ലിപ്‍സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന്
ഹോളിവുഡ് ഫോറിന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നാണ് ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന് തിരഞ്ഞെടുത്തത്
സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനനുമതി നിഷേധിച്ച ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന് യോഗ്യത നേടി. ഹോളിവുഡ് ഫോറിന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നാണ് ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന് തിരഞ്ഞെടുത്തത്. പുതിയ നേട്ടത്തോടെ സിനിമക്ക് പ്രദര്‍ശനാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാവ് പ്രകാശ് ഝാ.
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചല്‍സിന്റെ ഡയറക്ടര്‍ ക്രസ്റ്റീന മറോഡയാണ് ചിത്രം ഗോള്‍ഡന്‍ ഗ്ലോബിലേക്ക് തിരഞ്ഞെടുത്തു എന്ന പ്രഖ്യാപനം നടത്തിയത്. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നും ഒരു പ്രത്യേക മതവിഭാഗത്തെ ആധിക്ഷേപിക്കുന്നുവെന്നും വിലയിരുത്തിയാണ് സെന്‍സര്‍ ബോര്‍ഡ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍കക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ചിത്രം ബഹിഷ്‌കരിക്കുമെന്ന് ഓള്‍ ഇന്ത്യ മുസ്‍ലിം തെഹ്വാര്‍ കമ്മിറ്റി എന്ന സംഘടന ആഹ്വാനം ചെയ്തിരുന്നു. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ചിത്രം മുസ്‍ലിം സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നുവെന്നാണ് സംഘടനയുടെ ആരോപണം. ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന നാല് സ്ത്രീകളുടെ കഥയാണ് 'ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ' പറയുന്നത്. കൊങ്കണ സെന്‍ ശര്‍മ, രത്‌ന പതക്, സുശാന്ത് സിങ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത്.