'പുണ്യാളൻ ചെയ്യുമ്പോൾ ഇല്ലാത്ത പ്രശ്‌നങ്ങളാണ് ഇപ്പോൾ'; ഈശോ വിവാദത്തിൽ ജയസൂര്യ

"സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കോടതിയിൽ വരെ പോകാം"

Update: 2021-08-09 05:59 GMT
Editor : abs | By : abs
Advertising

കൊച്ചി: നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ഈശോ എന്നത് സിനിമയുടെയും തന്റെ കഥാപാത്രത്തിന്റെയും പേരാണെന്ന്  ജയസൂര്യ പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

താൻ തന്നെ ഇതിന് മുമ്പ് 'പുണ്യാളൻ' എന്ന സിനിമ ചെയ്തിട്ടുണ്ട്. അതിന് രണ്ട് ഭാഗങ്ങളും ഉണ്ടായിരുന്നു. അന്നൊന്നും ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ആരെയും വേദനിപ്പിക്കുന്നതിന് വേണ്ടിയല്ല നമ്മൾ സിനിമ ചെയ്യുന്നത്. ഈശോ എന്ന സിനിമ മുന്നോട്ടുവെയ്ക്കുന്ന ഒരു സന്ദേശമുണ്ട്. ഇത് കണ്ടുകഴിയുമ്പോൾ തെറ്റിദ്ധരിക്കപ്പെട്ടവർ പോലും സന്ദേശത്തെക്കുറിച്ച് ബോധവാന്മാരാകും- ജയസൂര്യ പറഞ്ഞു.

''പേരിൽ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് 'ഈശോ നോട്ട് ഫ്രം ബൈബിൾ' എന്ന് കൊടുത്തതു പോലും. എന്നാൽ അതിനെയും തെറ്റിദ്ധരിച്ചതിൽ ഒന്നും പറയാനില്ല. സിനിമയുടെ പേരും മറ്റും സംബന്ധിച്ച വിഷയങ്ങളിൽ പുറത്തുനിന്നും നിയന്ത്രണങ്ങൾ വരുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. സിനിമയ്ക്ക് 'ഈശോ' എന്ന് പേരിട്ടതുകൊണ്ട് അത് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങൾ നേരിടേണ്ടി വരുന്നതിൽ ഏറെ വിഷമമുണ്ട്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കോടതിയിൽ വരെ പോകാം. അതിന് ഞങ്ങളും നിങ്ങൾക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാർക്ക് ചെയ്യാൻ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണ്- ജയസൂര്യ കൂട്ടിച്ചേർത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News