തിരുവനന്തപുരം ചലചിത്രമേള നാളെ മുതല്‍
62 രാജ്യങ്ങളില്‍ നിന്നായി 185 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കമാകും. 62 രാജ്യങ്ങളില്‍ നിന്നായി 185 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കുടിയേറ്റവും പലായനവുമാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രമേയം.
നാളെ മുതല്‍ ഒരാഴ്ച തലസ്ഥാനം ലോക സിനിമകളുടെ കേന്ദ്രമാകും. മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ ആണ് വിശിഷ്ടാതിഥി. നിശാഗന്ധി ഓഡിറ്റോറിയം ഉള്‍പ്പെടെ 13 വേദികളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 13,000 പ്രതിനിധികളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക. അഫ്ഗാന്‍ ജനതയുടെ കുടിയേറ്റം പ്രമേയമാക്കി നവീദ് മൊഹ്മൂദി സംവിധാനം ചെയ്ത പാര്‍ട്ടിംഗ് ആണ് ഉദ്ഘാടന ചിത്രം. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് ഇത്. കെ ജി ജോര്‍ജിന്റെ സ്വപ്നാടനം ഉള്‍പ്പെടെ പ്രിന്റില്‍ ലഭിച്ച ആറ് ചിത്രങ്ങള്‍ നൈറ്റ് ക്ലാസിക്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഓപ്പണ്‍ ഫോറത്തിനും സംവാദങ്ങള്‍ക്കുമൊപ്പം ഫോക്ക് ഫെസ്റ്റിവലും ഇത്തവണ മേളയുടെ ഭാഗമാണ്. അഞ്ച് ദിവസമുള്ള ഫോക്ക് ഫെസ്റ്റിവലില്‍ 150 കലാകാരന്മാര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ഓര്‍മയായ കലാകാരന്മാര്‍ക്ക് ആദരാഞ്ജലിയായി പിന്‍നിലാവും മലയാള സിനിമയുടെ ചരിത്രം വ്യക്തമാക്കുന്ന വീഡിയോ ഇന്‍സ്റ്റിലേഷനും ഒരുക്കിയിട്ടുണ്ട്.