ഒടുവില്‍ കട്ടപ്പ കര്‍ണാടകക്കാരോട് മാപ്പ് പറഞ്ഞു; ഇനിയെന്താകും ?

Update: 2018-04-16 19:36 GMT
ഒടുവില്‍ കട്ടപ്പ കര്‍ണാടകക്കാരോട് മാപ്പ് പറഞ്ഞു; ഇനിയെന്താകും ?

സിനിമാപ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്എസ് രാജമൗലി ചിത്രമാണ് 'ബാഹുബലി 2'.

സിനിമാപ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്എസ് രാജമൗലി ചിത്രമാണ് 'ബാഹുബലി 2'. ചിത്രത്തിലെ 'കട്ടപ്പ'യെ അവതരിപ്പിക്കുന്ന സത്യരാജ് കാവേരി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടകത്തിനെതിരേ ഒമ്പതു വര്‍ഷം മുമ്പ് നടത്തിയ പ്രസ്താവന ഇന്ന് ബാഹുബലിയുടെ റിലീസ് പ്രതിസന്ധിയാലാക്കിയിരുന്നു. സത്യരാജ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ബാഹുബലിയെ കര്‍ണാടകയുടെ മണ്ണില്‍ കാലുകുത്തിക്കില്ലെന്നായിരുന്നു കര്‍ണാടക അനുകൂല സംഘടനകളുടെ നിലപാട്. എന്നാല്‍ റിലീസ് തടസപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ച് രാജമൗലി വികാരപരമായ വീഡിയോ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ കര്‍ണാടകക്കാരോട് മാപ്പപേക്ഷിച്ച് സത്യരാജും രംഗത്തുവന്നു.

Advertising
Advertising

കാവേരി നദീജലത്തര്‍ക്കത്തില്‍ തന്‍റെ പരാമര്‍ശം കന്നഡ ജനതക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കിയെന്ന് തനിക്ക് മനസിലായി. കന്നഡക്കാര്‍ക്കെതിരെയോ കര്‍ണാടകക്കെതിരോ അല്ല തന്‍റെ നിലപാടുകള്‍. കഴിഞ്ഞ 35 വര്‍ഷമായി തന്‍റെ സഹായിയായി ഏതു സമയത്തും ഒപ്പമുള്ള ശേഖര്‍ കന്നഡക്കാരനാണ്. ഇതു തന്നെ ഇതിനു ഉദാഹരണമാണ്. ഒമ്പതു വര്‍ഷം മുമ്പ് താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയുകയാണ്. ബാഹുബലി ചിത്രത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് താന്‍. തന്‍റെ പരാമര്‍ശത്തിന്‍റെ പേരില്‍ ചിത്രത്തിന്‍റെ റിലീസ് തടയരുത്. തമിഴ് ജനതയും ഇത് മനസിലാക്കണമെന്നും സത്യരാജ് പറഞ്ഞു. സത്യരാജ് മാപ്പ് പറയാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക അനുകൂല സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

''വർഷങ്ങൾക്കുമുമ്പ് സത്യരാജ് കാവേരി വിഷയത്തിൽ നടത്തിയ അഭിപ്രായ പ്രകടനം നിങ്ങളിൽ പലരെയും വേദനിപ്പിച്ചു എന്നറിയാം. എന്നാൽ, സിനിമക്കോ സിനിമാ പ്രവർത്തകർക്കോ അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനവുമായി ഒരു ബന്ധവുമില്ല. അത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഒരു മാസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ കണ്ടപ്പോൾ മാത്രമാണ് തങ്ങൾ ഇതറിയുന്നത്. ഏകദേശം ഒമ്പത് വർഷം മുമ്പാണ് സത്യരാജ് അഭിപ്രായപ്രകടനം നടത്തിയത്. അതിന് ശേഷം അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിക്കുകയും അവ കർണാടകയിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘ബാഹുബലി’ ഒന്നാം ഭാഗവും ഇതിലുൾപ്പെടും. ഇതിന് നൽകിയ പിന്തുണ രണ്ടാം ഭാഗത്തിനും നൽകണമെന്നും രാജമൗലി അഭ്യർഥിച്ചിരുന്നു. ഏപ്രില്‍ 28ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ വമ്പന്‍ റിലീസിന് തയ്യാറെടുക്കുകയാണ് ബാഹുബലി 2. അതിനിടെയാണ് കര്‍ണാടക റിലീസ് അപ്രതീക്ഷിത പ്രതിസന്ധിയെ നേരിടുന്നത്.

Similar News