അമ്മയില്‍ മുഴുവന്‍ അച്ഛന്‍മാരല്ലേ ? അവിടെ സ്ത്രീകള്‍ക്കെന്ത് കാര്യം, എന്ത് സമത്വം? രഞ്ജിനി ചോദിക്കുന്നു
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി.
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി. മലയാള സിനിമയിലെ സ്ത്രീകള്‍ക്കിത് മോശം കാലമാണെന്ന് പറഞ്ഞ നടി, നമ്മുടെ ഒരു സഹോദരിക്ക് നേരിടേണ്ടി വന്ന ക്രൂരതക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകാന്‍ ഇനിയും നാം കാത്തിരിക്കുകയാണെന്ന് പറഞ്ഞു. പുരുഷാധിപത്യത്തിലാണ് ഇന്ത്യന്‍ സിനിമയുടെ പിറവി. പിന്നീട് ദുര്‍ഗാഭായ് എന്ന കരുത്തയായ സ്ത്രീയുടെ അരങ്ങേറ്റത്തോടെ സിനിമയില്‍ സ്ത്രീ സാന്നിധ്യമുണ്ടായി. സിനിമയില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന കാലത്തായിരുന്നു ദുര്‍ഗാഭായ്‍യുടെ വരവ്. ഇതൊക്കെയാണെങ്കിലും സാങ്കേതിക വിപ്ലവം സൃഷ്ടിക്കപ്പെടുന്ന ഈ കാലത്ത്, മലയാള സിനിമ വ്യവസായത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ലജ്ജ തോന്നുന്നുവെന്ന് രഞ്ജിനി പറയുന്നു.
എവിടെയാണ് സ്ത്രീകളുടെ അവകാശങ്ങളെന്ന് ചോദിക്കുന്ന രഞ്ജിനി തൊഴില്‍ സ്ഥലത്തെ ലിംഗ വിവേചനവും അവഹേളനവുമൊക്കെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതൊരു സ്ഥാപനത്തിലും ഒരു എച്ച്ആര്‍ വകുപ്പുണ്ടാകും. അവരാണ് തൊഴിലാളി ക്ഷേമം കൈകാര്യം ചെയ്യുന്നത്. മലയാള സിനിമയില്‍ ഈ ഉത്തരവാദിത്തം അമ്മയെന്ന സംഘടനക്കാണ്. എന്നാല്‍ 28 ാം തിയതി നടന്ന യോഗത്തില്‍ എന്താണ് നമ്മള്‍ കണ്ടത്. പ്രധാന അധികാര കേന്ദ്രങ്ങളൊക്കെ അച്ഛന്‍മാരാണ് കൈകാര്യം ചെയ്യുന്നത്. അച്ഛന്‍മാരുടെ നിഴലില്‍ ഒതുങ്ങിപ്പോകുന്ന അമ്മയെയാണ് അവിടെ കണ്ടത്. അമ്മ എന്ന കൂട്ടായ്മയില്‍ സ്ത്രീകള്‍ക്ക് സമത്വമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? അമ്മയെന്ന പേരിന് പോലും അവിടെ നീതികരണമുണ്ടോ?. അന്യഭാഷ സിനിമ രംഗത്ത് ഇതില്‍ കൂടുതല്‍ സ്ത്രീ പുരുഷ സമത്വമുണ്ട്. മലയാള സിനിമയിലെ നടിമാര്‍ അടുത്തിടെ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താനായി ഒരു കൂട്ടായ്മ എന്ന നിലയില്‍ എനിക്ക് ഒരുപാട് അഭിമാനം തോന്നി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവര്‍ക്കിടയിലും അസ്ഥിരതയുണ്ടെന്നാണ് തോന്നുന്നതെന്നും രഞ്ജിനി പറഞ്ഞു. അനീതിക്കെതിരായ പോരാട്ടമാണോ ഇവിടെ നടക്കുന്നത്? അതോ വെറും പ്രഹസനമോ?. സിനിമ രംഗത്തെ സ്ത്രീകളുടെ ക്ഷേമത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക. പുരുഷാധിപത്യം പേറുന്ന ഈ രംഗത്ത് സ്ത്രീകള്‍ക്കും കരുത്തുണ്ടെന്ന് തെളിയിച്ചുകൊടുക്കാനും രഞ്ജിനി ആഹ്വാനം ചെയ്യുന്നു.