'ആ സമയത്താണ് ലാലേട്ടന്‍ വന്ന് ഒരു വല്യേട്ടനെ പോലെ കൂടെ നിന്നത്'; നന്ദി പറഞ്ഞ് റഹ്‌മാന്‍

എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ

Update: 2021-12-16 02:17 GMT
Editor : Jaisy Thomas | By : Web Desk

നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലിന്‍റെ അനുജനായി വേഷമിട്ട താരമാണ് റഹ്മാന്‍. മോഹന്‍ലാല്‍-റഹ്മാന്‍ കോമ്പിനേഷനിലുള്ള ചിത്രങ്ങള്‍ അക്കാലത്തെ ഹിറ്റുകളായിരുന്നു. ഇപ്പോള്‍ തന്‍റെ മകളുടെ കല്യാണത്തില്‍ ഒരു കുടുംബാംഗത്തെ പോലെ പങ്കെടുത്ത മോഹന്‍ലാലിനും സുചിത്രക്കും നന്ദി പറയുകയാണ് റഹ്മാന്‍. ഡിസംബര്‍ 11ന് ചെന്നൈയിലെ ഹോട്ടല്‍ ലീല പാലസില്‍ വച്ചായിരുന്നു റഹ്‌മാന്‍റെ മകള്‍ റുഷ്ദയുടെ വിവാഹം.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ആരോഗ്യമന്ത്രി മാ. സുബ്രഹ്‌മണ്യം, മോഹന്‍ലാല്‍ ഉള്‍പ്പടെ രാഷ്ട്രീയ-കലാ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Advertising
Advertising



റഹ്മാന്‍റെ കുറിപ്പ് വായിക്കാം

എന്‍റെ പ്രിയപ്പെട്ട ലാലേട്ടന്... ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം. ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്‍റെ ഭീതി മുതൽ ഒരുപാട്...

ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘർഷങ്ങൾ വരെ... കൂടെനിന്നു ധൈര്യം പകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം... അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും ... എന്‍റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് .... ആർ.ടി.പി.സി.ആർ പരിശോധന നടത്തി... ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്നേഹം തൊട്ട് എന്‍റെ മനസിനെ ശാന്തമാക്കി...

പ്രിയപ്പെട്ട ലാലേട്ടാ... സുചി... നിങ്ങളുടെ സാന്നിധ്യം പകർന്ന ആഹ്ലാദം വിലമതിക്കാനാവാത്തതാണ് ഞങ്ങൾക്കെന്ന് പറയാതിരിക്കാനാവില്ല. ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക? സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല. പക്ഷേ... ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല. നന്ദി...ഒരായിരം നന്ദി...സ്നേഹത്തോടെ, റഹ്മാൻ, മെഹ്റുന്നിസ

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News