ഓസ്‍കര്‍ വാരിക്കൂട്ടി ലാ ലാ ലാന്‍ഡ്

Update: 2018-05-13 20:57 GMT
Editor : Alwyn K Jose
ഓസ്‍കര്‍ വാരിക്കൂട്ടി ലാ ലാ ലാന്‍ഡ്

ഓസ്കര്‍ നോമിനേഷനില്‍ ടൈറ്റാനിക്കിനും ആള്‍ എബൌട്ട് ഈവിനുമൊപ്പമെത്തിയ ചിത്രം ഗോള്‍ഡന്‍ ഗ്ലോബിലും ചരിത്രം സൃഷ്ടിച്ചിരുന്നു.

14 നോമിനേഷനുകളുമായെത്തിയ മ്യൂസിക്കല്‍ കോമഡി ചിത്രം ലാ ലാ ലാന്‍ഡ് 6 ഓസ്കറുകളാണ് നേടിയത്. ഓസ്കര്‍ നോമിനേഷനില്‍ ടൈറ്റാനിക്കിനും ആള്‍ എബൌട്ട് ഈവിനുമൊപ്പമെത്തിയ ചിത്രം ഗോള്‍ഡന്‍ ഗ്ലോബിലും ചരിത്രം സൃഷ്ടിച്ചിരുന്നു. മികച്ച സംവിധായകന്‍, നടി, ഛായാഗ്രാഹകന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, സംഗീതം, ഗാനം എന്നീ വിഭാഗങ്ങളിലാണ് ഡാമിയന്‍ ഷാസല്‍ സംവിധാനം ചെയ്ത ലാ ലാ ലാന്‍ഡ് ഓസ്കര്‍ നേടിയത്.

പാട്ടും ഡാന്‍സുമൊക്കെയായി ഹോളിവുഡിനെ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ആകര്‍ഷിച്ച ചിത്രമായിരുന്നു ലാ ലാ ലാന്‍ഡ്. ഹോളിവുഡില്‍ അവസരം തേടി അലയുന്ന മിയയുടെയും സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന സെബാസ്റ്റ്യനെന്ന ജാസ് പിയാനിസ്റ്റിന്റെയും പ്രണയമാണ് ഇതിവൃത്തം. ഏറെ കാലത്തിന് ശേഷമാണ് സംഗീത പ്രാധാന്യമായ ചിത്രം ഹോളിവുഡിലിറങ്ങുന്നത്. മിയയായി എമ്മ സ്റ്റോണും സെബാസ്റ്റ്യനായി റയാന്‍ ഗോസ്ലിങ്ങും തകര്‍ത്തഭിനയിച്ചിട്ടുണ്ട്, ഒട്ടും അതിഭാവുകത്വമില്ലാതെ തന്നെ.

Advertising
Advertising

പ്രേക്ഷകരുടെ ഭാവനക്കനുസരിച്ചാണ് ചിത്രം ചലിക്കുന്നതെങ്കിലും പാട്ടും നൃത്തവും നാടകീയ ചലനവുമെല്ലാം സിനിമയ്ക്ക് കാവ്യാത്മകമായ മറ്റൊരു ആസ്വാദനതലം നല്‍കുന്നു. എത്ര വേണമെങ്കിലും സ്വപ്നം കണ്ടോളൂ അത് പ്രാവര്‍ത്തികമാക്കാന്‍ കഠിന പ്രയത്നം വേണമെന്ന സന്ദേശം കൂടി നല്‍കുന്നുണ്ട്. മനോഹരമായ ഒരു ദൃശ്യാവിഷ്കാരം കൂടിയാണ് ലാ ലാ ലാന്‍ഡ്. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, തിരക്കഥ, ഛായാഗ്രാഹണം, എഡിറ്റിങ്, വസ്ത്രാലങ്കാരം, പശ്ചാത്തല സംഗീതം, മികച്ച ഗാനം, പ്രൊഡക്ഷന്‍ ഡിസൈന്‍, സൌണ്ട് എഡിറ്റിങ്, ശബ്ദ മിശ്രണം എന്നിങ്ങനെ 14 നോമിനേഷനുകളാണ് ചിത്രം നേടിയത്. ഗോള്‍ഡന്‍ ഗ്ലോബിലും ബാഫ്തയിലും ലാ ലാ ലാന്‍ഡ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News