നിര്‍മ്മാണ കമ്പനി ചിത്രമൊരുക്കുന്നത്. ഫെബ്രുവരി റിലീസാണ് ചിത്രം. ഹിറ്റ്ലര്‍, സൂപ്പര്‍മാന്‍, തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, ബ്ലാക്ക്, തൊമ്മനും മക്കളും, ചാന്തുപൊട്ട് എന്നീ സിനിമകള്‍ നിര്‍മ്മിച്ചത് ലാല്‍ ക്രിയേഷന്‍സാണ്. അഭിനയത്തില്‍ സജീവമായതിനാലാണ് പ്രൊഡക്ഷനില്‍ ഇടവേള വന്നതെന്ന് ലാല്‍ അറിയിച്ചു.