ഓസ്‍കര്‍ പുരസ്‍കാര പ്രഖ്യാപനം നാളെ
ഓസ്കര്‍ നിശക്കായി ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്റര്‍ ഒരുങ്ങിക്കഴിഞ്ഞു.
89മത് ഓസ്കര്‍ പുരസ്കാരം നാളെ പ്രഖ്യാപിക്കും. 14 നോമിനേഷന്‍ നേടിയ ലാ ലാ ലാന്‍ഡ് എത്ര ഓസ്കര്‍ വാങ്ങിക്കൂട്ടുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓസ്കര്‍ നിശക്കായി ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്റര്‍ ഒരുങ്ങിക്കഴിഞ്ഞു.
മികച്ച ചിത്രം നടന്‍ നടി തുടങ്ങി 24 വിഭാഗങ്ങളിലാണ് ഓസ്കര്‍ പുരസ്കാരം. ലാ ലാ ലാന്‍ഡ്, അറൈവല്‍, ഹാക്സോ റിഡ്ജ്, ഹെല്‍ ഓര്‍ ഹൈ വാട്ടര്‍, ലയണ്‍, മാഞ്ചസ്റ്റര്‍ ബൈ ദ സീ, ഫെന്‍സസ്, മൂണ്‍ ലൈറ്റ്, ഹിഡന്‍ ഫിഗേഴ്സ് എന്നിവയാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്. ഡെനിസ് വിലെന്യൂവ്, മെല്‍ ഗിബ്സണ്‍, ഡാമിയന്‍ ഷാസെല്‍, കെന്നത്ത് ലോനഗന്‍, ബാരി ജെന്‍കിന്‍സ് എന്നിവരാണ് സംവിധായകരുടെ പട്ടികയിലുള്ളത്. മാഞ്ചസ്റ്റര്‍ ബൈ ദ സീയിലൂടെ കെയ്സി അഫ്ലക്ക് ,ഹാക്സോ റിഡ്ജിലൂടെ ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡും ലാ ലാ ലാന്‍ഡിലൂടെ റയാന്‍ ഗോസ്ലിങും കാപ്റ്റന്‍ ഫന്‍റാസ്റ്റികിലൂടെ വിഗോ മോര്‍ട്ടെന്‍സനും ഫെന്‍സസിലൂടെ ഡെന്‍സല്‍ വാഷിഗ്ടണ്‍ എന്നിവരാണ് മികച്ച നടനുള്ള ഓസ്കറിനായി മത്സരിക്കുന്നത്. ഇസബെല്ല ഹുപ്പേര്‍ട്ട് , റൂത്ത് നെഗ, നതാലിയ പോര്‍ട്ട്മാന്‍ , എമ്മ സ്റ്റോണ്‍ , മെറില്‍ സ്ട്രീപ്പ് എന്നിവരാണ് നടിമാരുടെ പട്ടികയിലുള്ളത്. ലയേണിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള പട്ടികയില്‍ ഇടം പിടിച്ച ദേവ് പട്ടേലാണ് ഓസ്കറിലെ ഏക ഇന്ത്യന്‍ സാന്നിധ്യം. ഫെന്‍സസിലെ റോസിനെ അവതരിപ്പിച്ച വയോള ഡേവിസിനാണ് മികച്ച സഹനടിമാരില്‍ ഏറെ സാധ്യത കല്‍പിക്കപ്പെടന്നത്.
ട്രംപിന്റെ യാത്രാ വിലക്കുള്ളതിനാല്‍ വിദേശ ഭാഷാ ചിത്ര വിഭാഗത്തില്‍ നോമിനേഷന്‍ നേടിയ ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനോ അണിയറ പ്രവര്‍ത്തകരോ പുരസ്കാര ച്ചടങ്ങിനെത്തില്ല. പകരം നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ചിത്രത്തെ പ്രതിനീധികരിച്ചെത്തും. ലിയനാര്‍ഡോ ഡി കാപ്രിയോ, ബ്രീ ലാര്‍സണ്‍ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം റെഡ് കാര്‍പ്പറ്റിലെത്തും. നാളെ രാവിലെ ഇന്ത്യന്‍ സമയം 7 മണി മുതലാണ് പുരസ്കാര പ്രഖ്യാപനം. ജിമ്മി കിമ്മലാണ് പരിപാടിയുടെ അവതാരകന്‍.