താരാരാധന ആകാം, പക്ഷേ അമിതമായാല്‍ ആപത്താകും: മഞ്ജു വാര്യര്‍

Update: 2018-05-26 09:18 GMT
Editor : Jaisy
താരാരാധന ആകാം, പക്ഷേ അമിതമായാല്‍ ആപത്താകും: മഞ്ജു വാര്യര്‍

ഒരാളെ റോള്‍ മോഡല്‍ ആക്കുന്നതോ, അല്ലെങ്കില്‍ ആ വ്യക്തിയില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതോ ഒരിക്കലും തെറ്റല്ല

ഏതെങ്കിലും ഒരു താരത്തോട് ആരാധന ഉണ്ടാകുന്നത് സ്വഭാവികമാണെന്നും എന്നാല്‍ ആരാധന അധികമായാല്‍ ആപത്താണെന്നും പ്രശസ്ത നടി മഞ്ജു വാര്യര്‍. ജീവിതത്തില്‍ എന്തിനോടായാലും ആരാധന അമിതമാകുന്നത് നല്ലതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

ഒരാളെ റോള്‍ മോഡല്‍ ആക്കുന്നതോ, അല്ലെങ്കില്‍ ആ വ്യക്തിയില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതോ ഒരിക്കലും തെറ്റല്ല. എന്നാല്‍ നടന്‍മാര്‍ക്ക് വേണ്ടി ആരാധകര്‍ തമ്മില്‍ത്തല്ലുന്നതിനോട് യോജിപ്പിപ്പില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ മമ്മൂക്കയും ലാലേട്ടനും അടുത്ത സുഹൃത്തുക്കളാണ്. ആരാധകരും അങ്ങിനെ തന്നെയാവണം. സിനിമ എന്നത് കൂട്ടായ സംരഭമാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

മോഹന്‍ലാല്‍ എന്ന സിനിമയില്‍ ലാലേട്ടന്റെ ആരാധികയായിട്ടാണ് ഞാന്‍ വേഷമിടുന്നത്. അതേസമയം ഒടിയനില്‍ ലാലേട്ടന്റെ കൂടെയും അഭിനയിക്കുന്നു. രണ്ടും എന്നെ ആവേശത്തിലാഴ്ത്തുന്നുണ്ട്. ലാലേട്ടന്റെ സമ്മതത്തോടെയാണ് മോഹന്‍ലാല്‍ എന്ന സിനിമയെടുത്തത്. സംവിധായകന്‍ സാജിദ് യാഹിയ ഉള്‍പ്പെടുന്ന ഒരു ടീമിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. 108ഓളം കലാകാരന്‍മാര്‍ ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഞാന്‍ മമ്മൂക്കയുടെയും ലാലേട്ടന്റെയും ആരാധികയാണ്. ഡിപ്ലോമാറ്റിക് ആയി പറയുകയല്ല. ഒരു നടന്‍ എന്ന നിലയില്‍ ഇരുവരും ഓരോ സിനിമയ്ക്ക് വേണ്ടിയും എടുക്കുന്ന പ്രയത്നത്തെക്കുറിച്ച് എനിക്കറിയാം. രണ്ട് പേരേയും ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. കാരണം അതിനും അപ്പുറത്താണ് അവര്‍. ശരിക്കും മലയാള സിനിമയുടെ നെടുംതൂണുകളാണ് മമ്മൂക്കയും ലാലേട്ടനും.

ഞാന്‍ ശരിക്കും സംവിധായകന്റെ നടിയാണ്. എന്റെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിലെ പ്രണയകാലത്ത് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കമല്‍ സാര്‍. എന്റെ ഇമേജിനെക്കുറിച്ച് എന്നെക്കാള്‍ കൂടുതല്‍ ബോധവാനാണ് കമല്‍ സാര്‍. ആമിക്ക് വേണ്ടി അദ്ദേഹം രണ്ട് വര്‍ഷത്തോളം വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. മലയാളത്തില്‍ നിരവധി നല്ല ചിത്രങ്ങള്‍ വരുന്നുണ്ട്. എല്ലാ കാലത്തും ഇത്തരത്തിലുള്ള മാറ്റം കാണാറുണ്ട്. അത് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും മഞ്ജു പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News