ഓസ്കാര്‍ നോമിനേഷന്‍, സ്വന്തം റെക്കോര്‍ഡ് തിരുത്തി മെറില്‍സ്ട്രീപ്പ്
സ്റ്റീവന്‍ സ്പില്‍ ബെര്‍ഗിന്റെ ദ പോസ്റ്റിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നോമിനേഷന്‍ കൂടി നേടിയതോടെ മെറില്‍ ഇതുവരെ നേടിയത് 21 നോമിനേഷനുകള്‍.
ഇത്തവണത്തെ ഓസ്കാര്‍ നോമിനേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ നോമിനേഷന്‍ ചരിത്രത്തില്‍ തന്റെ പേര് ഒന്ന് കൂടി അടയാളപ്പെടുത്തിയിരിക്കുകയാണ് ഹോളിവുഡ് സൂപ്പര്‍ താരം മെറില്‍സ്ട്രീപ്പ്. സ്റ്റീവന്‍ സ്പില്‍ ബെര്‍ഗിന്റെ ദ പോസ്റ്റിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നോമിനേഷന്‍ കൂടി നേടിയതോടെ മെറില്‍ ഇതുവരെ നേടിയത് 21 നോമിനേഷനുകള്‍.
മാരി ലൂയിസ് സ്ട്രീപ്പ് , ഹോളിവുഡിന്റെ സ്വന്തം മെറില്‍സ്ട്രീപ്പ് , 68ആം വയസ്സിലും വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷടിക്കുന്ന മെറില്‍ സ്ട്രീപ്പിന്റെ റെക്കോര്‍ഡുകള്‍ക്ക് ഒരുപടി കയറ്റം. ഏറ്റവും കൂടുതല്‍ ഓസ്കാര്‍ നോമിനേഷന്‍ നേടുന്ന നടിയെന്ന തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തിയിരിക്കുകയാണ് ഇത്തവണയും മെറില്‍, 21 തവണയാണ് മെറില്‍ സ്ട്രീപ്പ് ഓസ്കാര്‍ നോമിനേഷന്‍ നേടിയത്.
ജൂലിയയിലൂടെ ഹോളിവുഡ് സിനിമയില്‍ അരങ്ങേറിയ മെറിലിനെ തേടി ഓസ്കാര്‍ നോമിനേഷന്‍ ആദ്യമെത്തുന്നത് 1978ല്‍ ദ ഡീര് ഹണ്ടറിലൂടെയാണ്. മികച്ച സഹനടിക്കായിരുന്നു നോമിനേഷന്‍. തുടര്‍ന്നങ്ങോട്ട് മികച്ച നടി, സഹനടി വിഭാഗത്തില്‍ നോമിനേഷനുകളളുടെ പ്രളയം. ഒന്നിടവിട്ട എല്ലാ വര്‍ഷങ്ങളിലും ഓസ്കാറില്‍ ശക്തമായ മത്സരത്തിന് മെറില്‍ സ്ട്രീപ്പുണ്ടാകും. മൂന്ന് തവണ ജേതവുമായി.
1979ല്‍ ക്രാമര്‍ ക്രാമറിലൂടെയാണ് സഹനടിക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയത്. 82 ല്‍ സോഫിയ ചോയ്സിലെയും 2011ല്‍ അയേണ്‍ ലേഡിയിലൂടെയും മികച്ച നടിക്കുള്ള ഓസ്കര്‍ നേടി. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ദ പോസ്റ്റിലെ വാഷിംഗ്ടണ്‍ പോസ്റ്റ് പബ്ലിഷര്‍, കാതറിന്‍ ഗ്രഹമിന്റെ വേഷമാണ് മെറില്‍ സ്ട്രീപ്പിന് 21മത് ഓസ്കര്‍ നോമിനേഷന്‍ നേടിക്കൊടുത്തത്. പട്ടികയിലുള്ള മറ്റ് നാല് പേരെ പിന്തള്ളി ഇത്തവണ മെറില്‍ ഓസ്കാര്‍ നേടിയാല്‍ കൂടുതല്‍ ഓസ്കര്‍ പുരസ്കാരം നേടിയ കാതറിന്‍ ഹെപ് ബര്‍ണിലനൊപ്പമെത്തും മെറില്‍.
മെറില്‍ സ്ട്രീപ്പ് ആരാധകര്‍ കാത്തിരിപ്പിലാണ് മാര്‍ച്ച് നാലിലെ ഓസ്കാര്‍ പ്രഖ്യാപന വേദിയിലേക്ക്, മെറില്‍ ഓസ്കാര്‍ നേടുമോ എന്നതിനൊപ്പം മെറിന്റെ ശക്തമായ വാക്കുകള്‍ കൂടി കേള്‍ക്കാന്‍.