കാക്കിക്കുള്ളിലെ കലാകാരന്‍

Update: 2018-05-23 19:56 GMT
Editor : Alwyn K Jose
കാക്കിക്കുള്ളിലെ കലാകാരന്‍

പൊലീസ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ജഗന്നാഥ വര്‍മ എല്ലാകാലവും കലക്കൊപ്പമായിരുന്നു.

പൊലീസ് ഓഫീസര്‍... ജഡ്ജ്.. പുരോഹിതന്‍..തറവാട്ടു കാരണവര്‍ ...അങ്ങനെ നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടപിടിച്ച നടനാണ് ജഗന്നാഥ വര്‍മ. കാക്കിക്കുള്ളിലെ കലാകാരന്‍. പൊലീസ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ജഗന്നാഥ വര്‍മ എല്ലാകാലവും കലക്കൊപ്പമായിരുന്നു.

കലാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനനം. സഹോദരന്‍മാരെല്ലാം കലാകാരന്‍മാര്‍. സാഹിത്യകാരന്‍ കെ എല്‍ മോഹന വര്‍മ അടുത്ത ബന്ധു. അയല്‍വാസി വയലാര്‍ രാമവര്‍മ. വളര്‍ന്ന വന്ന അന്തരീക്ഷം മുഴുവന്‍ കലയെ പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു. കഥകളി അഭ്യസിച്ച് തുടങ്ങിയത് അഞ്ചാം വയസ്സില്‍. ചെണ്ട പഠിക്കുക എന്നത് അന്നേയുള്ള മോഹമായിരുന്നു. പക്ഷേ അന്നത് നടന്നില്ല. പിന്നീട് പൊലീസ് വകുപ്പില്‍ ജോലി കിട്ടി തൃശൂരിലേക്ക് ചേക്കേറി. കലാതലസ്ഥാനത്തേക്കുള്ള ചേക്കേറല്‍ ഒരു തുടക്കമായി. അവിടെ അയല്‍ വാസിയായിരുന്ന നാടക അഭിനേതാവ് കൂടിയായ സിഎന്‍ ബാലകൃഷ്ണനുമായുള്ള അടുപ്പമാണ് നാടക രംഗത്തേക്കുള്ള പ്രവേശത്തിന് കാരണം. പിന്നീട് സിനിമയിലേക്ക്. തുടര്‍ന്ന് ടെലിഫിലിം, ടിവി പരമ്പര തുടങ്ങി നിരവധി റോളുകള്‍. ജനപ്രിയ മാധ്യമങ്ങളില്‍ തിളങ്ങുന്ന കാലത്തും കഥകളിയെ മുറുകെ പിടിച്ചു. സഹോദരന്‍ സുന്ദരനാഥ വര്‍മയോടൊപ്പം കര്‍ണപഥത്തിലെ കുന്തിയുടെവേഷം അരങ്ങില്‍ അവിസ്മരണീയമാക്കി. ബോക്സര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ വലത് കണ്ണിന്റെ കാഴ്ചശക്തി നഷ്ടമായി. എഴുപത്തിനാലാം വയസില്‍ ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ചത് അദ്ദേഹത്തിന്റെ അഞ്ചാം വയസില്‍ നടക്കാതെ പോയ മോഹത്തിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News