2017ലെ തെരഞ്ഞെടുത്ത പത്ത് ചിത്രങ്ങള്‍

Update: 2018-05-12 07:18 GMT
Editor : Jaisy
2017ലെ തെരഞ്ഞെടുത്ത പത്ത് ചിത്രങ്ങള്‍

ഒരു പിടി നല്ല ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച വര്‍ഷമായിരുന്നു 2017

ഒരു പിടി നല്ല ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച വര്‍ഷമായിരുന്നു 2017. യുവതാരങ്ങളുടെയും പുതുമുഖ സംവിധായകരുടെയും ചിത്രങ്ങള്‍ പ്രതീക്ഷകള്‍ കവച്ചുവയ്ക്കുന്നതായിരുന്നു. അത്തരം ചില ചിത്രങ്ങളിലൂടെ..

1. അങ്കമാലി ഡയറീസ്

2017ലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അങ്കമാലിയുടെ പശ്ചാത്തലത്തിലുള്ള ലിജോ ജോസ് പല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസ്. പോര്‍ക്കും പള്ളിപ്പെരുന്നാളുമെല്ലാം അങ്കമാലി ഡയറീസിലെ രുചിക്കുന്ന ചേരുവകളായി. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥ എഴുതിയത് നടനായ ചെമ്പന്‍ വിനോദ് ജോസായിരുന്നു. സാമ്പത്തികപരമായും നേട്ടമുണ്ടാക്കിയ ചിത്രം ചലച്ചിത്ര മേളകളിലും തിളങ്ങി. പുതുമുഖങ്ങള്‍ അണി നിരന്ന ചിത്രമായിരുന്നു അങ്കമാലി ഡയറീസ്.

Advertising
Advertising

2. ടേക്ക് ഓഫ്

അന്താരാഷ്ട്ര നിലവാരമുള്ള മലയാള ചിത്രം അതായിരുന്നു ടേക്ക് ഓഫ്. ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന ചിത്രത്തില്‍ പാർവ്വതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.പ്രശസ്ത ഛായാഗ്രാഹകനായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ടേക്ക് ഓഫ്.

3. തൊണ്ടിമുതലും ദൃക്സാക്ഷിയും

മഹേഷിന്റെ പ്രതികാരത്തിലൂടെ സംവിധാന രംഗത്തെത്തിയ ദീലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും. ഒരു മാല മോഷണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ യാഥാര്‍ഥ്യം ഒട്ടും ചോര്‍ന്നു പോകാതെ ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞു. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട്, നിമിഷാ സജയന്‍ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

4. രാമന്റെ ഏദന്‍തോട്ടം

പേര് പോലെ മനോഹരമായ ചിത്രമായിരുന്നു രഞ്ജിത് ശങ്കര്‍ ഒരുക്കിയ രാമന്റെ ഏദന്‍തോട്ടം. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അനു സിത്താരയാണ് നായികായത്. കുഞ്ചാക്കോ ബോബന്‍ ടൈറ്റില്‍ കഥാപാത്രത്തെയും അവതരിപ്പിച്ചു. സ്ത്രീപുരുഷ ബന്ധത്തിന് ഒരു നിറം മാത്രം കല്‍പ്പിക്കുന്നവരിലേക്കുള്ള ചൂണ്ടുപലക കൂടിയായിരുന്നു ഈ ചിത്രം.

5. പറവ

കണ്ടാലും കണ്ടാലും കൊതി തീരാത്ത കൊച്ചി കാഴ്ചകളുമായിട്ടാണ് സൌബീന്‍ ഷാഹിറിന്റെ പറവ കേരളത്തിലേക്ക് പറന്നുയര്‍ന്നത്. പ്രാവ് പറത്തലും സൌഹൃദങ്ങളുമെല്ലാം പറവയ്ക്ക് അഴക് കൂട്ടി. ഇച്ചാബിയും ഹസീബും എന്ന രണ്ട് കുട്ടികളായിരുന്നു പറവയുടെ ചിറകുകള്‍.

6. മിന്നാമിനുങ്ങ്

സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമായിരുന്നെങ്കിലും മിന്നാമിനുങ്ങ് തിയറ്ററുകളില്‍ അത്ര മിന്നിത്തിളങ്ങിയിരുന്നില്ല. മികച്ച ചിത്രമായിരുന്നിട്ടു കൂടി ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ക്ക് സംഭവിക്കാവുന്ന ഗതി മിന്നാമിനുങ്ങിനും വന്നുവെന്നു വേണം പറയാന്‍. മകള്‍ക്ക് വേണ്ടി സ്വന്തം ജീവിത സുഖങ്ങള്‍ ത്യജിച്ച ഒരമ്മയുടെ കഥയാണ് മിന്നാമിനുങ്ങ് പറഞ്ഞത്. അനില്‍ തോമസായിരുന്നു ചിത്രമൊരുക്കിയത്.

7. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമായിരുന്നു അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ക്യാന്‍സര്‍ എന്ന ഗൌരവകരമായ വിഷയത്തെ ലളിതമായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. കോളേജ് അധ്യാപികയും വീട്ടമ്മയുമായ ഷീല ചാക്കോയെ സ്തനാര്‍ബുദം ബാധിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പഴയകാല നടി ശാന്തികൃഷ്ണയുടെ ശക്തമായ തിരിച്ചുവരവാണ് ചിത്രത്തില്‍ കണ്ടത്. ലാല്‍, നിവിന്‍ പോളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

8. എസ്ര

ഒരു ഹൊറര്‍ ചിത്രമായിരുന്നിട്ടു കൂടി അവതരണത്തിലെ പുതുമ കൊണ്ട് മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു എസ്ര. ജൂത മതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം മികച്ച ഒരു സസ്പെന്‍സ് ത്രില്ലര്‍ കൂടിയായിരുന്നു. നവാഗതനായ ജയ് കെ ആണ് സംവിധാനം. പൃഥ്വിരാജ്, ടൊവിനോ തോമസ്, പ്രിയ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

9. കെയര്‍ ഓഫ് സൈറാ ബാനു

തിരിച്ചു വരവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് കെയര്‍ ഓഫ് സൈറാ ബാനുവിലെ സൈറ. സമകാലീന സംഭവങ്ങളുമായി കോര്‍ത്തിണക്കി ചിത്രം ഒരുക്കിയത് പുതുമുഖ സംവിധായകനായ ആന്റണി സോണിയാണ്. ഷെയ്ന്‍ നിഗം, അമല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

10. മായാനദി

ക്രിസ്മസ് റിലീസായ തിയറ്ററുകളിലെത്തിയ മായാനദി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്‍മാരായ ചിത്രത്തിന്റെ സംവിധാനം ആഷിഖ് അബുവാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News