എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്നു; ട്രഷറര്‍ സാജു ജോണി രാജിവെച്ചു
എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ നിന്ന് ഇതിനോടകം പുറത്തുവന്നവരുടെ എണ്ണം 70 ആയി.
എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ പിളര്‍പ്പ് രൂക്ഷമാക്കി ട്രഷറര്‍ സാജു ജോണി രാജിവെച്ചു. എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ നിന്ന് ഇതിനോടകം പുറത്തുവന്നവരുടെ എണ്ണം 70 ആയി. സംഘടന വിട്ടവരുടെ യോഗം നാളെ കൊച്ചിയില്‍ ചേരും.
ഒരു മാസത്തോളമായി തുടരുന്ന തിയ്യേറ്റര്‍ സമരത്തിന് ആന്റി ക്ലൈമാക്സായാണ് സമരം ആരംഭിച്ച ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ പിളര്‍പ്പ് രൂപപ്പെട്ടത്. തമിഴ് ചിത്രമായ ഭൈരവയുടെ റിലീസുമായി സഹകരിച്ച് 31 തിയ്യേറ്ററുകള്‍ ആദ്യദിവസം സംഘടന വിട്ടതിനു പിന്നാലെയാണ് സംഘടന ട്രഷറര്‍ സാജു ജോണി രാജിവെച്ച് പുറത്ത് പോയത്. സാജു ജോണിയുടെ തിയ്യേറ്ററായ എറണാകുളം കവിതയടക്കം 40 ഓളം തിയ്യേറ്ററുകളില്‍ രണ്ടാം ദിവസം ഭൈരവ പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തു. കൂടുതല്‍ തിയ്യേറ്ററുകള്‍ സംഘടന വിട്ടുപുറത്തുവരുമെന്ന് സാജു ജോണി പറഞ്ഞു.
വിതരണക്കാരുടേയും നിര്‍മാതാക്കളുടേയും മേല്‍നോട്ടത്തില്‍ രൂപം കാള്ളുന്ന തിയ്യേറ്ററുടമകളുടെ പുതിയ സംഘടനയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് ഇവരുടെ തീരുമാനം. നാളെ രാവിലെ 11 മണിക്ക് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഹോട്ടലിലാണ് യോഗം. നടനും നിര്‍മാതാവുമായ ദിലീപ് യോഗത്തില്‍ പങ്കെടുക്കും. പുതിയ സംഘടന തുടങ്ങാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിച്ചത് ദിലീപാണ്. അതേസമയം, ചൊവ്വാഴ്‍ച്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ നിലവിലെ സാഹചര്യം വിശദമായി പരിശോധിക്കുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.