ചലച്ചിത്രമേളയില്‍ കാണികളെ ആകര്‍ഷിച്ച് 'നെരൂദ'

Update: 2018-05-23 00:54 GMT
Editor : Subin
ചലച്ചിത്രമേളയില്‍ കാണികളെ ആകര്‍ഷിച്ച് 'നെരൂദ'

രാഷ്ട്രീയ അഭയാര്‍ഥിയായി ഒളിവില്‍ പോകുന്ന നെരൂദയെ പൊലീസ് ഓഫീസര്‍ പിന്തുടരുന്നതാണ് ചിത്രം...

ചിലിയന്‍ കവി പാബ്ലോ നെരൂദയെക്കുറിച്ചുള്ള നെരൂദ എന്ന ചിത്രം ചലച്ചിത്ര മേളയിലെ അഭ്രകാവ്യമായി. തിരശീലയില്‍ കാമറ കൊണ്ടുള്ള കവിതയെഴുത്ത്. നെരൂദയുടെ കവിതകളെ ആദരവോടെ പിന്തുടരുന്ന കവി ശ്രീകുമാറിനും ചിത്രം കാവ്യാനുഭവമായി.

പാബ്ലോ നെരൂദയെക്കുറിച്ച് നാട്ടുകാരനായ പാബ്ലോ ലെറെയിന്‍ സംവിധാനം ചെയ്ത സിനിമയാണ് നെരൂദ. രാഷ്ട്രീയ അഭയാര്‍ഥിയായി ഒളിവില്‍ പോകുന്ന നെരൂദയെ പൊലീസ് ഓഫീസര്‍ പിന്തുടരുന്നതാണ് ചിത്രം. കവിയെ പിടികൂടാന്‍ കഴിയാതെ ഓഫീസര്‍ മഞ്ഞില്‍ മരിച്ചുവീഴുന്നു. നെരൂദയുടെ കാവ്യജീവിതവും ഒപ്പം പീഡിതരായ മനുഷ്യര്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന പോരാളിയുടെ ജീവിതത്തില്‍ നിന്ന് ഒരു സന്ദര്‍ഭമാണ് സിനിമ. ചിത്രം വളരെയേറെ ഇഷ്ടപ്പെട്ടതായി കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.

ലോകം മുഴുവന്‍ സ്‌നേഹിക്കുന്ന കവിയെ മലയാളികളും ആദരിക്കുന്നുവെന്നതിന്റെ തെളിവാണ് നിശാഗന്ധിയിലെ നിറഞ്ഞ ആസ്വാദക സാന്നിധ്യമെന്നും കുരീപ്പുഴ ഓര്‍മിപ്പിച്ചു. കവിയെന്നതിനൊപ്പം നെരൂദയുടെ രാഷ്ട്രീയവും മനുഷ്യസ്‌നേഹവും പ്രകടമാക്കുന്നതാണ് സിനിമ.

നെരൂദയെന്ന ചലച്ചിത്ര കാവ്യം കവിയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതായി . ഓസ്‌കറില്‍ വിദേശഭാഷാചിത്ര വിഭാഗത്തില്‍ ചിലെയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ചിത്രം, കാന്‍ മേളയില്‍ അംഗീകാരം നേടി.

Writer - Subin

contributor

Editor - Subin

contributor

Similar News