ഒഴിവുദിവസത്തെ കളി അടക്കം നാല് മലയാള ചിത്രങ്ങള്‍ നാളെയെത്തും

Update: 2018-05-17 13:02 GMT
Editor : admin
ഒഴിവുദിവസത്തെ കളി അടക്കം നാല് മലയാള ചിത്രങ്ങള്‍ നാളെയെത്തും

പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ലെന്‍സ്, അന്യര്‍ക്ക് പ്രവേശനമില്ല, ഭ്രമം എന്നീ ചിത്രങ്ങളും നാളെ പ്രദര്‍ശനം തുടങ്ങും

സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി അടക്കം നാല് മലയാള ചിത്രങ്ങള്‍ നാളെ തീയറ്ററുകളില്‍ എത്തും. പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ലെന്‍സ്, അന്യര്‍ക്ക് പ്രവേശനമില്ല, ഭ്രമം എന്നീ ചിത്രങ്ങളും നാളെ പ്രദര്‍ശനം തുടങ്ങും.

മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം അടക്കമുള്ള ബഹുമതികള്‍ നേടിയാണ് ഒഴിവുദിവസത്തെ കളി നാളെ തീയറ്ററുകളിലെത്തുന്നത്. താരത്തിളക്കം ഇല്ലാതെ നിര്‍മിച്ച ചിത്രം പ്രമേയത്തിലെയും അവതരണത്തിലേയും വ്യത്യസ്തത കൊണ്ടാണ് ശ്രദ്ധനേടിയത്. സനല്‍കുമാര്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഒരു തിരഞ്ഞെടുപ്പ് ദിവസം ഒഴിവുകാലം ഉല്ലസിക്കാന്‍ പോകുന്ന നാല് സുഹൃത്തുക്കളുടെ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്. അഭിജയും ശ്രീധറുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. സംവിധായകന്‍ ആഷിഖ് അബു ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

Advertising
Advertising

ജയപ്രകാശ് രാധാകൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെന്‍സ്. സംവിധായകന്‍ തന്നെ കേന്ദ്ര കഥാപാത്രമായ അരവിന്ദ് ആയി എത്തുന്ന ചിത്രം സൈബര്‍ ലോകവും അതിന്റെ പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുന്നു. മലയാളം കൂടാതെ മൂന്ന് ഭാഷകളിലേക്ക് കൂടി മൊഴിമാറ്റം ചെയ്തിട്ടുണ്ട് ചിത്രം. സ്പെയിനിലെ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ നിരവധി ദേശീയ, അന്താരാഷ്ട്ര അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

വി എസ് ജയകൃഷ്ണന്‍ സംവിധാനം ചെയ്ത അന്യര്‍ക്ക് പ്രവേശനമില്ല ഒരു കോമഡി ചിത്രമാണ്. സുരാജ് വെഞ്ഞാറന്മൂടും ടിനി ടോമുമാണ് നായകന്മാര്‍. ബാസ്‌കറ്റ് ബോള്‍ കോച്ചായ വളഞ്ഞവഴി ഷിന്‍ജോ എന്ന കഥാപാത്രമായി സുരാജ് എത്തുന്നു. ഡബ്ബിംങ് ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് ടിനി ടോമിന്. അതിഥി, ജീനാ റിജു എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. ഇടുക്കിയിലെ യുവ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഒരുക്കിയ ഭ്രമവും നാളെ തിയറ്ററുകളിലെത്തും. മാസ്റ്റര്‍ ക്രാഫ്റ്റ് ഫിലിംസിന്റെ ബാനറില്‍ നവാഗതനായ വിക്ടര്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം വട്ടിപ്പലിശക്കാരന്റെ കഥയാണ് പറയുന്നത്. നാളെ ഇരുപത്തിയഞ്ചോളം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News