തമിഴ്‍ സിനിമ സമരം പിന്‍വലിച്ചു

Update: 2018-05-16 15:44 GMT
തമിഴ്‍ സിനിമ സമരം പിന്‍വലിച്ചു

നിര്‍മ്മാതാക്കളുടെ സംഘടനാ നേതാവായ വിശാല്‍ ട്വിറ്ററിലൂടെയാണ് സമരം പിന്‍വലിച്ച കാര്യം പ്രഖ്യാപിച്ചത്.

ഒന്നരമാസം നീണ്ടു നിന്ന തമിഴ് സിനിമാസമരം അവസാനം പിന്‍വലിച്ചു. സിനിമാ സംഘടനകള്‍ തമിഴ്‌നാട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. നിര്‍മ്മാതാക്കളുടെ സംഘടനാ നേതാവായ വിശാല്‍ ട്വിറ്ററിലൂടെയാണ് സമരം പിന്‍വലിച്ച കാര്യം പ്രഖ്യാപിച്ചത്.

തിയേറ്റര്‍ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍, ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡേഴ്സ് എന്നിവര്‍ ഇന്ന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ഇതോടെ തമിഴ് സിനിമാ വ്യവസായത്തെയാകെ തളര്‍ത്തിയ 48 ദിവസത്തെ സമരം അവസാനിച്ചതായി പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍ പ്രസിഡന്‍റ് വിശാല്‍ അറിയിച്ചു. ഡിജിറ്റല്‍ സേവനദാതാക്കളുടെ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സമരം. ഇക്കാര്യത്തില്‍ ഡിജിറ്റല്‍ സര്‍വ്വീസ് പ്രൊവൈഡേഴ്‌സുമായി ഒരു ധാരണയിലെത്തിയിട്ടുണ്ട്. മാത്രവുമല്ല ‍ഇനി മുതല്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തന്നെ മിതമായ തുകയ്ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കും. ജൂണ്‍ മുതല്‍ ഇതു നിലവില്‍ വരും. ചര്‍ച്ചകളുടെ ഫലമായി ബോക്‌സോഫീസ് കളക്ഷനുകളില്‍ സുതാര്യത കൈവരുത്താന്‍ തീരുമാനമായിട്ടുണ്ട്. ഏതായാലും തമിഴ് സിനിമാലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദീര്‍ഘമായ സിനിമാസമരമാണ് കഴിഞ്ഞു പോയത്. രജനീകാന്തിന്‍റെ കാല ഉള്‍പ്പെടെ ഇനി റിലീസ് ചെയ്യാനുള്ള സിനിമളെല്ലാം ഉടന്‍ തിയറ്ററിലെത്തും. പുതിയ സിനിമകളുടെ ഷൂട്ടിങും ഉടന്‍ തുടങ്ങും.

Similar News