ഗോവന്‍ ചലച്ചിത്രമേള ഇന്ന് മുതല്‍
88 രാജ്യങ്ങളില്‍ നിന്നായി 194 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
47മത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് ഗോവയില്‍ തുടക്കമാകും. 88 രാജ്യങ്ങളില്‍ നിന്നായി 194 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പോളിഷ് സംവിധായകന്‍ ആന്‍ട്രേജ് വാജ്ഡയുടെ ആഫ്റ്റര്‍ ഇമേജാണ് ഉദ്ഘാടന ചിത്രം.
ഗോവയിലെ ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതവുമായ രമേഷ് സിപ്പി ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. പോളിഷ് സംവിധായകന്‍ ആന്‍ട്രേജ് വാജ്ഡയുടെ അവസാന ചിത്രമായ ആഫ്റ്റര്‍ ഇമേജാണ് ഉദ്ഘാടന ചിത്രം. ബോളിവുഡ് താരം അജയ് ദേവ്ഗണാണ് മുഖ്യാതിഥി.
കൊറിയന്‍ സംവിധായകന്‍ ഇം ക്വാ തെയ്ക്കിനെയും പ്രശസ്ത ഗായകന്‍ എസ പി ബാലസുബ്രമഹ്ണ്യത്തെയും ചടങ്ങില്‍ ആദരിക്കും. 88 രാജ്യങ്ങളില്‍ നിന്നുള്ള 194 ചിത്രങ്ങളാണ് മേളയില്‍ വിരുന്നൊരുക്കുക. പുതുതലമുറയില്‍പെട്ട ദക്ഷിണകൊറിയന്‍ സംവിധായകരുടെ പ്രത്യേക പാക്കേജാണ് മേളയുടെ ആകര്‍ഷണം. മലയാളിയായ ജി പ്രഭയുടെ സംസ്‌കൃത ചിത്രം ഇഷ്ടിയാണ് ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രം.
15 ചിത്രങ്ങളുള്ള മതവിഭാഗത്തില്‍ ബംഗാളി ചിത്രമായ കളേര്‍സ് ഓഫ് ഇന്നസെന്‍സ് ആണ് മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ജയരാജിന്റെ വീരം, ഡോ ബിജുവിന്റെ കാട് പൂക്കുന്ന നേരം, എംബി പത്മകുമാറിന്റെ രൂപാന്തരം എന്നീ ചിത്രങ്ങളാണ് മേളയിലെ മലയാളി സാന്നിധ്യം. ഇത്തവണ പുതുമുഖ സംവിധായകനുള്ള സെന്റിനറി പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറിയന്‍ സംവിധായകന്‍ കിം ജീ വൂനിന്റെ ദി ഏജ് ഓഫ് ഷാഡോസ് ആണ് സമാപന ചിത്രം. സംവിധായകന്‍ രാജമൊലിയാണ് 28ന് നടക്കുന്ന സമാപന സമ്മേളനത്തിലെ മുഖ്യാതിഥി. 5000ത്തിലേറെ ഡെലിഗേറ്റുകളാണ് ഇത്തവണ മേളയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.