ഇറാഖിലെ മലയാളി നഴ്സുമാരുടെ ജീവിതം പറയുന്ന ടേക്ക് ഓഫ് അടുത്തയാഴ്ച എത്തും
കേരളത്തില്‍ നിന്നും ഇറാഖിലെ തിക്രിത്തില്‍ ജോലി തേടി പോകുന്ന സമീറ എന്ന നഴ്സിന്‍റെ ജീവിത്തിലൂടെയാണ് ടേക്ക് ഓഫിന്‍റെ കഥ സഞ്ചരിക്കുന്നത്
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി തുടങ്ങി വന്‍ താരനിര ഒരുമിക്കുന്ന ചിത്രമാണ് ടേക്ക് ഓഫ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ പറയുന്നു.
കേരളത്തില്‍ നിന്നും ഇറാഖിലെ തിക്രിത്തില്‍ ജോലി തേടി പോകുന്ന സമീറ എന്ന നഴ്സിന്‍റെ ജീവിത്തിലൂടെയാണ് ടേക്ക് ഓഫിന്‍റെ കഥ സഞ്ചരിക്കുന്നത്. വിമതരുടെ പിടിയിലായി ആശുപത്രികളില്‍ ബന്ദികളാക്കപ്പെട്ട നഴ്സുമാരും കുടുംബവും അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങള്‍ സിനിമ ദൃശ്യവത്ക്കരിക്കുന്നു. സമീറ എന്ന നഴ്സായി പാര്‍വതി വേഷമിടുന്നു. നഴ്സിന്‍റെ വേഷമാണ് കുഞ്ചാക്കോ ബോബനും. ഇന്ത്യന്‍ അംബാസിഡറായി ഫഹദ് ഫാസിലും വേഷമിടുന്നു. 12 വർഷത്തിലേറെയായി മലയാള സിനിമയിൽ എഡിറ്ററുടെ വേഷത്തിൽ തിളങ്ങിയ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടേക്ക് ഓഫ്.
അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് 'ടേക്ക് ഓഫ്' നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച ടേക്ക് ഓഫ് തീയറ്ററുകളിലെത്തും.