'അച്ഛൻ മോഹൻലാലിനൊപ്പം തുടര്‍ച്ചയായി സിനിമകൾ ചെയ്തതിന്‍റെ കാരണം ഇപ്പോൾ മനസിലായി'; അഖിൽ സത്യന്‍റെ വാക്കുകൾ പങ്കുവച്ച് അജു വര്‍ഗീസ്
രണ്ട് സുഹൃത്തുക്കൾ അവർക്കേറ്റവും നന്നായി അറിയുന്ന ജോലി അതൊരു ജോലിയെന്ന തോന്നല്ലേ ഇല്ലാതെ ആസ്വദിച്ചു ചെയ്തത് കൊണ്ട് ആണ് അവയെല്ലാം ഇന്നും നമ്മളെ രസിപ്പിക്കുന്നത്
തൃശൂര്‍: നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവം മായ. ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 നെത്തും. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിനെക്കുറിച്ച് അഖിൽ സത്യൻ പറഞ്ഞ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ അജു വർഗീസ്.
ഫേസ്ബുക്ക് പോസ്റ്റ്
അച്ഛന്‍റെ ആദ്യകാല മോഹൻലാൽ സിനിമകൾ ഒന്നിനുപിറകെ ഒന്നായി സംഭവിച്ചതിന്റെ കാരണം നിവിനോപ്പം സർവം മായ പൂർത്തിയാക്കിയപ്പോഴാണ് എനിക്ക് വ്യക്തമായി മനസ്സിലായത്. സന്മനസ്സുള്ളവർക്ക് സമാധാനവും, ഗാന്ധിനഗറും,നാടോടികാറ്റും, വരവേൽപ്പും എല്ലാം ഒരു സംവിധായകനും നടനും ചേർന്നുണ്ടാക്കിയത് മാത്രമായിരുന്നില്ല.രണ്ട് സുഹൃത്തുക്കൾ അവർക്കേറ്റവും നന്നായി അറിയുന്ന ജോലി അതൊരു ജോലിയെന്ന തോന്നല്ലേ ഇല്ലാതെ ആസ്വദിച്ചു ചെയ്തത് കൊണ്ട് ആണ് അവയെല്ലാം ഇന്നും നമ്മളെ രസിപ്പിക്കുന്നത്.
- അഖിൽ സത്യൻ
പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വം മായ. പ്രീതി മുകുന്ദൻ, അൽതാഫ് സലിം,ജനാര്‍ദനൻ, മധു വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.