'ഒരു നടനെയും ഇവിടെ ആവശ്യമില്ല, കണ്ടന്റാണ് പ്രധാനം, അമിത പ്രതിഫലം വാങ്ങുന്നവർ ഇനി വീട്ടിലിരിക്കും'- സുരേഷ് കുമാർ

നാദിർഷയുടെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ

Update: 2023-04-25 16:04 GMT
Editor : abs | By : Web Desk

മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. തിയറ്ററിൽ ആളത്തെത്താത് മൂലം മികച്ച അഭിപ്രായം നേടുന്ന സിനിമകൾ പോലും ദിവസങ്ങൾക്കുള്ളിൽ തിയറ്റർ വിടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങൾ നേരിടുന്നതെന്ന് നിർമാതാക്കൾ തുറന്നു പറയുന്നു. ഇപ്പോഴിതാ അമിത പ്രതിഫലം വാങ്ങുന്നവരെ സിനിമയിൽ നിന്ന് ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നൽകി നിർമാതാവ് സുരേഷ് കുമാർ. ഇവിടെ നടൻമാർക്കല്ല പ്രധാന്യമെന്നും കണ്ടന്റിനാണെന്നും സുരേഷ് കുമാർ പറഞ്ഞു. ഇനി അമിത പ്രതഫലം ചോദിക്കുന്നവർ വീട്ടിലിരിക്കുമെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു. നാദിർഷയുടെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.

Advertising
Advertising

''സിനിമയുടെ ചെലവ് വല്ലാതെ കൂടിപ്പോകുന്നു. ചില താരങ്ങൾ ചോദിക്കുന്ന പ്രതിഫലം താങ്ങാവുന്നതിനെക്കാൾ അപ്പുറമാണ്. ചില താരങ്ങൾ, വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാൻ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമ. അത്തരക്കാരെ ഒഴിവാക്കിയുള്ള സിനിമകളായിരിക്കും ഇനി വരാൻ പോവുന്നത്. വലിയ തുക പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കിയുള്ള തീരുമാനമായിരിക്കും മലയാള സിനിമ എടുക്കാൻ പോവുന്നത്. ഇത്ര ബജറ്റിൽ കൂടുതൽ ചോദിക്കുന്നവരെ ഒഴിവാക്കുക എന്നാണ് തീരുമാനം.

ന്യായമായ പ്രതിഫലം വാങ്ങിക്കാം. അന്യായമായി ചോദിക്കരുത്. തിയേറ്ററിലെ വരുമാനം കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ തിയേറ്ററിൽ ആളില്ല. ഒരു ഷോ നടത്താൻ പതിനഞ്ച് പേരേ നോക്കിനിൽക്കുന്ന അവസ്ഥയാണ്. അത് എല്ലാവരും മനസ്സിലാക്കണം. നിർമാതാവ് മരം കുലുക്കിയോ നോട്ടടിച്ചോ അല്ല പണം കൊണ്ടുവരുന്നത്. അതും കൂടി മനസ്സിലാക്കണം. ഒരു നടനും സിനിമയിൽ ഒഴിച്ചുകൂടാത്ത ആളല്ല. കണ്ടന്റാണ് പ്രധാനം. അത് നല്ലതാണെങ്കിൽ സിനിമ ഓടും. അമിത പ്രതിഫലം വാങ്ങുന്നവർ ഇനി വീട്ടിലിരിക്കട്ടെ. അതൊരു മുന്നറിയിപ്പാണ്. നിർമാതാവിന്റെ കൂടെ നിൽക്കുന്ന സംവിധായകനും അഭിനേതാവും മാത്രം മതി,'' സുരേഷ് കുമാർ പറഞ്ഞു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News