അമ്മയുടെ യോഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും എന്തേ മിണ്ടിയില്ല ?
താരസംഘടനയായ അമ്മയുടെ യോഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും എന്തുകൊണ്ട് മൌനം അവലംബിച്ചുവെന്ന ചോദ്യവുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.
താരസംഘടനയായ അമ്മയുടെ യോഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും എന്തുകൊണ്ട് മൌനം അവലംബിച്ചുവെന്ന ചോദ്യവുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. നടിക്കെതിരായ അതിക്രമവും ഇതേക്കുറിച്ചുള്ള പൊലീസ് അന്വേഷണവും സിനിമ മേഖലയിലേക്ക് നീണ്ടതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഈ വിഷയത്തേക്കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നുമുണ്ടായില്ലെന്ന് സംഘടനയുടെ നേതാക്കളായ ഇന്നസെന്റും ഗണേഷ് കുമാറും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബാലചന്ദ്രമേനോന്‍ രംഗത്തുവന്നിരിക്കുന്നത്.
താന്‍ അമ്മ എന്ന സംഘടനയിലെ ഒരു അംഗം മാത്രമാണെന്നാണ് പുതിയ തലമുറയിലെ ചിലര്‍ കരുതിയിരിക്കുന്നത്. എന്നാല്‍ ആ സംഘടനക്ക് അമ്മ എന്ന് പേരിടുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഒരാളാണ് താന്‍. താരങ്ങള്‍ക്കായി ഒരു സംഘടന എന്ന ചിന്ത ഉദിക്കുന്ന സമയത്ത് ഇപ്പോള്‍ നിങ്ങള്‍ കരുതുന്ന ആളുകളൊന്നും അതിലുണ്ടായിരുന്നില്ല. അവരൊക്കെ പിന്നീട് അതിലേക്ക് വന്നവരാണ്. മുരളിയും വേണുനാഗവള്ളിയുമാണ് നടീനടന്‍മാര്‍ക്കായുള്ള സംഘടന രൂപീകരിക്കുന്നതിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തത്. വേണുവാണ് തന്നോട് ഈ സംഘടനയില്‍ അംഗമാകണമെന്ന് നിര്‍ബന്ധിച്ചത്. അന്ന് താനൊരു നടനാണെന്ന ബോധ്യമൊന്നുമുണ്ടായിരുന്നില്ല. സംഘടനയ്ക്കൊരു പേര് വേണമെന്നായി അടുത്ത ആവശ്യം. ആയിടക്കാണ് താന്‍ മലേഷ്യയിലെ ഒരു മലയാളി സംഘടനയുടെ കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ പോയത്. ആ സംഘടനയുടെ പേര് അമ്മ എന്നായിരുന്നു. ആ പേര് തനിക്ക് ഇഷ്ടപ്പെട്ടു. പിന്നീട് തിരിച്ച് നാട്ടില്‍ വന്നപ്പോള്‍ മുരളിയോടും വേണുവിനോടും ഇക്കാര്യം പറഞ്ഞു. മുരളിക്ക് ആ പേര് ഒരുപാടിഷ്ടപ്പെട്ടു. അങ്ങനെയാണ് താരസംഘടനക്ക് അമ്മ എന്ന പേരിടാന്‍ തീരുമാനിക്കുന്നത്. ഇക്കാര്യം എത്ര പേര്‍ക്ക് അറിയാമെന്നും ബാലചന്ദ്ര മേനോന്‍ ചോദിക്കുന്നു. മധു പ്രസിഡന്റായും താന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അന്ന് താന്‍ സെക്രട്ടറിയായി വേദിയില്‍ സംസാരിക്കുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും കാണികളായിരുന്നു. താരം, താരാധിപത്യം എന്ന നിലയിലേക്ക് സംഘടന പോകരുതെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇന്ന് അമ്മ ഒരു ചെണ്ടയായി മാറിയിരിക്കുന്നു. അമ്മയില്‍ നിന്ന് ഒരു ഔദാര്യവും താന്‍ കൈപ്പറ്റിയിട്ടില്ല. തനിക്ക് അനാരോഗ്യമുണ്ടായിരുന്ന സമയത്ത് പോലും ഒരു സഹായവും ലഭിച്ചിട്ടില്ല. ഇപ്പോള്‍ ചിലര്‍ കണക്കുതീര്‍ക്കാന്‍ വേണ്ടി അമ്മയെ ഉപയോഗിക്കുകയാണെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.