എട്ട് ദിവസം കൊണ്ട് 100 കോടി കളക്ഷനുമായി ഏക് പ്രേം കഥ
ഒപ്പം പുറത്തിറങ്ങിയ കിംഗ് ഖാന്റെ ജബ് ഹാരി മെറ്റ് സെഗാളിനെ നിലംപരിശാക്കിയാണ് ചിത്രത്തിന്റെ മുന്നേറ്റം
ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളുടെ റെക്കോഡുകളെ ബഹുദൂരം പിന്നിലാക്കി അക്ഷയ് കുമാറിന്റെ ടോയ്‍ലറ്റ്: ഏക് പ്രേം കഥ കുതിക്കുകയാണ്. എട്ട് ദിവസം കൊണ്ട് നൂറ് കോടി തൂത്തുവാരിയിരിക്കുകയാണ് ഈ ചിത്രം. ആഗസ്ത് 11ന് തിയറ്ററുകളിലെത്തിയ ചിത്രം 100.05 കോടിയാണ് വെള്ളിയാഴ്ച വരെ നേടിയത്. ഒപ്പം പുറത്തിറങ്ങിയ കിംഗ് ഖാന്റെ ജബ് ഹാരി മെറ്റ് സെഗാളിനെ നിലംപരിശാക്കിയാണ് ചിത്രത്തിന്റെ മുന്നേറ്റം.
ഭര്‍ത്താവിന്റെ വീട്ടില്‍ കക്കൂസ് ഇല്ലാത്തതിന്റെ പേരില്‍ വീട് വിട്ടിറങ്ങുന്ന സത്രീയുടെ കഥയാണ് ‘ടോയ്‌ലറ്റ് ഏക് പ്രേം കഥ’ പറയുന്നത്. തന്റെ പ്രണയത്തിനായി കാലഹരണപ്പെട്ട ഇന്ത്യൻ ആചാരങ്ങൾക്കും മൂല്യങ്ങൾക്കുമെതിരെ പോരാടുന്ന നായകനെയാണ് അക്ഷയ് കുമാർ അവതരിപ്പിച്ചിരിക്കുന്നത്.
ശ്രീ നാരായണ സിംഗ് സംവിധാനം ചെയ്ത ആക്ഷേപഹാസ്യ ചിത്രത്തിൽ അക്ഷയുടെ നായികയായെത്തിയിരിക്കുന്നത് ഭൂമി പട്നേക്കറാണ്. പൊതു സ്ഥലങ്ങളിലെ മലവിസർജനത്തെ വിമർശിക്കുന്ന ചിത്രം അത്തരം രീതികളെയും ശീലങ്ങളെയും നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നു. പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് അഭിയാൻ – ശുചിത്വ പദ്ധതിയുടെ പ്രചരണാർത്ഥമാണ് ചിത്രം പുറത്തിറങ്ങിയത്.