‘മലയാള സിനിമയിൽ ആദ്യമായി സിനിമയുടെ അണിയറയില്‍  മുഴുവന്‍ സ്ത്രീകൾ’; വനിതാ ദിനത്തില്‍ ‘വയലറ്റ്സ്’ പ്രഖ്യാപിച്ച് മുക്ത ദീദി ചന്ദ് 

Update: 2019-03-08 16:28 GMT

മലയാള സിനിമയിൽ ആദ്യമായി മുഴുവൻ അണിയറ വിഭാഗങ്ങളും സ്ത്രീകൾ മാത്രം കൈകാര്യം ചെയ്യുന്ന വയലറ്റ്സ് എന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അന്താരാഷ്ട്ര വനിതാ ദിനത്തിൽ എഴുത്തുകാരി കെ.ആർ. മീര നിർവ്വഹിച്ചു. ഫേസ്ബുക്കിലൂടെയാണ് സിനിമയുടെ പ്രഖ്യാപനം കെ.ആര്‍ മീര നിര്‍വ്വഹിച്ചത്. പാപ്പാത്തി മൂവ്മെന്റ്സിന് വേണ്ടി ഫുൾമാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി നിർമ്മിക്കുന്ന ചിത്രം മുക്ത ദീദി ചന്ദ് സംവിധാനം നിർവ്വഹിക്കും. ഒരിടവേളക്ക് ശേഷം സീമ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രത്തില്‍ സജിത മഠത്തിൽ, പ്രിയങ്ക, സരസ ബാലുശ്ശേരി, അർച്ചന പത്മിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാമു, കൈലാഷ്, രഞ്ജിപണിക്കർ എന്നിവരും ചിത്രത്തിൽ വേഷമണിയുന്നുണ്ട്. സംവിധായകൻ ഹരിഹരൻ ആദ്യമായി ഒരു പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും വയലറ്റ്സിനുണ്ട്.

Advertising
Advertising

Full View

ബീനാപോൾ എഡിറ്റിങ്ങും ഫൗസിയ ഫാത്തിമ ഛായാഗ്രഹണവും, ദീദി ദാമോദരൻ രചനയും നിർവ്വഹിക്കുന്ന സിനിമക്ക് എ.ആർ. റഹ്മാന്റെ സഹോദരി ഫാത്തിമ റഫീഖ് ശേഖർ പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കും. ഫാത്തിമ റഫീഖ് ശേഖർ മലയാളത്തിൽ ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് വയലറ്റ്സ്. പ്രശസ്ത നർത്തകി മല്ലിക സാരാഭായിയാണ് നൃത്ത സംവിധാനം. സംഗീത സംവിധാനം ദ്രുത പെൺ ബാന്റിന് നേതൃത്വം നൽകുന്ന ശിവപാർവ്വതി രവികുമാര്‍. ഗാനരചന കവിയത്രി വി.എം. ഗിരിജ, കലാസംവിധാനം ദുണ്ടു, വസ്ത്രാലങ്കാരം ഡെബലീന ബേറ, മേയ്ക്കപ്പ് അഞ്ജലി നായർ.

Full View

മുക്തയുടെ ആദ്യ മുഴുനീള സിനിമാ സംരംഭമാണ് വയലറ്റ്സ്. കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹധർമ്മിണിയെക്കുറിച്ച് ചെയ്ത സുനന്ദ, കോഴിക്കോട്ടെ വിജിയുടെ നേതൃത്വത്തിൽ നടന്ന ഇരിപ്പ് സമരത്തെക്കുറിച്ചെടുത്ത റൈസ് എന്നീ ഡോക്യുമെന്ററി തുടങ്ങി നിരവധി ഹൃസ്വചിത്രങ്ങളുടെ സംവിധായികയാണ് മുക്ത. സുനന്ദ ഡോക്യൂമെന്ററി നേരത്തെ കൊൽക്കത്ത സൗത്ത് ഏഷ്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോൺ എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയാണ് മുക്ത.

Tags:    

Similar News