പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബിജെപി എംഎല്‍എ
ബാജിറാവോ മസ്താനിക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പത്മാവതി എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് തീവെക്കുമെന്ന് ബിജെപി എംഎല്‍എ.
ബാജിറാവോ മസ്താനിക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പത്മാവതി എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് തീവെക്കുമെന്ന് ബിജെപി എംഎല്‍എ. ഹൈദരാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ ടി രാജാ സിങാണ് പത്മാവതിക്കെതിരെ പരസ്യ ഭീഷണിയുമായി രംഗത്തു വന്നിരിക്കുന്നത്. തെലങ്കാനയില്‍ എവിടെ ചിത്രം പ്രദര്‍ശിപ്പിച്ചാലും അവര്‍ക്ക് ഈ ഗതി ആയിരിക്കുമെന്നും എംഎല്‍എ ഭീഷണി മുഴക്കുന്നു. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ആകാനിരിക്കെയാണ് ഭീഷണി.
''രജപുത്രരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് ചിത്രം. അതുകൊണ്ട് തന്നെ റിലീസിന് മുമ്പ് രജപുത്രരെ ചിത്രം കാണിച്ച് അനുമതി വാങ്ങിയ ശേഷമാണ് തീയറ്ററുകളില്‍ എത്തിക്കേണ്ടത്. ചരിത്രത്തെ വളച്ചൊടിക്കാനും പത്മാവതിയെ മോശമായി ചിത്രീകരിക്കാനും ശ്രമിച്ചാല്‍ അത് എന്തു വില കൊടുത്തും തടയും. ഒരിടത്തും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കാന്‍ രജപുത്രരെ എംഎല്‍എ ആഹ്വാനം ചെയ്തു. ചിത്രത്തിനെതിരായ പോരാട്ടത്തില്‍ താന്‍ മുമ്പിലുണ്ടാകും. ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ നിയമ നടപടി നേരിടുകയോ ചെയ്താല്‍ തന്റെ മുഴുവന്‍ സ്വാധീനവും ഉപയോഗിച്ച് അവരെ കേസുകളില്‍ നിന്ന് രക്ഷിക്കുമെന്നും എംഎല്‍എ പറഞ്ഞു.
നേരത്തെ, ചിത്രത്തിന്റെ റിലീസിങിന് താത്കാലിക വിലക്കേര്‍പ്പെടുത്തണമെന്ന ബിജെപിയുടെ ആവശ്യം ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തളളിയിരുന്നു. ചിത്രത്തില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുളള ഉളളടക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് പത്മാവതി. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ചിത്രീകരണത്തിനിടെ സെറ്റ് അഗ്‌നിക്കിരയാക്കിയത് വിവാദമായിരുന്നു. 14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് ഈ സിനിമ. ദീപിക റാണി പത്മിനിയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിടുന്നു. 160 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.