'സോഷ്യൽ മീഡിയ വിട്ടതുകൊണ്ട് സമാധാനമുണ്ട്, കാര്യങ്ങൾ ശരിയായി വരുന്നുണ്ട്': ഐശ്വര്യ ലക്ഷ്മി

യൂട്യൂബിലെ ദി പൂജ തൽവാർ ഷോയിൽ സംസാരിക്കവെയാണ് താരത്തിന്റെ മറുപടി

Update: 2026-10-07 13:58 GMT

മായാനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. താരം സോഷ്യൽ മീഡിയ ഉപേക്ഷിച്ചിട്ട് ഒരു വർഷത്തിലധികമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിന്നും താരം വിട്ടുനിന്നതെല്ലാം ഇതിനോടകം തന്നെ ചർച്ചയായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയ ഉപേക്ഷിച്ചതിനു ശേഷം എങ്ങനെയുണ്ടെന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയും ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്. യൂട്യൂബിലെ ദി പൂജ തൽവാർ ഷോയിൽ സംസാരിക്കവെയാണ് താരം മറുപടി നൽകിയത്.

ഓൺലൈനിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്ന സമയത്തേക്കാൾ താൻ ഇപ്പോൾ ഏറെ സമാധാനത്തിലാണെന്നായിരുന്നു താരത്തിന്റെ മറുപടി. 'കാര്യങ്ങൾ ശരിയായി വരുന്നുണ്ട്. നിലവിലെ എന്റെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സമയത്തേക്കാൾ ഏറെ സമാധാനമുണ്ട് ഇന്ന്. ഞാൻ സോഷ്യൽ മീഡിയ വിടാൻ കാരണമായ കാര്യങ്ങൾ ഇപ്പോഴും ചെറിയ അളവിലെങ്കിലും നിലനിൽക്കുന്നുണ്ടെന്ന് എനിക്കറിയാം. എങ്കിലും ഞാൻ എപ്പോഴും അത് നോക്കിക്കൊണ്ടിരിക്കുന്നില്ല, അതുപോലെയുള്ള കാര്യങ്ങൾ കണ്ട് വിഷമിക്കേണ്ടി വരുന്നില്ല' -താരം പറയുന്നു.

Advertising
Advertising

തുടർന്ന് സോഷ്യൽ മീഡിയയുടെ നേട്ടങ്ങളെക്കുറിച്ചും താരം ഇന്റർവ്യൂവിൽ എടുത്തു പറഞ്ഞു. നിരവധി ക്രിയേറ്റർമാരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അധികാരം അവരുടെ കൈകളിലാണ്. ഇൻഡസ്ട്രി നിങ്ങളെ തിരഞ്ഞെടുത്തില്ല എന്ന് ഇപ്പോൾ നിങ്ങൾക്ക് പറയാനാകില്ല എന്ന് പറയുന്ന ഒരു ലേഖനം ഞാൻ അടുത്തിടെ വായിച്ചു. നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനോ അല്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുന്ന തരത്തിൽ സ്വയം വളർത്തിയെടുക്കുന്നതിനോ ഇപ്പോൾ നിങ്ങൾക്ക് മറ്റ് വഴികളുണ്ട്. കേരളത്തിൽ, അടുത്തിടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ വാഴ 2 അങ്ങനെയുണ്ടായ ചിത്രമാണെന്നും താരം പറയുന്നു.

ഈ വർഷം ഗട്ട ​ഗുസ്തി 2, ആഷ എന്നീ ചിത്രങ്ങളായിരുന്നു താരത്തിന്റേതായി പുറത്തിറങ്ങിയത്. വൻ താരനിര തന്നെ അണിനിരന്ന 'ലവ്' എന്ന സിരീസിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം ഇപ്പോൾ.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News