നാല് മലയാള ചിത്രങ്ങള്‍ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്
മണികണ്ഠന്റെ 'അയാള്‍ ജീവിച്ചിരിപ്പുണ്ട്', കെപിഎസി ലളിത നായികയാകുന്ന 'ദേവയാനം', 'കേരളം.കോം', 'സമര്‍പ്പണം' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്
നാല് മലയാള ചിത്രങ്ങള്‍ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. മണികണ്ഠന്റെ 'അയാള്‍ ജീവിച്ചിരിപ്പുണ്ട്', കെപിഎസി ലളിത നായികയാകുന്ന 'ദേവയാനം', 'കേരളം.കോം', 'സമര്‍പ്പണം' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.
മണികണ്ഠനെയും വിജയ് ബാബുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വ്യാസന്‍ കെപി സംവിധആനം ചെയ്യുന്ന ചിത്രമാണ് അയാള്‍ ജീവിച്ചിരിപ്പുണ്ട്. എഴുത്തുകാരനായ ജോണ്‍ മാത്യു മാത്തനായി വിജയ് ബാബുവും മത്സ്യ തൊഴിലാളിയായ മുരുകനായി മണികണ്ഠനും വേഷമിടുന്നു. ഇരുവരും തമ്മിലുള്ള സൌഹൃദവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു. മറാത്തി താരം നമ്രതയാണ് നായിക.
മരണഭയം പ്രമേയമായുള്ള ചിത്രമാണ് നവാഗതനായ സുകേഷ് റോയ് സംവിധാനം ചെയ്യുന്ന ദേവയാനം. കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച വേഷമാണ് ദേവയാനത്തിലേത്. കല്‍പ്പാത്തി അഗ്രഹാരത്തിലെ ദേവമ്മാള്‍ എന്ന കഥാപാത്രത്തെയാണ് കെപിഎസി ലളിത അവതരിപ്പിക്കുന്നത്. കൈലാഷ്, മാളവിക, അക്ഷര കിഷോര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റ് താരങ്ങള്‍.
കേരളത്തിന്റെ ദൃശ്യഭംഗിയും സാംസ്ക്കാരിക തനിമയും കേരള.കോം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് തമിഴ് സംവിധായകന്‍ എസ്എസ് കുമരന്‍. കേരള- തമിഴ്നാട് സംസ്ക്കാരങ്ങളുടെ സമന്വയമാണ് ചിത്രം. പുതുമുഖങ്ങളായ അബി, ഗായത്രി, അഭിരാമി, ദീക്ഷിത എന്നിവരാണ് പ്രധാനവേഷങ്ങളില്‍.
കാലിക്കറ്റ് സര്‍വകലാശാല അധ്യാപകനും നിരൂപകനുമായ ഡോ കെ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സമര്‍പ്പണം. സ്ത്രീ ജീവിതത്തിന്റെ അരക്ഷിത കാഴ്ചയും അനുഭവവുമാണ് ചിത്രം. സന്തോഷ് കീഴാറ്റൂര്‍, അനില്‍ നെടുമങ്ങാട്, വര്‍ജീനിയ റോഡ്രിഗ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.