ബോളിവുഡ് ചിത്രങ്ങളെ പാന്‍ ഇന്ത്യന്‍ ചിത്രമെന്ന് പറയാറില്ലല്ലോ പിന്നെ എന്തിനാണ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കുന്നത് : സിദ്ധാര്‍ത്ഥ്

സിദ്ധാര്‍ത്ഥ് അഭിനയിക്കുന്ന പുതിയ വെബ്ബ് സീരിസായ എസ്‌കേയ്പ് ലൈവിന്റെ (Escaype Live) റിലീസിനോട് അനുബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം

Update: 2022-05-03 10:21 GMT
Advertising

ചെന്നൈ: ഹിന്ദി ഇതര ഭാഷയില്‍ ഉള്ള സിനിമകളെ പാന്‍ ഇന്ത്യന്‍ ചിത്രമെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്. ഹിന്ദി ഇതര സിനിമകളെ വേര്‍തിരിച്ച് കാണുന്നതിനാണ് പാന്‍ ഇന്ത്യന്‍ സിനിമകള്‍ എന്ന പ്രയോഗമെന്നും എന്തുകൊണ്ടാണ് സൗത്ത് ഇന്ത്യന്‍ സിനിമകളെ മാത്രം പാന്‍ ഇന്ത്യന്‍ ചിത്രമെന്ന് പറയുന്നതെന്നും സിദ്ധാര്‍ത്ഥ് ചോദിച്ചു.

സിദ്ധാര്‍ത്ഥ് അഭിനയിക്കുന്ന പുതിയ വെബ്ബ് സീരിസായ എസ്‌കേയ്പ് ലൈവിന്റെ (Escaype Live) റിലീസിനോട് അനുബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പാന്‍ ഇന്ത്യ എന്ന വാക്കുകളൊക്കെ ആളുകള്‍ ഉപയോഗിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇവിടെ എത്രയോ കാലങ്ങളായി നിലനില്‍ക്കുന്ന ഒരു കാര്യത്തെ സൂചിപ്പിക്കുന്ന പുതിയ വാക്ക് മാത്രമാണിതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

എല്ലാ സിനിമകളും ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതായതിനാല്‍ 'പാന്‍ ഇന്ത്യന്‍ ചിത്രം' എന്ന പ്രയോഗം തന്നെ ഒഴിവാക്കണം. കാലങ്ങളായി സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ ഭാഷകള്‍ മറികടന്ന് വിജയങ്ങളാകുമ്പോള്‍ പാന്‍ ഇന്ത്യ ചിത്രം എന്ന ടാഗിന് യാതൊരു പ്രാധാന്യവുമില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

ഹിന്ദി ഇതര സിനിമകളെ വേര്‍തിരിച്ച് കാണുന്നതിനാണ് പാന്‍ ഇന്ത്യന്‍ സിനിമകള്‍ എന്ന പ്രയോഗം. ഞങ്ങളാണ് പ്രധാനികള്‍, മറ്റെല്ലാവരും പുറമെ നിന്നുള്ളവരാണ്', എന്നാണ് ഇതിനര്‍ത്ഥം. ഒരിക്കലും ഒരു ബോളിവുഡ് ചിത്രത്തെ നിങ്ങള്‍ പാന്‍ ഇന്ത്യന്‍ സിനിമ എന്ന് വിശേഷിപ്പിക്കില്ല. ബോളിവുഡ് എന്ന് മാത്രമേ പറയൂ. പിന്നെ എന്തുകൊണ്ടാണ് സൗത്ത് ഇന്ത്യന്‍ സിനിമകളെ മാത്രം പാന്‍ ഇന്ത്യന്‍ ചിത്രമെന്ന് പറയുന്നത്? അത് തെലുങ്ക് സിനിമയോ കന്നഡ സിനിമയോ ആണ്. എന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

ഇന്ത്യന്‍ സിനിമകള്‍ എന്ന് മാത്രമാണ് വിശേഷിപ്പിക്കേണ്ടത്. പാന്‍ എന്ന വാക്ക് വേണ്ട. ബോളിവുഡും ഹിന്ദി മാധ്യമങ്ങളും എന്നെ 'സൗത്ത് ആക്ടര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. എന്താണ് അതിനര്‍ത്ഥം? ഞാന്‍ ഒരു ഇന്ത്യന്‍ ആക്ടറാണ്. കഴിഞ്ഞ 20 വര്‍ഷമായി ഞാനിത് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്, ഹിന്ദി, മലയാളം, തെലുങ്കു തുടങ്ങി നിരവധി ഭാഷകളില്‍ സിദ്ധാര്‍ത്ഥ് അഭിനയിക്കുന്നുണ്ട്. ഇതിന് പുറമെ ഇംഗ്ലീഷില്‍ ഒരു സിനിമയും സിദ്ധാര്‍ത്ഥ് അഭിനയിച്ചിരുന്നു. താരം അഭിനയിക്കുന്ന മൂന്നാമത്തെ വെബ് സീരിസാണ് എസ്‌കേയ്പ് ലൈവിന്റെ (Escaype Live). സീരിസ് ഡിസ്‌നി ഹോട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്.

Tags:    

Writer - Aswin Raj

contributor

Editor - അശ്വിന്‍ രാജ്

Media Person

Contributor - Web Desk

contributor

Similar News