ഗുജറാത്തില്‍ പദ്മാവതിക്ക് നിരോധം

Update: 2018-05-26 10:13 GMT
Editor : Alwyn K Jose
ഗുജറാത്തില്‍ പദ്മാവതിക്ക് നിരോധം

സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പദ്‍മാവതിക്ക് ഗുജറാത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച് മുഖ്യമന്ത്രി വിജയ് രൂപാനി.

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്‍മാവതിക്ക് ഗുജറാത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച് മുഖ്യമന്ത്രി വിജയ് രൂപാനി. സംസ്ഥാനത്ത് പദ്‍മാവതിക്ക് നിരോധം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ് വിവാദ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പദ്‍മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Advertising
Advertising

ക്ഷത്രിയ, രജപുത്ര വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന പലതും ചിത്രത്തിലുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാന്‍ അനുവദിക്കില്ല. ഒരു വിവാദത്തിനും സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ല. സമുദായ വികാരങ്ങളെ മാനിക്കുന്നവരാണ് ഗുജറാത്ത് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ക്രമസാമാധാന പാലനം സര്‍ക്കാരിന്റെ ബാധ്യതയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അവസാനിക്കും വരെ മാത്രമല്ല, വിവാദങ്ങള്‍ അടങ്ങും വരെ ചിത്രത്തിന് അനുമതി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരോധിക്കുന്നതിന് മുമ്പ് വിവാദങ്ങളുടെ നിജസ്ഥിതി അറിയാന്‍ ചിത്രം കണ്ടിരുന്നോയെന്ന ചോദ്യത്തിന്, അതിന്റെ ആവശ്യമില്ലെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിനിമയ്ക്കെതിരെ വേദനയും രോഷവും പ്രകടിപ്പിച്ച പലരെയും താൻ കണ്ടിരുന്നുവെന്നും, അവരുടെ വികാരങ്ങളെ ചിത്രം വ്രണപ്പെടുത്തിയിട്ടുണ്ടെന്നു മനസിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ കാഴ്ചപ്പാടുകളെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും രൂപാനി പറഞ്ഞു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News