അലക്സാണ്ടര്‍ സുകുറോവിന് ഐഎഫ്എഫ്‍കെയുടെ ആദരം; സുകുറോവിന്റെ 5 ചിത്രങ്ങള്‍ മേളയില്‍

Update: 2017-12-09 02:43 GMT
Editor : Muhsina

റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സുകുറോവിനാണ് 22-ാമത് ഐഎഫ്എഫ്കെയില്‍ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സമ്മാനിക്കുന്നത്. ഭ്രമാത്മകവും ദൃശ്യചാരുതയും നിറഞ്ഞെ ഫ്രെയിമുകളാല്‍..

റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സുകുറോവിനാണ് 22-ാമത് ഐഎഫ്എഫ്കെയില്‍ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സമ്മാനിക്കുന്നത്. ഭ്രമാത്മകവും ദൃശ്യചാരുതയും നിറഞ്ഞെ ഫ്രെയിമുകളാല്‍ സന്പന്നമായ സുകുറോവിന്റെ അഞ്ച് സിനിമകള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സുകുറോവിന്റെ മാസ്റ്റര്‍ എന്നറിയപ്പെടുന്ന റഷ്യന്‍ ആര്‍ക്ക് നാളെ പ്രദര്‍ശിപ്പിക്കും.

മഹത്തായ റഷ്യന്‍ ചലച്ചിത്ര പാരന്പര്യത്തിന്റെ പിന്മുറക്കാരനാണ് അലക്സാണ്ടര്‍ സുകുറോവ്. വിഖ്യാത സംവിധായകന്‍ ആന്ദ്രേ തര്‍ക്കോവ്സ്കിയുടെ ശിഷ്യന്‍. സിനിമയെക്കാള്‍ സാഹിത്യമാണ് ഇഷ്ടമെന്ന് പറഞ്ഞ സുകുറോവ് സംവിധായകനായത് സിനിമയുടെ പുണ്യം. നെടുനീളന്‍ ഷോട്ടുകളില്‍ വിസ്മയകരമായ ദൃശ്യാനുഭവം തീര്‍ക്കുന്നവയാണ് സുകുറോവിന്റെ ചിത്രങ്ങള്‍. ഒറ്റ ഷോട്ടില്‍ തീര്‍ത്ത 96 മിനിറ്റ് ദൈര്‍ഘ്യമുള്ള റഷ്യന്‍ ആര്‍ക്ക് സിനിമാചരിത്രത്തിന്റെ ഭാഗമാണ്. 2002ല്‍ പുറത്തിറങ്ങിയ ഈ പ്രണയകാവ്യം സുകുറോവിന്റെ മാസ്റ്റര്‍ പീസായാണ് വിലയിരുത്തപ്പെടുന്നത്.

അമ്മയും മകനും തമ്മിലെ ആത്മീയ ബന്ധത്തിന്റെ ആഴങ്ങള്‍ അനാവരണം ചെയ്യുന്ന മദര്‍ ആന്‍ഡ് സണ്‍. പാരീസ് മ്യൂസിയത്തിന്റെ ഇടനാഴികളിലൂടെ പ്രേക്ഷകനെ പല കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഫ്രാങ്കോഫോണിയ, മനുഷ്യന്റെ ആസക്തികള്‍ തീര്‍ക്കുന്ന മായികലോകം ദൃശ്യവത്കരിച്ച ഫൌസ്റ്റ്, ഫാദര്‍ ആന്‍ഡ് സണ്‍ തുടങ്ങിയവയാണ് ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കുന്ന സുകുറോവ് സിനിമകള്‍. ‌

Writer - Muhsina

contributor

Editor - Muhsina

contributor

Similar News