'ജീവിതത്തില്‍ അഭിനയിക്കാന്‍ പറയല്ലേ, പ്ലീസ്'

Update: 2018-05-26 20:26 GMT
Editor : Subin
'ജീവിതത്തില്‍ അഭിനയിക്കാന്‍ പറയല്ലേ, പ്ലീസ്'

"ജീവിതത്തില്‍ അഭിനയിക്കില്ല. ഒരു സിനിമ കൊണ്ടുവാ കുറച്ച് കാശ് താ ഞാന്‍ അഭിനയിക്കാം..."

Full View

'അമ്മേനെ ഒന്ന് കെട്ടിപ്പിടിച്ചേ, അടുത്തോട്ടിരുന്നോ തുടങ്ങിയ ആവശ്യങ്ങളോട് ഒന്നും അഭിനയിക്കാന്‍ പറയരുത് ട്ടാ, ആരും' എന്ന് പറഞ്ഞായിരുന്നു വിനായകന്‍ പ്രതികരിച്ചു തുടങ്ങിയത്. നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയത് സിനിമയിലെ അഭിനയത്തിനാണെന്ന് ബോധ്യമുള്ള വിനായകന്‍ എല്ലാ ക്യാമറകള്‍ക്കു മുന്നിലും അഭിനയിക്കില്ലെന്ന നിലപാട് വ്യക്തമാക്കുകയായിരുന്നു. ജീവിതത്തില്‍ അഭിനയിക്കില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന വിനായകന്റെ പ്രതികരണത്തിന്റെ വെട്ടിമുറിക്കാത്ത പൂര്‍ണ്ണരൂപം.

Advertising
Advertising

ആദ്യ പ്രതികരണത്തിന് ശേഷം അമ്മയുടെ അടുത്തേക്ക് കസേര നീക്കിയിരുന്ന വിനായകന്റെ കൈകളില്‍ അമ്മ പിടിച്ചിട്ടുണ്ടായിരുന്നു. ചാനല്‍ പത്ര ക്യാമറകള്‍ക്ക് നേരെ കൈ വീശി തുടക്കം. ഒന്ന് അമ്മയെ കെട്ടിപ്പിടിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യം.

'അതൊന്നും നടക്കൂല്ലാ, എല്ലാവരും കണ്ടോ ഇല്ലെങ്കി ഞാന്‍ വഴക്കുപറയും. ജീവിതത്തില്‍ അഭിനയിക്കില്ല, അതാണ്. അതൊക്കെ എന്റെ അമ്മയുമായുള്ളതാണ്.'

പിന്നെയും ചാനല്‍ ക്യാമറകള്‍ വിനായകനടുത്തേക്ക്. വീണ്ടും വിനായകന്റെ മുന്നറിയിപ്പ്. ''അഭിനയിക്കാന്‍ പറയരുത് പ്ലീസ്... അഭിനയിക്കാന്‍ പറയരുത്'

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുന്നു, എന്താണ് പ്രതികരണം?

'എന്ത് പറയാനാ വളരെ സന്തോഷമുണ്ട്. വീട്ടില്‍ ഈ അവാര്‍ഡ് എത്തിയതില്‍ വളരെ സന്തോഷം. ഒന്നുരണ്ട് കാര്യങ്ങള്‍ പറയാതിരുന്നുപോയിട്ടുണ്ട്. എന്റെ പ്രൊഡ്യൂസര്‍ പ്രേം സര്‍, രാജീവ് രവി... വളരെ സന്തോഷം എന്റെ നന്ദി ഞാന്‍ അവരെ അറിയിക്കണേണ്.

ഞാന്‍ ഇത്രേം ദിവസം പറയാതിരുന്നതാണ്. ഇത് വരട്ടെ. എന്താണ് സംഭവിക്കുകയെന്ന് അറിയാന്‍ വേണ്ടി. Thank you mr. Prem sir Mr.Rajeev ravi' ആറ്റിക്കുറുക്കിയ വാക്കുകളിലേക്ക് പ്രതികരണം ചുരുക്കുമ്പോഴും വിനായകന്റെ മുഖത്ത് ജീവിതത്തില്‍ അഭിനയിക്കാത്ത ഒരു പച്ച മനുഷ്യന്റെ സമ്മര്‍ദ്ദം പ്രകടമായിരുന്നു.

തുടര്‍ന്നും അഭിനയം? എന്ന ചോദ്യത്തിന്
ഒരു നിമിഷം പോലും വൈകാതെ 'പിന്നെ, മരണം വരെ' എന്ന കരുത്തുള്ള മറുപടി.

ഈ ഒരു അഭിനയ നേട്ടത്തെ എങ്ങനെയാണ് കാണുന്നത്?
'ഒന്നുമില്ല, ഞാന്‍ ഇത്രയും നാള്‍വര്‍ക്ക് ചെയ്തതാണ്. അത്രയും നാളത്തെ എക്‌സ്പീരിയന്‍സ് വെച്ച് എനിക്ക് വര്‍ക്ക്ഔട്ടായതായിരിക്കാം. പിന്നെ എല്ലാം കൂടി ഈ പടത്തില്‍ വര്‍ക്കൗട്ടായി വന്നു. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് രാജീവ് രവിക്ക് വളരെ വളരെ ഹൃദയത്തില്‍ തൊട്ടുള്ള നന്ദി രേഖപ്പെടുത്തുന്നത്'

പ്രതീക്ഷിച്ചിരുന്നോ?
'പ്രതീക്ഷിക്കാന്‍ പറ്റില്ല. കാരണം ഈ വ്യവസ്ഥയോട് അത്ര താല്‍പ്പര്യമില്ലായ്മയാണ്. ഒരു വ്യവസ്ഥയിലും. നിങ്ങളിപ്പോ അഭിനയിക്കാന്‍ പറഞ്ഞതും. I dont like. '

അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
'അവാര്‍ഡ്... ആഗ്രഹങ്ങളുണ്ടായിരുന്നു. കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. കിട്ടിയതില്‍ വളരെ സന്തോഷം.'

അവാര്‍ഡിന് മുമ്പുള്ള പിരിമുറക്കം അതെങ്ങനെയായിരുന്നു? മറുപടി ചിരി മാത്രം
എല്ലാ ആള്‍ക്കാരും ടിവിക്ക് മുന്നിലായിരുന്നു. നാട്ടുകാര്‍ മുഴുവന്‍ പ്രാര്‍ഥിക്കുകയായിരുന്നു?

'ഞാന്‍ അതിലോട്ട് വരുകയാണ്. എനിക്ക് തോന്നുന്നത് ഈ ഇയര്‍ തുടങ്ങുന്നത് മുതല്‍ തന്നെ ഇതിനെ ചൊല്ലി വലിയ ഫൈറ്റ് നടന്നിരുന്നു. സിനിമ ഗംഗ വിനായകന്‍... അവാര്‍ഡുകള്‍ കിട്ടുന്നില്ല.. ഫേസ്ബുക്ക്... അവാര്‍ഡ് കിട്ടുന്നു പുതിയ പേരുകള്‍ അവാര്‍ഡിന്... ഇത് നടന്ന് നടന്ന് അതിന്റെ വലിയൊരു ഉത്തരം വന്നിരിക്കുകയാണ്. അത് ജനത്തിന് എല്ലാവരും ഇഷ്ടപ്പെട്ട, എന്റെ കൂടെനിന്ന, എല്ലാ ജനത്തിനും ഇഷ്ടപ്പെട്ട, അതിഭീകരമായിട്ടുള്ള, അതിഗംഭീരമായിട്ടുള്ള, അതിമനോഹരമായിട്ടുള്ള ഒരു ഉത്തരമാണ് ഇന്ന് കിട്ടിയിരിക്കുന്നത്'

ഒടുവില്‍ അമ്മയെക്കൊണ്ട് മധുരം കൊടുക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ത്തു. അമ്മയുടെ സന്തോഷത്തിന് മധുരം കഴിച്ചൂടെ എന്ന് ചോദ്യം. അമ്മ വെറുതേ ഇരിക്കുമ്പൊ മധുരം തരുന്നതാണെന്ന് വിനായകന്റെ ഉത്തരം. 'എങ്ങനെയാണ് സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്നത്. അച്ഛന്‍ ചത്തെന്ന് പറഞ്ഞ് സിനിമയിലഭിനയിക്കുന്നു, ജീവിതത്തിലും അഭിനയിക്കുന്നതെങ്ങനെയാണ്. എനിക്കത് താത്പര്യമില്ല. അതല്ലേ. ഞാന്‍ ആദ്യം തന്നെ പറഞ്ഞില്ലേ. എന്നോട് അഭിനയിക്കാന്‍ പറയല്ലേ. എനിക്കങ്ങനെ പരിചയമില്ല. ഞാന്‍ എത്രപ്രാവശ്യം പറഞ്ഞു. ഒരു സിനിമ കൊണ്ടുവാ കുറച്ച് കാശ് താ ഞാന്‍ അഭിനയിക്കാം. കഴിഞ്ഞാ... അപ്പം സന്തോഷം' വിനായകന്‍ പറഞ്ഞു നിര്‍ത്തി.

Writer - Subin

contributor

Editor - Subin

contributor

Similar News