മുംബൈ ചലച്ചിത്രമേളയില്‍ പാക് ചിത്രത്തിന് വിലക്ക്
1959ല്‍ പുറത്തിറങ്ങിയ ജഗോ ഹുവാ സവേര എന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കിയത്
മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പാക് ചിത്രത്തിന് വിലക്ക്. 1959ല്‍ പുറത്തിറങ്ങിയ ജഗോ ഹുവാ സവേര എന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കിയത്. മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജസിന്റേതാണ് തീരുമാനം.
പതിനെട്ടാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള ആദ്യം പുറത്തിറക്കിയ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയില്‍ ജഗോ ഹുവാ സവേരയും ഉള്‍പ്പെട്ടിരുന്നു. പിന്നീട് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് മേള അധികൃതര്‍ പത്രകുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. പാക് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നവനിര്‍മാണ്‍ സേന ഉള്‍പ്പെടെ നിരവധി സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അണിനിരന്ന ചിത്രമായിരുന്നു ജഗോ ഹുവാ സവേര.
എ ജെ കര്‍ദാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. കാന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 1960 ഓസ്കറിനായി പാകിസ്താന്‍ ഔദ്യോഗിക നാമനിര്‍ദേശവും ചിത്രത്തിന് ലഭിച്ചിരുന്നു. ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ - പാക് ബന്ധം വഷളായിരുന്നു. ഇന്ത്യ പാകിസ്താനില്‍ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാക് താരങ്ങളോട് ഇന്ത്യ വിടാന്‍ ചില സംഘടനകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി.