ഇതാണ് തമിഴിലെ മഹേഷ് ഭാവന ; പ്രതികാരവുമായി ഉടനെത്തും
നിമിര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്
ഇടുക്കിയിലെ പ്രതികാരത്തിന് ശേഷം മഹേഷ് ഭാവന പ്രതികാരം തീര്‍ക്കാന്‍ തമിഴകത്തേക്ക് പറന്നു. തമിഴ് റീമേക്കിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. നായകനായ ഉദയനിധി സ്റ്റാലിന്‍ ക്യാമറയുമായി നില്‍ക്കുന്ന ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. നിമിര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്.
മലയാളത്തില്‍ നിന്നും കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് മഹേഷിന്റെ പ്രതികാരം തമിഴിലിറങ്ങുന്നത്. അപര്‍ണ്ണ ബാലമുരളി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നമിത പ്രമോദാണ്. അനുശ്രീയുടെ റോളില്‍ പാര്‍വ്വതി നായരും സുജിത് ശങ്കര്‍ അഭിനയിച്ച വേഷത്തില്‍ സമുദ്രക്കനിയുമെത്തുന്നു. ജെ.മഹേന്ദ്രന്‍, മാല പാര്‍വ്വതി എന്നിവരാണ് മറ്റ് താരങ്ങള്‍.
ദിലീഷ് പോത്തന്റെ ആദ്യസംവിധാന സംരംഭം കൂടിയായ മഹേഷിന്റെ പ്രതികാരം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. ഫഹദ് ഫാസിലാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.