ദീപന്‍റെ അവസാന ചിത്രം സത്യ നാളെയെത്തും

Update: 2018-05-07 21:56 GMT
Editor : Sithara
ദീപന്‍റെ അവസാന ചിത്രം സത്യ നാളെയെത്തും

ജയറാം ആക്ഷന്‍ ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ പാര്‍വ്വതി നമ്പ്യാരും റോമയുമാണ് നായികമാര്‍

അന്തരിച്ച സംവിധായകന്‍ ദീപന്‍റെ അവസാന ചിത്രം സത്യ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. ജയറാം ആക്ഷന്‍ ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ പാര്‍വ്വതി നമ്പ്യാരും റോമയുമാണ് നായികമാര്‍. ജയറാമിന് ആക്ഷന്‍ ഹീറോ പരിവേഷം നല്‍കുന്ന ചിത്രമാണ് സത്യ.

കൊച്ചിയില്‍ നിന്ന് പോണ്ടിച്ചേരിയില്‍ ചൂതാട്ടത്തില്‍ പങ്കെടുക്കാനെത്തുന്ന സത്യ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. സത്യയെ പരാജയപ്പെടുത്താന്‍ നടക്കുന്ന ഡേവിഡ് എന്ന വില്ലന്‍ കഥാപാത്രമായി ബോളിവുഡ് താരം ദീപക് ജേത്തിയുമെത്തുന്നു. പ്രതിസന്ധികളില്‍ സത്യക്ക് പിന്തുണ നല്‍കുന്ന മിലന്‍ എന്ന നായിക കഥാപാത്രമായി വേഷമിടുന്നത് പാര്‍വ്വതി നമ്പ്യാരാണ്. ഏറെക്കാലത്തിന് ശേഷം റോമ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് സത്യ. സുധീര്‍ കരമന, രോഹിണി, വിജയരാഘവന്‍, കോട്ടയം നസീര്‍, ശോഭ മോഹന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. എ കെ സാജനാണ് തിരക്കഥയൊരുക്കിയത്. ആക്ഷനൊപ്പം ഗാനങ്ങല്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് സത്യ. ഗോപീസുന്ദറാണ് സംഗീതം.

പുതിയ മുഖത്തിലൂടെ ആക്ഷന്‍ സംവിധായകനെന്ന് പേരെടുത്ത ദീപന്‍റെ ഏഴാമത്തെ ചിത്രമാണ് സത്യ. ചിത്രീകരണം പൂര്‍ത്തിയാക്കി ഡബ്ബിങ് പുരോഗമിക്കവെയായിരുന്നു വേദനയായി ദീപന്‍റെ വിയോഗം. ദീപന്‍റെ ആത്മാവിന് പുഷ്പാഞ്ജലിയായാണ് സുഹൃത്തുക്കള്‍ ഈ ചിത്രത്തെ സമര്‍പ്പിക്കുന്നത്.

Writer - Sithara

contributor

Editor - Sithara

contributor

Similar News